വനത്തിൽ അതിക്രമിച്ച് കടന്നതിന് ബാബുവിനെതിരെ വനം വകുപ്പ് കേസെടുത്തു

പാലക്കാട്​: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കിൽ കുടുങ്ങിയ ആർ. ബാബുവിനെതിരെ വനംവകുപ്പ്​ കേസെടുത്തു. വനത്തിൽ അതിക്രമിച്ച്​ കടന്നതിന്​ കേരള വന നിയമം സെക്​ഷൻ 27 പ്രകാരമാണ്​ കേസ്​. ബാബുവിനോടൊപ്പം കൂർമ്പാച്ചി മലയിൽ ട്രക്കിങ്ങിന്​ പോയ സുഹൃത്തുക്കളായ മൂന്നുപേർക്കെതിരെയും കേസുണ്ട്​. വാളയാർ ​റേഞ്ച്​ ഓഫിസറാണ്​ കേസെടുത്തത്​.

നേരത്തേ ബാബുവിനെതിരെ കേസെടുക്കാനുള്ള വനംവകുപ്പ്​ നീക്കം വകുപ്പ്​ മന്ത്രി എ.കെ. ശശീന്ദ്രൻ ഇടപെട്ട്​ തടഞ്ഞിരുന്നു. എന്നാൽ, കഴിഞ്ഞ ഞായറാഴ്ച രാത്രി കൂർമ്പാച്ചി മലയിൽ ആൾസാന്നിധ്യം ക​​ണ്ടെത്തിയതോടെയാണ്​ വനംവകുപ്പ്​ നിലപാട്​ കടുപ്പിച്ചത്​.

കൂടുതൽ ആളുകൾ പ്രവേശിക്കുന്നത്​ തടയുന്നതിന്‍റെ ഭാഗമായിട്ട്​ കൂടിയാണ്​ നടപടിയെന്ന്​ അധികൃതർ വ്യക്​തമാക്കി. മലയിലേക്ക്​ കയറിയതിന്​ ബാബുവിനെതി​രെ കേസെടുക്കണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇത്​ ആവശ്യമാണെന്നും ഉമ്മ റഷീദ തിങ്കളാഴ്ച മാധ്യമങ്ങ​ളോട്​ പറഞ്ഞിരുന്നു. ബാബുവിന്‍റെ ഉമ്മയുടെ നിലപാട്​ മാതൃകപരമാണെന്നായിരുന്നു വനംമന്ത്രിയുടെ പ്രതികരണം.

പരിശോധന കർശനമാക്കും

കൂർമ്പാച്ചി മലകയറ്റത്തിന് നിയന്ത്രണമേർപ്പെടുത്തി. അനാവശ്യമായ യാത്രകൾ തടയാൻ ജില്ല കലക്ടറെ കൺവീനറാക്കി സമിതി രൂപവത്​കരിക്കാനും മന്ത്രിതലയോഗത്തിൽ തീരുമാനമായി. അനധികൃത ട്രക്കിങ്, സാഹസിക യാത്രകൾ എന്നിവ നിയന്ത്രിക്കാൻ പൊതുമാനദണ്ഡം വേണ്ടിവരുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.

അനധികൃത കടന്നുകയറ്റം തടയാൻ പരിശോധന കർശനമാക്കുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് മലയിൽ വനം വകുപ്പ് വീണ്ടും തിരച്ചിൽ നടത്തി. രാത്രിയിൽ സംഘം മലയിൽ തുടരുമെന്നും പാലക്കാട് ഡി.എഫ്​.ഒ അറിയിച്ചു.

ഞായറാഴ്ച രാത്രി ചെറാട് മലയിൽ വീണ്ടും ആളുകൾ കയറിയ സാഹചര്യത്തിൽ​ വനംമന്ത്രി, ഡി.എഫ്.ഒ, പൊലീസ് സൂപ്രണ്ട്, ദുരന്തനിവാരണ അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന അടിയന്തര യോഗം ചേർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സമഗ്രമായ പരിശോധന നടത്താൻ തീരുമാനിച്ചതെന്ന്​ മന്ത്രി പറഞ്ഞു.

ഇതിൽ എല്ലാ വിഭാഗത്തിലുള്ളവരെയും ഉൾപ്പെടുത്തും. അനധികൃത ട്രക്കിങ്ങും സാഹസിക യാത്രകളും ക്യാമ്പ്​ ചെയ്യുന്നതും നോക്കിനിൽക്കാൻ സാധിക്കില്ല. ഏത് വഴിക്കാണ്, എങ്ങോട്ടേക്കാണ് പോകുന്നത്, എന്തു ലക്ഷ്യത്തിനാണ് പോകുന്നത് എന്നത് കൃത്യമായി പരിശോധിക്കും. മകനെതിരെ കേസെടുക്കണമെന്ന ബാബുവിന്‍റെ ഉമ്മയുടെ നിലപാട് മാതൃകാപരമാണ്. ബാബു മലയിൽ കുടുങ്ങിയത് മുതൽ സർക്കാർ എല്ലാവിധത്തിലുള്ള സഹായം ചെയ്തിരുന്നു. അതിനുവേണ്ടിവന്ന ചെലവുകൾ പൂർണമായി വഹിച്ചത് സംസ്ഥാന സർക്കാറാണ്.

പത്ത് ദിവസത്തിനുശേഷം പാലക്കാട്ട്​ വീണ്ടും യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ച രാത്രി മലയിൽ കണ്ടെത്തിയ ആളെ അർധരാത്രിയോടെ തിരിച്ചിറക്കിയിരുന്നു. മലമ്പുഴ ആനക്കൽ സ്വദേശിയായ രാധാകൃഷ്ണനെയാണ്​ വനപാലകർ കണ്ടെത്തിയത്​. മലവാരത്ത്​ രാത്രി വേറെയും ആളുകൾ ഉണ്ടായിരുന്നെന്ന്​ നാട്ടുകാർ പറയുന്നു.

Tags:    
News Summary - Forest department files case against Babu for trespassing in the forest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.