മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ട ഫയലുകൾക്ക്​ ഇനി നാല്​ തട്ട്​ മാത്രം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർ തീരുമാനമെടുക്കേണ്ട ഫയലുകൾക്ക് ഇനി നാല് തട്ടുകൾ മാത്രമേ ഉണ്ടാകൂ. ഭരണ പരിഷ്കാര കമീഷൻ നിർദേശത്തി‍െൻറ അടിസ്ഥാനത്തിൽ ഫയൽ നീക്കം സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ മന്ത്രിസഭ യോഗം ഇത് അംഗീകരിച്ചിരുന്നു. ഇതോടെ ഫയൽ നീക്കം വേഗത്തിലാകും. തീരുമാനങ്ങളും ഉത്തരവുകളും വേഗത്തിൽ വരികയും ചെയ്യും.

മന്ത്രി തലത്തിൽ തീരുമാനിക്കേണ്ട ഫയലുകളിൽ സെക്രട്ടറി മുഖേന സമർപ്പിക്കേണ്ട ഫയലുകൾ സെക്ഷൻ-അണ്ടർ സെക്രട്ടറി-ഡെപ്യൂട്ടി/ജോയന്‍റ്/അഡീഷനൽ/സ്പെഷൽ സെക്രട്ടറി-സെക്രട്ടറി-മന്ത്രി/മുഖ്യമന്ത്രി എന്ന നിലയിലാകും കാണുക. സെക്രട്ടറി മുഖേനയല്ലാതെ അയക്കുന്ന ഫയലുകൾക്ക് മൂന്ന് തട്ടാകും ഉണ്ടാവുക. സെക്ഷൻ-അണ്ടർ സെക്രട്ടറി-ഡെപ്യൂട്ടി/ജോയന്‍റ്/അഡീഷനൽ/സ്പെഷൽ സെക്രട്ടറി-മന്ത്രി/മുഖ്യമന്ത്രി.

മുഖ്യമന്ത്രി തലത്തിൽ തീരുമാനമെടുക്കേണ്ട ഫയലുകൾക്ക് അവിടെ എത്താൻ നാല് തട്ടുണ്ടാകും. സെക്ഷൻ-അണ്ടർ സെക്രട്ടറി-ഡെപ്യൂട്ടി/ജോയന്‍റ്/അഡീഷനൽ/സ്പെഷൽ സെക്രട്ടറി-സെക്രട്ടറി-മന്ത്രി/മുഖ്യമന്ത്രി. ഇതിൽ സെക്രട്ടറി കാണേണ്ട ഫയലുകൾ മൂന്ന് തട്ടുകൾ വഴി മന്ത്രിക്ക് സമർപ്പിക്കണം. സെക്രട്ടറി കാണേണ്ടതില്ലാത്ത ഫയലുകൾ സെക്ഷനുകളിൽ നിന്നും അണ്ടർ സെക്രട്ടറി മുതൽ സ്പെഷൽ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥരിൽ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ കണ്ട് വകുപ്പ് മന്ത്രിക്ക് സമർപ്പിക്കണം. അതിന് രണ്ട് തട്ടുകളാകും ഉണ്ടാവുക.

മന്ത്രിസഭ യോഗത്തിനായി സമർപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ഉത്തരവിനായുള്ള ഫയലുകൾ അഞ്ച് തട്ട് കടന്നാണ് മുഖ്യമന്ത്രിയുടെ അടുത്ത് എത്തേണ്ടത്. സെക്ഷൻ-അണ്ടർ സെക്രട്ടറി-ഡെപ്യൂട്ടി/ജോയന്‍റ്/അഡീഷനൽ/സ്പെഷൽ സെക്രട്ടറി-സെക്രട്ടറി-മന്ത്രി-മുഖ്യമന്ത്രി. മന്ത്രിസഭ യോഗത്തിനുള്ള കുറിപ്പുകൾ അംഗീകാരത്തിന് നൽകുന്നതും അഞ്ച് തട്ട് കടന്നാകണം. സെക്ഷനിൽ നിന്നും അണ്ടർ സെക്രട്ടറി മുതൽ സ്പെഷൽ സെക്രട്ടറി വരെയുള്ളവരിൽ രണ്ട് ഉദ്യോഗസ്ഥർ കണ്ട് വകുപ്പ് സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവർ മുഖേന മന്ത്രിക്ക് സമർപ്പിക്കണം.

മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിക്കുന്ന കുറിപ്പുകൾ അടങ്ങുന്ന ഫയലുകളിൽ മറ്റ് വകുപ്പുകളുടെ അഭിപ്രായം തേടേണ്ട ഫയലുകൾ സെക്ഷനിൽ നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയോ അതിന് മുകളിലുള്ള ശ്രേണിയിലുള്ള ഉദ്യോഗസ്ഥനോ കണ്ട് വകുപ്പ് സെക്രട്ടറി മുഖേന അയക്കണം. രണ്ട് തട്ടുകൾ കടന്ന് വകുപ്പ് സെക്രട്ടറിക്ക്. ചീഫ് സെക്രട്ടറി കാണേണ്ടതും തീരുമാനം എടുക്കേണ്ടതുമായ ഫയലുകൾ മൂന്ന് തട്ട് കടന്നാകും ചീഫ് സെക്രട്ടറിയിലെത്തുക. സെക്ഷൻ-അണ്ടർ സെക്രട്ടറി-ഡെപ്യൂട്ടി/ജോയന്‍റ്/അഡീഷനൽ/സ്പെഷൽ സെക്രട്ടറി-സെക്രട്ടറി.സെക്രട്ടറി തലത്തിൽ തീരുമാനമെടുക്കേണ്ട ഫയലുകൾ സെക്ഷനിൽ നിന്നും അണ്ടർ സെക്രട്ടറി മുതൽ സ്പെഷൽ സെക്രട്ടറി വരെ ഉദ്യോഗസ്ഥരിലൊരാൾ കണ്ട് സെക്രട്ടറിക്ക് നൽകണം. രണ്ട് തട്ടുകൾ കടന്ന് സെക്രട്ടറിക്ക്. പതിവ് ഫയലുകൾ തഴേതട്ടിൽ വിശദമായി പരിശോധിക്കുമ്പോൾ നേരിട്ട് തീരുമാനമെടുക്കേണ്ട അധികാരിക്ക് നൽകണം. ഓരോ വകുപ്പുകളിലും തട്ടുകൾ എത്രയാണെന്ന് അതത് സെക്രട്ടറിമാർ വകുപ്പ് മന്ത്രിമാരുമായി ആലോചിച്ച് ഉത്തരവിറക്കും.

Tags:    
News Summary - Accelerates the removal of files in the Secretariat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.