ഞെട്ടലായി മുൻ ഡെപ്യൂട്ടി കലക്ടർ റംലയുടെ വിയോഗം; നഷ്ടമായത് എളിമയും ഉത്തരവാദിത്തബോധവുമുള്ള ഉദ്യോഗസ്ഥയെ

കോഴിക്കോട്: മുൻ ഡെപ്യൂട്ടി കലക്ടർ മുൻ ഡെപ്യൂട്ടി കലക്ടറും മുന്‍ തഹസിൽദാറുമായിരുന്ന നടേരി ഒറ്റക്കണ്ടം എ.ജി പാലസ് നെല്ല്യാടി വീട്ടില്‍ എൻ. റംല (58)യുടെ പെട്ടെന്നുള്ള മരണം ജില്ല ഭരണകേന്ദ്രത്തിൽ ഞെട്ടലായി. അടുത്ത കാലത്ത് സർവിസിൽനിന്ന് വിരമിച്ച അവർ, കോവിഡ് കാലത്ത് ജില്ലയിൽ പ്രധാന റോളിലാണ് മികവോടെ പ്രവർത്തിച്ചത്.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ഏകോപിപ്പിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. സർവിസിനിടയിൽ അസാധാരണ മികവോടെ പ്രവർത്തിച്ച ഡെപ്യൂട്ടി കലക്ടറായിരുന്നു റംലയെന്ന് മുൻ ജില്ല കലക്ടർ സാംബശിവറാവു ഫേസ്ബുക്കിൽ അനുസ്മരിച്ചു. സൗമ്യത കൊണ്ട് വിസ്മയിപ്പിച്ച സഹപ്രവർത്തകയാണ് റംലയെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിസന്ധിഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട ജോലികളാണ് അവർ ചെയ്തു തീർത്തത്. ദുരന്തനിവാരണ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടറായിരുന്നു റംല. ലാൻഡ് അക്വിസിഷൻ വിഭാഗത്തിലും അവരുടെ സേവനം ശ്രദ്ധേയമായി. എളിമയും ഉത്തരവാദിത്തബോധവും കൊണ്ട് ഇടപഴകിയവരുടെ മനസ്സിൽ ഇടം നേടിയ ഉദ്യോഗസ്ഥയായിരുന്നു.

കോഴിക്കോട് സിവിൽ സ്റ്റേഷനിൽ വന്ന് തിരിച്ചുപോകുമ്പോഴാണ് ചൊവ്വാഴ്ച വൈകീട്ട് അവർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണത്. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ്: അബ്ബാസ് (കൊയിലാണ്ടി പന്തലായനി ജി.എം.എൽ.പി റിട്ട. പ്രധാന അധ്യാപകൻ). മക്കൾ: ഡോ. ഷേഖ ഷെറിൻ (അമേരിക്ക), നവീത് ഷെഹിൻ. മരുമകൻ: ഇസ്ഹാക് (എൻജിനിയർ). പിതാവ്: ഖാൻസ്. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: ബാദുഷ, ഖൈറുന്നിസ, ഖാദർ, ഹമീദ്, സലിം.

Tags:    
News Summary - Former Deputy Collector N Ramla passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.