ആലപ്പുഴ: പ്രളയക്കെടുതി രൂക്ഷമായ കുട്ടനാട്ടിലെ സ്ഥിതിഗതികൾ പറയാൻ മുഖ്യമന്ത്രിയെയും ജില്ലയുടെ ചുമതലയുള്ള മന്ത്രിയെയും വിളിച്ചിട്ട് ഫോണെടുത്തില്ലെന്ന ആക്ഷേപവുമായി കുട്ടനാട് എം.എൽ.എ റെജി ചെറിയാൻ. മാലിന്യം അടിഞ്ഞുകൂടി നീരൊഴുക്ക് തടസ്സമായ തോട്ടപ്പള്ളി സ്പിൽവേ സന്ദർശിച്ച എം.എൽ.എ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സ്വന്തം മുന്നണിയിലെ മന്ത്രിമാർ അവഗണിക്കുന്നെന്ന നീരസം മറച്ചുവെക്കാതെ പ്രതികരിച്ചത്.
കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനത്തിലെ അതൃപ്തി വെളിവാക്കുന്നതായിരുന്നു എം.എൽ.എയുടെ വാക്കുകൾ. രാവിലെയാണ് മുഖ്യമന്ത്രി വി.ഡി. സതീശനെയും മന്ത്രി എം. ലിജുവിനെയും വിളിച്ചത്. ഇരുവരും ഫോൺ എടുത്തില്ല. നാട്ടുകാർ തന്നോട് ചോദിക്കുന്നുണ്ടെന്നും അവർക്ക് താനുണ്ടെന്ന മറുപടിയാണ് നൽകിയതെന്നും എം.എൽ.എ പറഞ്ഞു. പ്രളയസമയത്ത് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ആനയിച്ച് നടക്കാനാവില്ല. കുട്ടനാട്ടിലെ സ്ഥിതി ഗുരുതരമാണ്. റോഡിലൂടെയും വെള്ളത്തിലൂടെയും ചെയ്യാവുന്ന സഹായങ്ങളെല്ലാം താൻ ചെയ്യുന്നുണ്ടെന്നും റെജി ചെറിയാൻ പറഞ്ഞു. എന്നാൽ, താൻ ഫോൺ വിളിച്ചപ്പോൾ മന്ത്രിസഭ യോഗത്തിലായിരുന്നതിനാലാണ് മന്ത്രിമാർ ഫോൺ എടുക്കാതിരുന്നതെന്ന് റെജി ചെറിയാൻ വിശദീകരിച്ചു.
മുമ്പ് ചമ്പക്കുളം വള്ളംകളിക്ക് പ്രാദേശിക അവധി നൽകണമെന്ന് കുട്ടനാട് എം.എൽ.എ നിയമസഭയിൽ ആവശ്യപ്പെട്ടപ്പോൾ പരിഗണിക്കാമെന്ന് പരസ്യമായി പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശൻ തൊട്ടടുത്തിരുന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയോട് ഒരു കാരണവശാലും കൊടുക്കില്ലെന്ന് പറയുന്നത് മൈക്കിലുടെ എല്ലാവരും കേട്ടതും വിവാദമായിരുന്നു.
തിരുവനന്തപുരം: കുട്ടനാട് എം.എൽ.എ മന്ത്രിയെ വിളിച്ചിട്ട് കിട്ടാതിരിക്കാൻ കാരണം മന്ത്രിസഭ യോഗത്തിലായതിനാലാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരിതാശ്വാസം സംബന്ധിച്ച് മന്ത്രി ലിജു വിളിച്ച രണ്ട് യോഗത്തിലും കുട്ടനാട് എം.എൽ.എ പങ്കെടുത്തിട്ടുണ്ട്. ലിജുവിന്റെ ഫോണിൽ നമ്പറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രൂക്ഷപ്രശ്നമുണ്ടായ ആറന്മുളയിലും റാന്നിയിലും കൂടുതൽ ക്യാമ്പുകളുള്ള തിരുവല്ലയിലുമാണ് താൻ സന്ദർശനം നടത്തിയത്. കോന്നിയിലും അടൂരിലും പോയില്ല.
മീറ്റിങ്ങിലേക്ക് എം.എൽ.എമാരെ ക്ഷണിച്ചിരുന്നില്ല. ജില്ല കലക്ടറെയും ജില്ല വകുപ്പ് മേധാവികളെയുമാണ് വിളിച്ചതെന്നും ജനീഷ് കുമാർ എം.എൽ.എയെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെന്ന പരാതിക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. തോട്ടപ്പള്ളി സ്പിൽവേയുടെ കാര്യത്തിൽ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായില്ലെന്നും പരാതികൾ പരിഹരിക്കാൻ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.