ദിലീപിനെ പിന്തുണച്ച് മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ; 'കേസിൽ നടന് പങ്കുണ്ടെന്ന് കരുതുന്നില്ല, അന്വേഷണ സംഘം വ്യാജ തെളിവുണ്ടാക്കി'

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടൻ ദിലീപിനെ പിന്തുണച്ച് മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ. കേസിൽ ദിലീപിന് പങ്കുണ്ടെന്ന് താൻ കരുതുന്നില്ലെന്നും, നടനെതിരെ അന്വേഷണ സംഘം വ്യാജ തെളിവുണ്ടാക്കിയെന്നും ശ്രീലേഖ പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ആർ. ശ്രീലേഖയുടെ പ്രതികരണം.

പൾസർ സുനിക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രം വ്യാജമാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തതാണ്. അക്കാര്യം പൊലീസുകാർ തന്നെ സമ്മതിച്ചതാണെന്നും തെളിവിന് വേണ്ടിയുണ്ടാക്കിയതാണെന്നാണ് പറഞ്ഞതെന്നും ശ്രീലേഖ പറയുന്നു.

'ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ പറയുന്നു.

കേസിലെ ആറ് പ്രതികൾ നേരത്തെ ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. ഇത്രയധികം ആളുകൾ ശിക്ഷിക്കപ്പെടാതെ പുറത്ത് ജീവിക്കുന്നു എന്നത് ശരിയല്ല. അഞ്ച് വർഷമായി വിചാരണത്തടവുകാരനായ പൾസർ സുനിക്ക് ശിക്ഷയിൽ ഇളവ് ലഭിച്ചാൽ എന്ത് ചെയ്യും? ഏതായാലും ഒരു കുറ്റകൃത്യം നടന്നിട്ടുണ്ട്. അതിന് അവർ ശിക്ഷിക്കപ്പെടേണ്ടേ? അതിന് പകരം, മറ്റൊരു വ്യക്തിക്കും കേസിൽ പങ്കുണ്ടെന്ന് പറഞ്ഞ് അയാളെ കേസിലേക്ക് വലിച്ചിഴയ്ക്കാനും അതിൽ കുടുക്കാനും തെളിവുകൾ നിരത്താനും ശ്രമിക്കുമ്പോൾ പൊലീസ് അപഹാസ്യരാവുകയാണ് -ശ്രീലേഖ പറഞ്ഞു

നടൻ ദിലീപ് അദ്ദേഹത്തിനെതിരെ എടുത്ത കേസിൽ നിരപരാധിയാണെന്ന് ഞാൻ എന്ത് കൊണ്ട് വിശ്വസിക്കുന്നു എന്ന് എന്റെ അറിവിന്റെ അടിസ്ഥാനത്തിൽ വിശദീകരിക്കുന്നു എന്ന കുറിപ്പോടെയാണ് വിഡിയോ പ്രസിദ്ധീകരിച്ചത്. 

എന്നും അതിജീവിതക്കൊപ്പം; ശ്രീലേഖയുടെ പ്രതികരണം പൊതുസമൂഹം വിലയിരുത്തട്ടെ -ഉമ തോമസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡി.ജി.പി ശ്രീലേഖയുടെ പ്രതികരണം പൊതു സമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് എം.എൽ.എ. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ല. താൻ എന്നും അതിജീവിതയ്ക്കൊപ്പമാണെന്നും ഉമാ തോമസ് തോമസ് പറഞ്ഞു.

പത്രത്തിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണത്തെക്കുറിച്ച് അറിഞ്ഞത്. യുട്യൂബ് ചാനല്‍ ഇതുവരെ കണ്ടിട്ടില്ല. കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസില്‍ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന ഒരാള്‍ ഇത്തരത്തില്‍ പ്രതികരിച്ചത് ശരിയാണോ അല്ലയോ എന്നത് പൊതുസമൂഹം വിലയിരുത്തട്ടെ. എന്തുകൊണ്ടാണ് അവര്‍ അങ്ങനെ പ്രതികരിച്ചതെന്ന് മനസിലാകുന്നില്ലെന്നും ഉമ പറഞ്ഞു.

Tags:    
News Summary - Former Jail DGP r Sreelekha supports Dileep actress attacked case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.