കോഴിക്കോട്: പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്പ്കാർട്ടിന്റെ പരസ്യത്തിലൂടെ ലോകശ്രദ്ധനേടി വീണ്ടും മലപ്പുറം ജില്ലയിലെ കൊടിഞ്ഞി ഗ്രാമത്തിലെ ഇരട്ടപെരുമ. കൊടിഞ്ഞിയുടെ പ്രത്യേകതയെ തങ്ങളുടെ ബ്രാൻഡുമായി കോർത്തിണക്കിയാണ് ഫ്ലിപ്കാർട്ടിന്റെ ‘സസ ലേലേ’ പരസ്യം. ഡബ്ൾ ഡീലുകളെയും ഡബ്ൾ ഓഫറുകളെയും സൂചിപ്പിക്കുന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
ഹാസ്യാവതരണമാണ് പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇരട്ട ഓഫറുകളെ സൂചിപ്പിക്കാൻ കൊടിഞ്ഞിയിലെ സവിശേഷമായ ഇരട്ടപെരുമയെ കൂട്ടിയിണക്കുകയും ചെയ്തു. ‘കൊടിഞ്ഞിയുടെ ചോയ്സ്, ഡബ്ൾ ഡീൽ’ എന്ന വാചകത്തോടെയാണ് പരസ്യം. മേയ് ഒമ്പതിന് ആരംഭിക്കുന്ന പ്രത്യേക വിൽപ്പനക്ക് കൊടിഞ്ഞി സ്റ്റോർ എന്ന പേര് നൽകുകയും ചെയ്തു ഫ്ലിപ്കാർട്ട്. ‘2000 കുടുംബങ്ങളിലായി, 400ഓളം ജോഡികളുള്ള കൊടിഞ്ഞിയിലേക്ക് സ്വാഗതം’ എന്ന വാചകത്തോടെയാണ് പരസ്യത്തിന്റെ തുടക്കം. പിന്നീട് വിവിധ സന്ദർഭങ്ങളിലായി ഇരട്ടകളെ അവതരിപ്പിക്കുന്നു.
ആയിരത്തിലേറെ കുടുംബങ്ങളിൽ ഇരട്ടകളുള്ള ഗ്രാമമാണ് മലപ്പുറം ജില്ലയിലെ കൊടിഞ്ഞി. കാരണം തേടി നിരവധി ശാസ്ത്ര സംഘങ്ങൾ എത്തിയെങ്കിലും ശാസ്ത്രീയമായ വിശദീകരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ജനസംഖ്യയുടെ ഏകദേശം 20 ശതമാനവും ഇരട്ടക്കുട്ടികളാണ് കൊടിഞ്ഞിയിൽ. ഇന്ത്യയുടെ ട്വിൻ ടൗൺ എന്ന പേരും കൊടിഞ്ഞി സ്വന്തമാക്കിയിരുന്നു. ഏകദേശം 2,000 കുടുംബങ്ങളുള്ള ഈ ഗ്രാമത്തിൽ 400 മുതൽ 550 വരെ ജോഡി ഇരട്ടകളുണ്ടെന്നാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.