കാട്ടുതീ നേരിടാന്‍ അയല്‍ സംസ്ഥാനങ്ങളുടെ സഹായം തേടി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമാകുന്ന കാട്ടുതീ നേരിടുന്നതിന് അയല്‍സംസ്ഥാനങ്ങളുടെ സഹായം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ വനത്തിനുള്ളിലെ ജലസംഭരണികള്‍ വറ്റിവരണ്ടതും കാട്ടുതീ ഉണ്ടാകുന്ന ഉള്‍പ്രദേശങ്ങളിലേക്ക് എത്തിപ്പെടാനുള്ള അസൗകര്യവുമാണ് കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളുടെ സഹായം തേടാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. ഇതിന്‍െറ ഭാഗമായി മൂന്ന് സംസ്ഥാനങ്ങളിലെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗം ഉടന്‍ ചേരാനും ഉദ്യോഗസ്ഥതലത്തില്‍ ഏകോപനസമിതി രൂപവത്കരിക്കാനും തീരുമാനമായിട്ടുണ്ട്. 

ദിവസങ്ങള്‍ക്ക് മുമ്പ് വയനാട്, പറമ്പിക്കുളം, മാങ്കുളം പ്രദേശങ്ങളില്‍ കാട്ടുതീ രൂക്ഷമായിരുന്നു. ഒരാഴ്ചയോളം പണിപ്പെട്ടാണ് ഇവിടത്തെ തീ നിയന്ത്രണവിധേയമാക്കാന്‍ വനംവകുപ്പിന് സാധിച്ചത്. ശനിയാഴ്ച സാധാരണനിലയില്‍ നിന്ന് 3.8 ഡിഗ്രി വരെ ചൂട് സംസ്ഥാനത്ത് ഉയര്‍ന്നു. കോഴിക്കോട്, പാലക്കാട്, വയനാട്, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. അതിന്‍െറ അടിസ്ഥാനത്തില്‍ ശക്തമായ മുന്നൊരുക്കമാണ് സര്‍ക്കാര്‍ തലത്തില്‍  നടന്നുവരുന്നത്.

 കാട്ടുതീ ഏതെങ്കിലും വനമേഖലയില്‍ ഉണ്ടാവുകയാണെങ്കില്‍ ഉപഗ്രഹത്തിന്‍െറ സഹായത്തോടെ കണ്ടത്തെി ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറുന്നതിന് എസ്.എം.എസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡറാഡൂണ്‍ ആസ്ഥാനമായ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യയാണ് ‘ഫോറസ്റ്റ് ഫയര്‍ അലര്‍ട്ട്’ സംവിധാനം തയാറാക്കിയിരിക്കുന്നത്. കൂടാതെ, ഓരോ ഫോറസ്റ്റ് ഡിവിഷന് കീഴിലും വരുന്ന വനമേഖലയുടെ സ്വഭാവം, മുന്‍വര്‍ഷങ്ങളിലെ അനുഭവം, ഈ വര്‍ഷം കാട്ടുതീ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളായി തരംതിരിക്കുന്ന നടപടികള്‍ പുരോഗമിച്ചു വരുകയാണെന്ന് വനംമന്ത്രി മന്ത്രി കെ. രാജു ‘മാധ്യമ’ത്തോട് പറഞ്ഞു. 
 

മറ്റു മാര്‍ഗങ്ങള്‍ ഫലപ്രദമല്ലാത്ത സ്ഥലങ്ങളില്‍ എയര്‍ഫോഴ്സിന്‍െറ ഹെലികോപ്ടറില്‍ വെള്ളമത്തെിച്ച് തീ അണയ്ക്കും. വനത്തിനുള്ളിലെ തടാകങ്ങളും ചെറിയ ജലസംഭരണികളും സംരക്ഷിക്കുന്നതിനു നടപടി ആരംഭിച്ചിട്ടുണ്ട്. ജലസംഭരണികള്‍ വറ്റിയ വനമേഖലകളില്‍ കാട്ടുമൃഗങ്ങള്‍ക്ക് കിയോസ്കുകളില്‍ വെള്ളമത്തെിക്കുന്നതിന് അതത് ജില്ല വനംവകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. 

Tags:    
News Summary - forest department take preventive messaures to fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.