ചട്ടങ്ങളായില്ല; തൊഴിൽ കോഡിൽ അനിശ്ചിതത്വം തുടരുന്നു

കൊച്ചി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ തൊഴിൽ കോഡ് കേരളത്തിൽ നടപ്പാക്കാൻ ചട്ടങ്ങൾ ആവിഷ്കരിക്കുന്നത് നീളുന്നു. ഇത് സംസ്ഥാനത്തെ തൊഴിൽ മേഖലയിൽ അനിശ്ചിതത്വം സൃഷ്ടിക്കുന്നു. 2025 നവംബർ ഒന്നു മുതലാണ് പുതിയ തൊഴിൽ കോഡ് രാജ്യത്ത് നിലവിൽ വന്നത്. ഒരു വർഷമാകാറായിട്ടും കേരളത്തിൽ അത് നടപ്പാക്കാൻ ചട്ടങ്ങൾ തയാറാക്കിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും പൂർണമായോ ഭാഗികമായോ കരട് ചട്ടങ്ങൾ പുറത്തിറക്കി. എന്നാൽ, കേരളത്തിൽ കരട് ചട്ടങ്ങൾ പോലുമായില്ല.

സംസ്ഥാനങ്ങൾ സ്വന്തം ചട്ടങ്ങൾ പൂർണമായി വിജ്ഞാപനം ചെയ്യുന്നതുവരെ അവിടങ്ങളിൽ തൊഴിലുടമകൾ കേന്ദ്ര സർക്കാർ 2026 മേയിൽ പുറപ്പെടുവിച്ച അന്തിമ കേന്ദ്ര ചട്ടങ്ങളും നിലവിലുള്ള സംസ്ഥാന നിയമങ്ങളും പിന്തുടരണമെന്നാണ് വ്യവസ്ഥ. പല കാര്യങ്ങളിലും കേന്ദ്ര ചട്ടങ്ങളും നിലവിലുള്ള സംസ്ഥാന നിയമങ്ങളും തമ്മിൽ വളരെ ഏറെ വൈരുധ്യമുണ്ട്. നിലവിൽ തൊഴിലിൽ തുടരുന്നവർക്ക് വലിയ കുഴപ്പങ്ങളില്ലെങ്കിലും പെൻഷൻ പറ്റുകയോ പിരിഞ്ഞുപോകുകയോ പിരിച്ചുവിടപ്പെടുകയോ ചെയ്യുന്നവർക്ക് ആനുകൂല്യങ്ങൾ കണക്കാക്കുന്നതിൽ ഏത് വ്യവസ്ഥകൾ ബാധകമാകുമെന്നതിലാണ് പലർക്കും വ്യക്തതയില്ലാത്തത്. ശമ്പളഘടന, ഗ്രാറ്റുവിറ്റി ആനുകൂല്യം കണക്കാക്കൽ, തൊഴിൽ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ തുടങ്ങിയവയിൽ കേന്ദ്രനിയമവും സംസ്ഥാന നിയമവും തമ്മിൽ വൈരുധ്യങ്ങൾ ഏറെയാണ്.

സംസ്ഥാനത്ത് അടിസ്ഥാന ശമ്പളം കുറച്ചു കാണിച്ച് അലവൻസുകൾ (വീട്ടുവാടക, മറ്റു അലവൻസുകൾ) കൂട്ടിനൽകുന്ന രീതിയാണ് ഭൂരിഭാഗം സ്വകാര്യ സ്ഥാപനങ്ങളും പിന്തുടരുന്നത്. പുതിയ കേന്ദ്ര ചട്ടത്തിൽ ഒരു ജീവനക്കാരന്‍റെ അടിസ്ഥാന ശമ്പളവും ഡി.എയും മൊത്തം ശമ്പളത്തിന്‍റെ കുറഞ്ഞത് 50 ശതമാനമെങ്കിലുമായിരിക്കണം. അലവൻസുകൾ 50 ശതമാനത്തിൽ കൂടാനും പാടില്ലെന്നാണ് വ്യവസ്ഥ. കേരളത്തിലെ ഐ.ടി, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ അതനുസരിച്ച് ശമ്പളഘടനയിൽ മാറ്റങ്ങൾ വരുത്തണം. അപ്പോൾ ഗ്രാറ്റുവിറ്റി കണക്കാക്കുന്നതിലും പി.ഫ് വിഹിതം അടക്കുന്നതിലും മാറ്റങ്ങൾ വരും. അവയിൽ അന്തിമ തീരുമാനമെടുക്കാൻ കേരളത്തിലെ തൊഴിൽ ദാതാക്കളും ബിസിനസുകാരും സംസ്ഥാന തൊഴിൽ വകുപ്പിന്‍റെ പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ്.

ഇതേകുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ ജസ്റ്റിസ് ഗോപാല ഗൗഡ കമീഷനെ നിയോഗിച്ചിരുന്നു. കമീഷൻ കേന്ദ്ര നിയമങ്ങൾ നടപ്പാക്കാൻ ചട്ടങ്ങൾ ശിപാർശ ചെയ്യുന്നതിനേക്കാൾ പ്രാധാന്യം നൽകിയത് പുതിയ മൂന്ന് സംസ്ഥാന നിയമങ്ങൾ നിർമിക്കണമെന്നതിലാണ്. ‘തൊഴിൽ’ എന്നത് ഭരണഘടനയുടെ കൺകറന്‍റ് ലിസ്റ്റിൽപെടുന്നതിനാൽ പുതിയ നിയമങ്ങൾക്ക് രാഷ്ട്രപതിയുടെ അനുമതി ആവശ്യമായിവരും. നിലവിലെ സാഹചര്യത്തിൽ അത് പുതിയ പ്രതിസന്ധിയും വിവാദവും സൃഷ്ടക്കലാകുമെന്ന് വിലയിരുത്തപ്പെടുന്നു. 

ഗോപാല ഗൗഡ കമീഷൻ റിപ്പോർട്ട് പരിഗണനയിൽ -ബിന്ദു കൃഷ്ണ

കൊച്ചി: പുതിയ തൊഴിൽ കോഡുമായി ബന്ധപ്പെട്ട ഗോപാല ഗൗഡ കമീഷൻ റിപ്പോർട്ട് സംസ്ഥാന സർക്കാർ പരിഗണിച്ചുവരുന്നതായി തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണ ‘മാധ്യമ’ത്തോട് പറഞ്ഞു. റിപ്പോർട്ടിന്മേൽ വിശദ ചർച്ചക്ക് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ട്രേഡ് യൂനിയനുകളുടെ യോഗം വിളിക്കും. അതിനുശേഷമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂ-മന്ത്രി പറഞ്ഞു.

Tags:    
News Summary - Uncertainty in the Labor Code in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.