കിഫ്ബി റോഡുകളിൽ ടോൾ പിരിക്കാൻ നിർബന്ധിതമാക്കുന്നത് യു.ഡി.എഫ്-ബി.ജെ.പി നിലപാട്-തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബിയെ തകർക്കാൻ യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുകയാണെന്ന ആരോപണവുമായി മുൻ ധനമന്ത്രിയും സി.പി.എം നേതാവുമായ തോമസ് ഐസക്. കിഫ്ബി റോഡുകളിൽ ടോൾ പിരിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കത്തേയും അദ്ദേഹം അനുകൂലിച്ചു. കിഫ്ബിയെ തകർക്കാൻ ശ്രമിക്കുമ്പോൾ അത് പ്രതിരോധിക്കുന്നതിന് ബദൽ മാർഗങ്ങൾ തേടണം. ഇതിന്റെ ഭാഗമായാണ് ടോൾ പിരിക്കാൻ തീരുമാനിച്ചതെന്നും തോമസ് ഐസക് പറഞ്ഞു.

ടോൾ വേണ്ടെന്ന് മുമ്പ് പറഞ്ഞതിനെ കുറിച്ചുള്ള ചോദ്യത്തിന് സാഹചര്യം മാറുമ്പോൾ നിലപാടും മാറുമെന്നാണ് തോമസ് ഐസക്കിന്റെ മറുപടി. കിഫ്ബി വഴി 1140 പദ്ധതികളിലാണ് 67,437 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് നടക്കുന്നത്. കിഫ്ബിയിൽ നിന്ന് പണം നൽകിയില്ലായിരുന്നുവെങ്കിൽ സംസ്ഥാനത്ത് ദേശീയപാത വികസനം നടക്കില്ലായിരുന്നു.

കിഫ്ബിയെ വിമർശിക്കുന്ന വി.ഡി സതീശൻ ഇതിന് ബദൽ പദ്ധതി സമർപ്പിക്കണം. ജനങ്ങളെ പറ്റിക്കാൻ യു.ഡി.എഫ് ശ്രമിക്കരുത്. കേരളത്തിന്റെ വികസനത്തിന് വിലങ്ങുതടിയാവുന്നത് അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തതയാണെന്നും തോമസ് ഐസക് പറഞ്ഞു.

ആരോഗ്യം വിദ്യാഭ്യാസം, സാമൂഹികക്ഷേമം എന്നീ മേഖലകളില്‍ കൂടുതല്‍ മുതല്‍മുടക്കിയതിനാല്‍ അടിസ്ഥാനസൗകര്യവികസന മേഖലയില്‍ മുതല്‍മുടക്കു കുറഞ്ഞു. രാജ്യത്ത് മറ്റിടങ്ങളില്‍ ട്രെയിനും വാഹനങ്ങളും ഓടുന്നതിന്റെ പകുതി വേഗത്തിലേ കേരളത്തില്‍ ഓടിക്കാനാവൂ. വൈദ്യുതി വിതരണത്തിലും പ്രശ്‌നങ്ങള്‍ ഉണ്ട്. ഇതൊക്കെ മാറിയാലേ ഇന്ത്യയിലാകെ ഉണ്ടാകുന്ന വളര്‍ച്ചയ്‌ക്കൊപ്പം കേരളത്തിനും മുന്നേറാന്‍ കഴിയൂ. ഇത്തരത്തിലുള്ള വായ്പകള്‍ സംസ്ഥാനത്തിന്റെ വായ്പയായി പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ നിലപാടിനെ യുഡിഎഫ് പിന്തുണയ്ക്കുന്നത് സ്വന്തം കുഴി തോണ്ടുന്നതിനു തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Forcing toll collection on KIIFB roads is the UDF-BJP stance - Thomas Isaac

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.