തിരുവനന്തപുരം: സർക്കാർ ചെലവിൽ കോളജ്/ സർവകലാശാല യൂനിയൻ ചെയർമാൻമാരുടെ വിദ േശയാത്ര രണ്ട് സംഘങ്ങളായി. 30 അംഗ ആദ്യസംഘം മാർച്ച് രണ്ടിന് പുറപ്പെടും. മാർച്ച് ആറ് വരെ ഇംഗ്ലണ്ടിലെ കാർഡിഫ് സർവകലാശാലയിൽ പരിശീലനം. 29 അംഗ രണ്ടാം സംഘ സന്ദർശനം മാർ ച്ച് 23 മുതൽ 27 വരെയാണ്.
ഒപ്പം പോകുന്ന അധ്യാപകരെ തെരഞ്ഞെടുക്കുന്നത് വിവാദമായതോടെ കോളജ് വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരെയും രണ്ട് ഗവ. കോളജ് പ്രിൻസിപ്പൽമാരെയുമാണ് ഉൾപ്പെടുത്തിയത്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഉഷ ടൈറ്റസ് ആയിരിക്കും സംഘത്തെ നയിക്കുക. കോളജ് വിദ്യാഭ്യാസ ഡയറക്ടർ വി. വിഗ്നേശ്വരിയും ലീഡ് പദ്ധതി കോഒാഡിനേറ്റർ ഡോ. കെ. രതീഷും സംഘത്തിലുണ്ടാകും.
മാർച്ച് രണ്ടിന് തിരിക്കുന്ന ആദ്യ സംഘത്തെ കോളജ് വിദ്യാഭ്യാസ അഡീഷനൽ ഡയറക്ടർ ഡോ. കെ.കെ സുമ, തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് പ്രിൻസിപ്പൽ ഡോ. കെ. മണി, മാർച്ച് 23ന് പുറപ്പെടുന്ന സംഘത്തെ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ. സതീഷ്, പേരാമ്പ്ര സി.കെ.ജി മെമ്മോറിയൽ ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. കെ.വൽസല എന്നിവർ അനുഗമിക്കും. പട്ടികയിലേക്ക് കോളജ് അധ്യാപകരിൽനിന്ന് വൻ സമ്മർദം ഉയർന്നതോടെയാണ് ഉയർന്ന ഉദ്യോഗസ്ഥരെയും പ്രിൻസിപ്പൽമാരെയും മാത്രം പരിഗണിക്കാൻ തീരുമാനിച്ചത്.
കണ്ണൂർ, എം.ജി, നുവാൽസ്, മലയാളം, കുസാറ്റ് സ്കൂൾ ഒാഫ് ലീഗൽ സ്റ്റഡീസ് എന്നീ സർവകലാശാല യൂനിയൻ ചെയർമാൻമാരും 54 ഗവ. കോളജ് യൂനിയൻ ചെയർമാൻമാരുമാണ് സംഘത്തിലുള്ളത്. കാലിക്കറ്റ്, കേരള സർവകലാശാല യൂനിയൻ ചെയർമാൻമാരും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് ഉൾപ്പെടെ 12 ഗവ. കോളജ് യൂനിയൻ ചെയർമാൻമാരും പട്ടികയിൽ ഇല്ല.
ക്രിമിനൽ കേസ് പ്രതികളായവർ, പാസ്പോർട്ടില്ലാത്തവർ തുടങ്ങിയവരെയാണ് പരിഗണിക്കാതിരുന്നത്. സംഘാംഗങ്ങൾക്ക് പുറപ്പെടുംമുമ്പ് ബ്രിട്ടീഷ് കൗൺസിൽ സഹായത്തോടെ പരിശീലനം നൽകാൻ കോളജ് വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.