16 ഇനം പഴം-പച്ചക്കറികൾക്ക് അടിസ്ഥാന വില പ്രഖ്യാപനവും സംഭരണ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കുന്നു
തൃശൂർ: വർഷങ്ങളായി കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർക്ക് കരുത്തുപകരാനാണ് സർക്കാർ പഴം-പച്ചക്കറികൾക്ക് തറവില നിശ്ചയിച്ചുകൊണ്ടുള്ള കരുതൽ നടപടി സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്താദ്യമായി 16 ഇനം പഴം - പച്ചക്കറികളുടെ അടിസ്ഥാനവില പ്രഖ്യാപനവും ഇവയുടെ സംഭരണ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്താകെ കർഷകരിൽ അംസ്തൃപ്തി ഉയർന്നുവന്ന ഘട്ടത്തിലാണ് ആദ്യമായി ഒരു സംസ്ഥാനം പച്ചക്കറി ഉൽപാദകർക്കായി ഈ വിധത്തിൽ ആശ്വാസ നടപടി സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മരച്ചീനി, നേന്ത്രക്കായ, വയനാടൻ നേന്ത്രൻ, കൈതച്ചക്ക, കുമ്പളം, വെള്ളരി, പാവൽ, പടവലം, വള്ളിപ്പയർ, തക്കാളി, വെണ്ട, കാബേജ്, കാരറ്റ്, ബീൻസ്, ബീറ്റ്‌റൂട്ട്, വെളുത്തുള്ളി എന്നീ 16 ഇനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ തറവില നിശ്ചയിക്കുന്നത്.
ഓരോ വിളകളുടെയും ഉൽപാദന ചെലവിനൊപ്പം 20 ശതമാനം തുക അധികമായി ചേർത്താണ് അടിസ്ഥാനവില നിർണയം നടത്തിയിരിക്കുന്നത്. പച്ചക്കറികൾക്ക് നിശ്ചിത വിലയേക്കാൾ കുറഞ്ഞ വില വിപണിയിൽ ഉണ്ടാവുകയാണെങ്കിൽ ഇവ സംഭരിച്ച് തറവില അനുസരിച്ചുള്ള തുക കർഷകന്റെ അക്കൗണ്ടിലേക്ക് നൽകും. ഉൽപ്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തിയായിരിക്കും കർഷകർക്ക് തറവില നൽകുന്നത്. ഗുണനിലവാരം ഇല്ലാത്ത ഉൽപ്പന്നങ്ങളുടെ സംഭരണം ഒഴിവാക്കുന്നതിന് സംഭരണ പ്രക്രിയയിൽതന്നെ ഉൽപ്പന്നങ്ങൾക്ക് ഗ്രേഡ് നിശ്ചയിക്കും.
കാലാകാലങ്ങളിൽ തറവില പുതുക്കി നിശ്ചയിക്കാനുള്ള വ്യവസ്ഥയും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രാദേശിക ഭക്ഷ്യോൽപാദനത്തിൽ തീരുമാനം എടുക്കുന്നതും കാർഷിക പദ്ധതികൾ തീരുമാനിക്കുന്നതും അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. അതിനാൽ അവയ്ക്ക് ഈ പദ്ധതിയിൽ നിർണായക സ്ഥാനമാണ് നൽകിയിരിക്കുന്നത്. അവരാണ് ഈ പദ്ധതിയിൽ സംഭരണ, വിതരണ സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നത്. ഒരു കർഷകന് ഒരു സീസണിൽ പരമാവധി 15 ഏക്കറിലാണ് ആനുകൂല്യം ലഭിക്കുക.
