* കണ്ണൂർ വി.സി പുനർനിയമനം തനിക്ക് പറ്റിയ തെറ്റ്
ന്യുഡല്‍ഹി: സംസ്ഥാനത്തെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് വിഷയത്തിൽ വീണ്ടും സംസ്ഥാന സർക്കാറിനെതിരെ പോരിനിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പേഴ്‌സണല്‍ സ്റ്റാഫിന്‍റെ പെന്‍ഷന്‍ സംബന്ധിച്ച വിഷയം ദേശീയ തലത്തിൽ ഉയർത്തിക്കൊണ്ട് വരുമെന്നും ഇപ്പോൾ മാധ്യമങ്ങൾക്ക് മുമ്പിൽ വിശദീകരിക്കാനില്ലെന്നും ഡൽഹിയിലുള്ള ഗവർണർ വ്യക്തമാക്കി.
കൊടും തണുപ്പിൽ ജോലി ചെയ്യുന്ന സൈനികന് പോലും പെൻഷൻ ലഭിക്കാൻ 10 വർഷത്തെ സർവീസ് വേണം. പാർട്ടി പ്രവർത്തകർക്ക് ആജീവനാന്ത പെൻഷൻ ലഭിക്കുന്നു. ഇത് നിർത്താൻ തനിക്ക് ഉത്തരവ് ഇടാൻ കഴിയില്ല. എങ്കിലും ഇത് ദേശീയ തലത്തിൽ വലിയ പ്രശ്നമെന്ന നിലയിൽ താൻ ചർച്ചയാക്കും. ഇതിന് അവസാനം കാണുക എന്നതാണ് തന്‍റെ പരമ പ്രധാന ലക്ഷ്യം. പേഴ്സണൽ സ്റ്റാഫുകൾ ആണ് മന്ത്രിയുടെ ഓഫീസ് നിയന്ത്രിക്കുന്നത്. നിയമനം സംബന്ധിച്ച് സുഹൃത്തുക്കൾ ആയ അഭിഭാഷകരിൽ നിന്ന് നിയമോപദേശം തേടിയിട്ടുണ്ട്. ഒരു നിയമ ഉപദേശത്തിന് 45 ലക്ഷം താൻ നൽകില്ലെന്നും സർക്കാറിനെ പരിഹസിച്ചുകൊണ്ട് ഗവർണർ പറഞ്ഞു.
കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം നിയമപരമായിരുന്നില്ലെന്നും തനിക്ക് പറ്റിയ തെറ്റായിരുന്നുവെന്നും ഗവർണർ പ്രതികരിച്ചു. പ്രിയ വര്‍ഗീസിന്‍റെ നിയമനത്തിനെതിരായ ഹൈകോടതി വിധി തന്നെ ഒട്ടും തന്നെ അത്ഭുതപ്പെടുത്തിയില്ല. കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഹൈകോടതിയിൽ നിന്ന് ഇത്തരം വിധികൾ ഉണ്ടായി. നിയമനം മുഖ്യമന്ത്രി അറിയാതെ ആണെന്ന് എങ്ങനെ കരുതും. അടുത്ത ബന്ധുക്കൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉള്ളപ്പോൾ നിഷേധിക്കാൻ കഴിയുമോ എന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് ഡൽഹി കേരള ഹൗസിൽ മാധ്യമങ്ങളെ കണ്ട ഗവര്‍ണര്‍ വിശദീകരിച്ചു.
എസ്.എഫ്.ഐക്കാർ പഠിച്ചതേ പാടൂ എന്നായിരുന്നു തിരുവനന്തപുരം സംസ്കൃത കോളജിലെ ബാനർ സംബന്ധിച്ച ഗവര്‍ണറുടെ മറുപടി. ഗവർണർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ നിന്നും ഒട്ടും വിഭിന്നമല്ല എസ്.എഫ്.ഐ പറഞ്ഞത്. നിരവധി മന്ത്രിമാർ തനിക്ക് എതിരെ പറയുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്ക് എതിരേ നടപടിയെടുക്കരുതെന്ന് താൻനിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാൻപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.