കൊച്ചി: കഴിഞ്ഞ വർഷം ജൂലൈ 28നായിരുന്നു രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ആ പ്രഖ്യാപനം. നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 98 സീറ്റ് നേടി അധികാരത്തിലെത്തിയാൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദം രാജിവെക്കുമെന്ന വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി ഏറ്റെടുത്ത് സതീശൻ പറഞ്ഞതിങ്ങനെ: ‘‘അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തിക്കാനായില്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസത്തിന് പോകും. നിങ്ങള് പിന്നെ എന്നെ കാണില്ല’’. തന്റേടമുള്ള ആ വാക്കുകളിൽ നിറച്ചുവെച്ച ആത്മവിശ്വാസത്തിന് അന്നേ നൂറിലധികം സീറ്റിന്റെ ശക്തിയുണ്ടായിരുന്നു.
അണികളിൽ ആവേശം കൊളുത്താൻ വെറും വാക്ക് പറയുന്ന ആളല്ല സതീശൻ എന്നറിയാവുന്ന ടീം യു.ഡി.എഫ് ആ പ്രഖ്യാപനത്തിന്റെ ഊർജം ഉള്ളിലേറ്റിയാണ് നിയമസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത്. സതീശന്റെ ആ ‘വാ വിട്ട’ വാക്കിന് കേരളം കൈ കൊടുത്തപ്പോൾ 102 സീറ്റുമായി യു.ഡി.എഫ് ചരിത്രമെഴുതിയതാണ് പിന്നീട് കണ്ടത്.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ സതീശന് വനവാസത്തിന് പോകേണ്ടിവരുമെന്ന് എതിരാളികൾ പരസ്യമായും ചില കൂട്ടാളികളെങ്കിലും ഉള്ളാലെയും ഉറപ്പിച്ചു. അപ്പോഴും പറഞ്ഞതിൽനിന്ന് ഒരിഞ്ചുപോലും അദ്ദേഹം പിറകോട്ട് പോയില്ല.
സതീശന്റെ പിന്നീടുള്ള പല പ്രവർത്തനങ്ങളെയും വാക്കുകളെയും പലരും വനവാസവുമായി കൂട്ടിക്കെട്ടി. സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ മെനഞ്ഞ് ആഘോഷമാക്കി. ‘വനവാസ’ത്തെക്കുറിച്ച് കോൺഗ്രസ് നേതാക്കൾക്കിടയിൽ തന്നെ രണ്ടഭിപ്രായമായിരുന്നു. സതീശൻ വനവാസത്തിന് പോകേണ്ടിവരുമോ എന്ന് ചോദിച്ചപ്പോൾ വാക്ക് പാലിക്കുന്ന നേതാവാണെങ്കിൽ പോകേണ്ടിവരുമെന്നാണ് കെ. സുധാകരൻ പറഞ്ഞത്. എന്നാൽ, വനവാസത്തിന് പോകേണ്ടിവരില്ലെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം.
വോട്ടെടുപ്പിന് പിന്നാലെ സതീശൻ വാഗമണ്ണിലും മൂന്നാറിലും ട്രക്കിങ്ങിന് പോയപ്പോഴും അതിനെ ‘വനവാസ’ത്തോട് ചേർത്ത് കഥ ചമച്ച് പലരും പരിഹസിച്ചു. അതിനൊന്നും വോട്ടെണ്ണൽ ദിനത്തിനപ്പുറം ആയുസ്സില്ലെന്ന് അപ്പോഴും ഉറച്ചുവിശ്വസിച്ച ഒരാൾ സതീശൻ മാത്രമായിരുന്നു.
ഇതിന് പിന്നാലെ വാഗമണ്ണിൽ ‘വനവാസം’ എന്ന പേരിലുള്ള റിസോർട്ടിന്റെ ഉദ്ഘാടകനായി സതീശൻ എത്തിയതും യാദൃശ്ചികതയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.