തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് 77 പേജുള്ള കുറ്റപത്രം ഫോർട്ട് അസി. കമീഷണർ ദിനിൽ സമര്‍പ്പിച്ചത്. മയക്കുമരുന്ന് കൊടുത്ത് വിദേശവനിതയായ ലിഗയെ ബലാത്സംഗം ചെയ്തശേഷം രണ്ടുപേർ ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. കഴിഞ്ഞ ഏപ്രില്‍ 20നാണ് കോവളത്തിന് സമീപെത്ത ആളൊഴിഞ്ഞ പ്രദേശത്ത് വിദേശവനിതയുടെ മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരത്തെ സ്വകാര്യ ആയുർവേദകേന്ദ്രത്തിൽ ചികിത്സക്കെത്തിയ ലിഗയെ അവിടെനിന്ന് കാണാതാകുകയായിരുന്നു. ഭർത്താവും സഹോദരിയും പൊലീസിൽ പരാതി നൽകി. പൊലീസ് ശരിയായരീതിയിൽ അന്വേഷിച്ചില്ലെന്ന് ആരോപണമുയർന്നു. ലിഗയെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. അതിനൊടുവിലാണ് ദിവസങ്ങൾക്കുശേഷം മൃതദേഹം കണ്ടെത്തിയത്. ഭർത്താവും സഹോദരിയും മൃതദേഹം തിരിച്ചറിയുകയും ശാസ്ത്രീയപരിശോധനയിലൂടെ ലിഗയുടേത് സ്ഥിരീകരിക്കുകയും ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിലാണ് സമീപവാസികളായ ഉദയൻ, ഉമേഷ് എന്നിവരെ അറസ്റ്റ് ചെയ്തത്. ആയുർവേദ ചികിത്സകേന്ദ്രത്തിൽനിന്ന് കോവളത്തെത്തിയ ലിഗയെ സ്ഥലങ്ങള്‍ കാണിക്കാമെന്ന് പറഞ്ഞ് ഉമേഷും ഉദയനും ചേര്‍ന്ന് കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇവിടെെവച്ച് മയക്കുമരുന്ന് നല്‍കിയശേഷം ബലാത്സംഗം ചെയ്തു. മയക്കത്തിലായ യുവതി ഉണര്‍ന്നപ്പോള്‍ പ്രതികള്‍ വീണ്ടും ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇത് പ്രതിരോധിച്ച ലിഗയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നും മൃതദേഹം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.
കൊലപാതകം, ബലാത്സംഗം, തെളിവ് നശിപ്പിക്കല്‍, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്. എന്നാൽ, കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് വിദേശവനിതയുടെ ബന്ധുക്കളുൾപ്പെടെ ഹൈകോടതിയെ സമീപിച്ചിരുന്നു. ഇൗ ആവശ്യം ഹൈകോടതി തള്ളിയതിന് പിന്നാലെയാണ് പൊലീസ് കുറ്റപത്രം നല്‍കിയത്. ഇതിനിടെ പ്രതികള്‍ക്ക് ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.