ഇ.പി. ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു: ചുമത്തിയത് വധശ്രമം, ഗൂഢാലോചന കുറ്റങ്ങൾ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈയേറ്റം ചെയ്തെന്ന പരാതിയിൽ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനെ ഒന്നാം പ്രതിയാക്കി കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ എസ്. അനിൽകുമാർ, പേഴ്സണൽ അസിസ്റ്റന്‍റ് വി.എം. സനീഷ് എന്നിവരാണ് മറ്റ് രണ്ട് പ്രതികൾ.

യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, കെ. നവീൻകുമാർ എന്നിവർ നൽകിയ പരാതിയിൽ ജയരാജൻ അടക്കം മൂന്ന് പേർക്കുമെതിരെ കേസെടുക്കാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ലെനി തോമസ് ഉത്തരവിട്ടിരുന്നു. ഗൂഢാലോചന, വധശ്രമം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ വരുന്ന ഐ.പി.സി 120 (ബി), 307, 308, 506 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

തനിക്കെതിരെ നടന്നത് ഭീകരാക്രമണമാണെന്നും അക്രമം തടയാനാണ് ജയരാജൻ ശ്രമിച്ചതെന്നും കേസെടുക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. കേസെടുക്കാൻ പിറ്റേദിവസം കോടതി നിർദേശം വന്നത് മുഖ്യമന്ത്രിക്കും സർക്കാറിനും പൊലീസിനും കനത്ത തിരിച്ചടിയായി. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്നത് വധശ്രമക്കേസെന്ന നിലയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. തങ്ങളെ മർദിച്ച മൂന്ന് പേർക്കെതിരെയും കേസെടുക്കണമെന്ന് അവർ പൊലീസിന് പരാതി നൽകിയിരുന്നു.

എന്നാൽ, മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമം തടയുകയാണ് ഇ.പി. ജയരാജൻ ചെയ്തതെന്നും കേസെടുക്കേണ്ടതില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. തുടർന്നാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോടതിയെ സമീപിച്ചത്. ഇൻഡിഗോ വിമാനക്കമ്പനിയുടെ അന്വേഷണ കമീഷൻ റിപ്പോർട്ടിൽ ഇ.പി. ജയരാജൻ നടത്തിയത് ലെവൽ രണ്ട് പ്രകാരമുള്ള കുറ്റമാണെന്നും യൂത്ത് കോൺഗ്രസുകാരുടേത് ലെവൽ ഒന്ന് പ്രകാരമുള്ള കുറ്റമാണെന്നും കണ്ടെത്തിയിരുന്നു. യൂത്ത് കോൺഗ്രസുകാർക്ക് രണ്ടാഴ്ചത്തേക്കും ജയരാജന് മൂന്നാഴ്ചത്തേക്കും യാത്ര വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു.

ജയരാജൻ മർദിച്ചെന്ന് എഫ്.ഐ.ആർ

മുഖ്യമന്ത്രി വിമാനത്തിൽനിന്ന് പുറത്തിറങ്ങാനെഴുന്നേറ്റപ്പോൾ പരാതിക്കാർ സീറ്റിൽനിന്ന് എഴുന്നേറ്റ് 'യൂത്ത് കോൺഗ്രസ് സിന്ദാബാദ്, പ്രതിഷേധം, പ്രതിഷേധം' എന്ന് വിളിച്ചെന്നും ഈ സമയം ഇ.പി. ജയരാജൻ മുഖ്യമന്ത്രിയുടെ മുന്നിൽവെച്ച് 'പ്രതിഷേധിക്കാൻ നീയൊക്കെ ആരെടാ' എന്ന് ആക്രോശിച്ച് ഭീഷണിപ്പെടുത്തി കൈകൊണ്ട് നവീൻകുമാറിന്‍റെ മൂക്കും മുഖവും ഇടിച്ച് പരിക്കേൽപിച്ചെന്നും രണ്ടുപേരെയും തള്ളി നിലത്തിട്ടെന്നും എഫ്.ഐ.ആറിൽ പറയുന്നു. പ്രതികൾ മൂന്നുപേരും ചേർന്ന് പരാതിക്കാരെ അതിഭീകരമായി മർദിച്ചെന്നും ഇ.പി. ജയരാജൻ ഫർസീൻ മജീദിന്‍റെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപാതക ശ്രമം നടത്തിയെന്നും എഫ്.ഐ.ആറിലുണ്ട്.

Tags:    
News Summary - flight protest: case registered against EP Jayarajan under non-bailable section

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.