നാല് വയസുകാരിക്ക് മുത്തശ്ശിയുടെ മർദനം; പൊലീസ് കേസെടുത്തു

വർക്കല: നാല് വയസുള്ള പെൺകുട്ടിക്ക് മുത്തശ്ശിയുടെ മർദനം. സംഭവം സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെ പൊലീസ് നടപടിയെടുത്തു. കുട്ടിയുടെ പിതാവും മർദിക്കാറുണ്ടെന്ന് അയൽക്കാരിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്ന് പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വർക്കല, വെട്ടൂർ പഞ്ചായത്തിലെ വലയന്റെകുഴി പ്രദേശത്ത് തിങ്കളാഴ്ചയാണ് സംഭവം. പതിവായി അംഗൻവാടിയിൽ പോകാൻ മടികാണിച്ച കുട്ടിയെ രണ്ടാഴ്ച മുന്നേയാണ് അടുത്തുള്ള പ്ലേ സ്കൂളിൽ ചേർത്തത്. കുട്ടി സ്കൂളിൽ പോകാൻ മടി കാണിക്കുന്നതിനേ തുടർന്ന് മുത്തശ്ശി നിരന്തരമായി മർദിക്കാറുണ്ട് എന്ന് നാട്ടുകാർ പറയുന്നു. തിങ്കളാഴ്ച രാവിലെ മുത്തശ്ശി കുഞ്ഞിനെ കമ്പ് കൊണ്ട് പൊതിരെ തല്ലി. തലങ്ങും വിലങ്ങും അടിയേറ്റ കുഞ്ഞിന്റെ നിലവിളിയും കരച്ചിലും കേട്ടാണ് അയൽവാസി വീഡിയോ ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെ കുഞ്ഞിന്റെ അച്ഛനും കുട്ടിയെ ക്രൂരമായി മർദിച്ചുവെന്നും അയൽവാസികൾ പറയുന്നു. നാലു വയസു മാത്രമുള്ള കുഞ്ഞ് ക്രൂരമായി മർദ്ധനത്തിനിരയാകുന്നത് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വീഡിയോയിലുണ്ട്. ഇതിനെ തുടർന്ന് പൊതുപ്രവർത്തകനായ അനിൽ ചെറുന്നിയൂർ വർക്കല പൊലീസിലും വർക്കല ബ്ലോക്ക് പഞ്ചായത്തിന് കിഴിലുള്ള വനിതാ ശിശു ക്ഷേമ  വകുപ്പ് ഓഫീസർക്കും വീഡിയോ ഉൾപ്പെടെ രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ സ്ഥലം വാർഡ് മെമ്പർ സുനിൽ, പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ അൻസീറ, അംഗൻവാടി ടീച്ചർ എന്നിവർ കുട്ടിയുടെ വീട്ടിലെത്തുകയും തുടർന്ന് അയൽവാസികളോടെ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്തു.

പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന്  സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ മാതാവ് ക്രൂരമായി തല്ലുന്നതാണ് വീഡിയോയിൽ ഉള്ളത്. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുള്ള പ്രതികരണവും നാട്ടുകാരിൽ നിന്നും സോഷ്യൽ മീഡിയയിൽ നിന്നും ഉയരുന്നുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കുട്ടിയുടെ അമ്മയും ബന്ധു വീട്ടിലേക്ക്  മാറിയെന്നാണ് ലഭിക്കുന്ന വിവരം.

Tags:    
News Summary - Four-year-old girl beaten by grandmother; Police registered a case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.