വിള ഇൻഷൂർ ചെയ്ത ശേഷം കൃഷി വകുപ്പിന്റെ രജിസ്‌ട്രേഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. രജിസ്േ്രടഷൻ നവംബർ ഒന്ന് മുതൽ ആരംഭിക്കും. പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് കോ ഓപറേറ്റീവ് സൊസൈറ്റി വഴി സംഭരണം ഉദ്ദേശിക്കുന്ന കർഷകർക്ക് ആദ്യഘട്ടത്തിൽ തൽക്കാലം രജിസ്‌ട്രേഷൻ നിർബദ്ധമാക്കിയിട്ടില്ല. എന്നാൽ, തറവില പ്രഖ്യാപിക്കപ്പെട്ടാൽ രജിസ്റ്റർ ചെയ്ത കർഷകർ കൃഷി വകുപ്പിന്റെ നോട്ടിഫൈഡ് സൊസൈറ്റികളിലോ സംഭരണ കേന്ദ്രങ്ങളിലോ എത്തിക്കണം. ഇവ കൃഷി വകുപ്പിന്റെ വിപണികളിലൂടെയും തെരഞ്ഞെടുക്കപ്പെട്ട വിപണന ശൃംഖല വഴിയോ വിറ്റഴിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൂടുതലായി വരുന്ന ഉൽപ്പന്നങ്ങൾ മൂല്യവർധിത ഉൽപ്പന്നങ്ങൾ ആക്കും. ഇവ കേട്കൂടാതെ സംരക്ഷിക്കാനുള്ള സംവിധാനങ്ങളും ശീതീകരണ സംഭരണികളും ഉൽപ്പാദന സ്ഥലത്ത് നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് കൊണ്ട് പോകാൻ ഫ്രീസർ ഘടിപ്പിച്ച വാഹനങ്ങളും സജ്ജമാക്കുമെന്നും അറിയിച്ചു. തൃശൂർ ജില്ലാ ആസൂത്രണ ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
അടിസ്ഥാന വില പ്രഖ്യാപനത്തിന്റെ ഭാഗമായുള്ള ആദ്യ സംഭരണം വയനാട് കൽപറ്റയിൽ നടത്തി. വയനാടൻ നേന്ത്രൻ സംഭരിച്ച വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് കൽപ്പറ്റ എം.എൽ.എ സി.കെ ശശീന്ദ്രൻ നിർവഹിച്ചു.
കാർഷികോത്പാദന കമ്മീഷണർ ഇഷിത റോയ്, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ പി കെ ജയശ്രീ എന്നിവർ പദ്ധതി വിശദീകരിച്ചു. ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, കോർപ്പറേഷൻ മേയർ അജിത ജയരാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആൻറണി, കൃഷി ഡയറക്ടർ ഡോ. കെ. വാസുകി, കൃഷി അഡിഷണൽ ഡയറക്ടർ മധു ജോർജ് മത്തായി തുടങ്ങിയവർ പങ്കെടുത്തു.
തൃശൂർ: സംസ്ഥാന വില നിർണയ ബോർഡിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ ആദ്യഘട്ടമെന്ന നിലയിൽ 16 ഇനം പഴം-പച്ചക്കറികൾക്ക് അടിസ്ഥാനവില നൽകുന്ന പദ്ധതി പ്രാബല്യത്തിൽ വരിക നവംബർ 1 മുതൽ. പദ്ധതിയിൽ മരച്ചീനിക്ക് 12 രൂപയും, നേത്രക്കായ-30, വയനാടൻ നേന്ത്രൻ-24, കൈതച്ചക്ക-15, കുമ്പളം-9, വെള്ളരി-8, പാവൽ-30, പടവലം-16, വള്ളിപ്പയർ-34, തക്കാളി-8, വെണ്ട-20, ക്യാബേജ്-11, ക്യാരറ്റ്-21, ഉരുളക്കിഴങ്ങ്-20, ബീൻസ്-28, ബീറ്റ്‌റൂട്ട്-21, വെളുത്തുള്ളിക്ക് 139 രൂപ എന്നിങ്ങനെയാണ് തറവില നിശ്ചയിച്ചിരിക്കുന്നത്.
ഈ 16 ഇനം പച്ചക്കറികളുടെ വില നിർദിഷ്ട വിലയെക്കാൾ താഴ്ന്നാൽ അടിസ്ഥാന വിലക്ക് ഇവ സംഭരിച്ച് ആ തുക കർഷകന്റെ അക്കൗണ്ടിലേക്ക് നൽകും.
മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി കൃഷിവകുപ്പ്, സഹകരണവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകൾ സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തിൽ കൃഷിവകുപ്പിന്റെ കീഴിൽ ഹോർട്ടികോർപ്പ്, വി.എഫ്പി.സി.കെ എന്നീ ഏജൻസികൾ വഴി 300 സംഭരണ വിപണന കേന്ദ്രങ്ങളും, സഹകരണവകുപ്പിന്റെ 250 പ്രാഥമിക കാർഷിക വായ്പാ സഹകരണ സൊസൈറ്റികളിലെ സംഭരണ വിപണന കേന്ദ്രങ്ങളും കൂടി ആകെ 550 കേന്ദ്രങ്ങളാണ് നവംബർ ഒന്നുമുതൽ നിലവിൽ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.