തിരുവനന്തപുരം: പ്രളയത്തിൽ 50,000 കോടി രൂപയുടെ സാമ്പത്തിക പ്രത്യാഘാതമെന്ന് ധനവകുപ്പ്. റോഡ്, പാലം, കെട്ടിടം, ബണ്ട്, കുടിവെള്ള പദ്ധതി, വൈദ്യുതി കണക്ഷൻ, വിള, കന്നുകാലി തുടങ്ങിയവയുടെ നാശനഷ്ടം 25,000 കോടിയാണ്. നിർമാണ-കാർഷിക-വ്യവസായ മേഖലകളിലടക്കം വരുമാനത്തിൽ 25,000 കോടിയുടെയും കുറവ് വരും. തകർന്ന ആസ്തികളുടെ പുനർനിർമാണത്തിന് മാത്രം വേണ്ടത് 25,000 കോടി. റവന്യൂ ചെലവിൽ 10,000 കോടിയും പ്രതീക്ഷിക്കുന്നതായി മന്ത്രി േഡാ. തോമസ് െഎസക് ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
വായ്പ 20-30 വർഷത്തേക്ക്
പുനർനിർമാണത്തിന് ലോകബാങ്ക്, ഏഷ്യൻ വികസനബാങ്ക് (എ.ഡി.ബി) എന്നിവയിൽനിന്ന് 20-30 വർഷം കാലാവധിക്ക് 5,000 കോടി കടമെടുക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ട്-മൂന്ന് ശതമാനം പലിശക്ക് കടം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യൻ കേമ്പാളത്തിൽനിന്ന് വായ്പ എടുത്താൽ പത്ത് ശതമാനം പലിശയാകും. ബാക്കി നബാർഡ്, ഹഡ്കോ, എൻ.സി.ഡി.സി തുടങ്ങിയ ഏജൻസികളിൽനിന്നും ഇന്ത്യൻ കമ്പോളത്തിൽനിന്നുമായിരിക്കും വായ്പയെടുക്കുകയെന്ന് മന്ത്രി പറഞ്ഞു.
വീട് പുനർനിർമാണത്തിനും ഉപജീവനസഹായത്തിനും 3,000 കോടി വീതം, അറ്റകുറ്റപ്പണിക്ക് 1,500 കോടി അടക്കം 10,000 കോടി റവന്യൂ ചെലവിൽ അധികം വേണം. കമ്മി കൂടുതലായതിനാൽ കടം വാങ്ങാനാകില്ല.
കേന്ദ്രം നൽകിയത് 600 കോടിയാണ്. അതിൽ 232 കോടി അരിയുടെ വിലയിൽ കിഴിക്കും. വീടുനിർമാണം, തൊഴിലുറപ്പ് തുടങ്ങിയ കേന്ദ്രാവിഷ്കൃത പദ്ധതികളിൽനിന്ന് 4,000 കോടി രൂപയെങ്കിലും അധികം പ്രതീക്ഷിക്കുന്നു. പ്രളയമേഖലയിൽ തൊഴിലുറപ്പ് ദിനം നൂറിൽനിന്ന് 150 ആയി വർധിപ്പിക്കാമെന്ന് കേന്ദ്രം സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി 1000 കോടി കവിഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലൂടെ ഒരു മാസവരുമാനം സംഭാവന ചെയ്യുന്ന പദ്ധതി വഴിയും നികുതി ഉയർത്തിയും റവന്യൂവരവ് വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കേന്ദ്രസർക്കാർ അനുഭാവപൂർവമല്ലാത്ത നിലപാട് സ്വീകരിച്ചാലും നമുക്ക് അതിജീവിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.