തൃശൂർ മെഡിക്കൽ കോളജിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി കെ. മുരളീധരൻ നിർവഹിക്കുന്നു

സർക്കാർ ആശുപത്രികളിൽ പുതിയ സ്റ്റാഫ് പാറ്റേൺ; കൂടുതൽ ഡോക്ടർമാരെ നിയമിക്കുമെന്നും മന്ത്രി കെ. മുരളീധരൻ

തൃശൂർ: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. തൃശൂർ സർക്കാർ മെഡിക്കൽ കോളജിൽ സംസ്ഥാന സർക്കാറിന്റെ 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ 1960-കളിലെ സ്റ്റാഫ് പാറ്റേൺ ആണ് പിന്തുടരുന്നത്. കൂടുതൽ ഡോക്ടർമാരെ നിയമിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ആശുപത്രികളിലെ മരുന്നുകളുടെ ക്ഷാമത്തിന് ഈ മാസം തന്നെ പരിഹാരമുണ്ടാകും. മരുന്നില്ലാതെ രോഗികൾ ബുദ്ധിമുട്ടുന്ന സാഹചര്യം ഉണ്ടാകരുത്. എക്കാലത്തും സാധാരണക്കാരുടെ പ്രധാന ആശ്രയമായ സർക്കാർ ആശുപത്രികളിൽ മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

മികച്ച ചികിത്സാ സൗകര്യങ്ങളുള്ള തൃശൂർ മെഡിക്കൽ കോളജിൽ, നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾ കൂടി പൂർത്തിയാകുന്നതോടെ കൂടുതൽ കിടത്തിച്ചികിത്സ സൗകര്യങ്ങൾ ലഭ്യമാകുമെന്ന് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. കൂടുതൽ മികച്ച ചികിത്സാ സേവനം ഉറപ്പാക്കാൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

4.73 കോടി രൂപ ചെലവഴിച്ച് നിർമിച്ച പത്ത് ബെഡ്ഡുകളുള്ള സമഗ്ര സ്ട്രോക്ക് കെയർ യൂനിറ്റ്, പത്ത് കോടി രൂപയുടെ 1.5 ടെസ്‌ല എം.ആർ.ഐ സ്കാനിങ് സംവിധാനം, 1.20 കോടി രൂപ വകയിരുത്തി നവീകരിച്ച നവജാതശിശു തീവ്രപരിചരണ വിഭാഗം, 7.85 ലക്ഷം രൂപ ചെലവിൽ വിപുലീകരിച്ച സെൻട്രൽ മെഡിക്കൽ ഗ്യാസ് ആൻഡ് ഓക്സിജൻ പ്ലാന്റ് എന്നിവയാണ് നാടിന് സമർപ്പിച്ചത്. പെയ്ൻ ആൻഡ് പാലിയേറ്റിവ് ഹൗസ് വിസിറ്റ്, ഓങ്കോ റീഹാബിലിറ്റേഷൻ ക്ലിനിക്ക്, ഉപകരണ സമാഹരണത്തിനായുള്ള ‘സുഗമം’ ക്രൗഡ് ഫണ്ടിങ് പദ്ധതി എന്നിവക്കും തുടക്കമായി.

വിവിധ സി.എസ്.ആർ പദ്ധതികൾക്കുള്ള രേഖകൾ ജില്ല കലക്ടർ ശിഖ സുരേന്ദ്രൻ ഏറ്റുവാങ്ങി. മെഡിക്കൽ കോളജ് അലുംനി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണൻ എം.പി, തൃശൂർ കോർപറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി വിശ്വംഭരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മിനി ഹരിദാസ്, സിന്ധു അജയകുമാർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. കെ. അനിൽരാജ്, ഗവ. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ലിജോ ജെ. കൊള്ളന്നൂർ തുടങ്ങിയവർ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.