സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവേദിയിൽ സമ്മാനമായി കിട്ടിയ കവറിലെ മിഠായിപ്പൊതി മുഖ്യമന്ത്രിയെ കാണിക്കുന്ന ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. മന്ത്രിമാരായ വി. ശിവൻകുട്ടി, ആൻറണി രാജു എന്നിവർ സമീപം
തിരുവനന്തപുരം: ഓണത്തിന് റേഷൻകടകളിലൂടെ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എല്ലാ ജില്ലതല ഉദ്ഘാടനങ്ങളും ഇതേസമയം നടന്നു. ചൊവ്വാഴ്ച മുതൽ റേഷൻകടകളിൽ നിന്ന് സൗജന്യ ഭക്ഷ്യക്കിറ്റ്, കാർഡ് ഉടമകൾക്ക് ലഭ്യമായിത്തുടങ്ങും. ഭഷ്യസാധനങ്ങളുടെ ഗുണനിലവാരവും തൂക്കവും ഉറപ്പുവരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ക്ഷേമസ്ഥാപനങ്ങളിലും ആദിവാസി ഊരുകളിലും ഭക്ഷ്യക്കിറ്റുകൾ വാതിൽപ്പടിയായി എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മിൽമ നെയ്യ്, കാപെക്സ് കശുവണ്ടിപ്പരിപ്പ്, റെയ്ഡ്കോ ഏലയ്ക്ക, കുടുംബശ്രീയുടെ ശർക്കര വരട്ടി തുടങ്ങി 13 ഇനങ്ങളാണ് കിറ്റിലുള്ളത്. ചടങ്ങിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ഓരോ ഇനം കാർഡുകൾക്കും കിറ്റ് വിതരണം ചെയ്യുന്ന ദിനങ്ങൾ നിശ്ചയിച്ചു. അവരവരുടെ റേഷൻകടകളിൽനിന്ന് മാത്രമേ ഈ ദിവസങ്ങളിൽ കിറ്റുകൾ കൈപ്പറ്റാൻ കഴിയൂ. കിറ്റ് വിതരണത്തിന്റെ അവസാന നാളുകളായ 4, 5, 6, 7 തീയതികളിൽ റേഷൻ കാർഡ് ഉടമകൾക്ക് ഇഷ്ടമുള്ള കടയിൽ നിന്ന് ഭക്ഷ്യക്കിറ്റ് കൈപ്പറ്റാമെന്ന് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. മറ്റ് ദിവസങ്ങളിൽ തിരക്ക് ഒഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. മഞ്ഞ കാർഡുടമകൾക്ക് ഒരുകിലോ പഞ്ചസാര 21 രൂപ നിരക്കിലും മുൻഗണനേതര കാർഡുടമകൾക്ക് 10 കിലോ അരി 10.90 രൂപ നിരക്കിലും ലഭിക്കും. കിറ്റ് വിതരണത്തിന്റെ ഭാഗമായി സെപ്റ്റംബർ നാലിന് റേഷൻകടകൾ തുറക്കും. പകരം 16ന് അവധിയായിരിക്കും.
ആഗസ്റ്റ് 23, 24 -മഞ്ഞ കാർഡ്
25, 26, 27- പിങ്ക് കാർഡ്
29, 30, 31- നീല കാർഡ്
സെപ്റ്റംബർ 1, 2, 3- വെള്ള കാർഡ്
4, 5, 6, 7- വാങ്ങാൻ കഴിയാത്തവർക്ക് (പോർട്ടബിൾ സംവിധാനത്തോടെ)
ഏഴിന് ശേഷം വിതരണമില്ല
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.