എം.സി മായിൻ ഹാജി

വഖഫ് ബോർഡിൽ എല്ലാ വിഭാഗം സംഘടനകൾക്കും പ്രാതിനിധ്യമുണ്ടാകും; നിയമവും ഭരണഘടനയും അനുസരിച്ച് പ്രവർത്തിക്കുമെന്നും എം.സി. മായിൻ ഹാജി

കോഴിക്കോട്: നിയമവും നീതിയും ഭരണഘടനയും അനുസരിച്ച് പ്രവർത്തിക്കുമെന്ന് നിയുക്ത വഖഫ് ബോർഡ് ചെയർമാൻ എം.സി. മായിൻ ഹാജി. വഖഫ് ബോർഡിൽ എല്ലാ വിഭാഗം സംഘടനകൾക്കും പ്രാതിനിധ്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തിന് വിരുദ്ധമായി ഒരു കാര്യവും ചെയ്യില്ല, ആരെയും ചെയ്യാൻ അനുവദിക്കില്ല. അമുസ്‍ലിം നിയമനത്തിലടക്കം തീരുമാനമെടുക്കേണ്ടത് സർക്കാറാണ്. കോടതി തീരുമാനത്തിന് അനുസരിച്ച് നിലപാടെടുക്കും. കെ.എസ്. ഹംസയുടെ കേസ് സർക്കാറുമായിട്ടാണ്. മുനമ്പം വിഷയത്തിൽ റഷീദലി ശിഹാബ് തങ്ങൾ ചെയർമാനായ ബോർഡ് എടുത്ത തീരുമാനം കൈക്കൊള്ളണമെന്നാണ് വ്യക്തിപരമായ ആഗ്രഹമെന്നും മായിൻ ഹാജി പറഞ്ഞു.

സംസ്ഥാന സർക്കാർ കേരള വഖഫ് ബോർഡ് പുനസംഘടിപ്പിച്ച ഉത്തരവ് ഇന്ന് രാവിലെയാണ് പുറത്തിറങ്ങിയത്. എം.സി മായിൻ ഹാജി ചെയർമാനാകുന്ന വഖഫ് ബോർഡിൽ, കുറുക്കോളി മൊയ്തീൻ, മുസ്‌തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്‍കുഞ്ഞ് മൗലവി തുടങ്ങിയവർ പുതിയ അംഗങ്ങളാകും. അമുസ്‌ലിം അംഗങ്ങളെ സർക്കാർ ബോർഡിലേക്ക് നാമനിർദേശം ചെയ്തിട്ടില്ല. നിലവിലെ ബോർഡ് പിരിച്ചുവിട്ട് സമ്പൂർണ പുനഃസംഘടനയാണ് സർക്കാർ നടത്തിയത്. രണ്ട് അമുസ്‌ലിം അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തുന്നതിൽ സുപ്രീംകോടതിയിലും ഹൈകോടതിയിലും ഉള്ള കേസിലെ അന്തിമ വിധിക്ക് അനുസൃതമായാണ് തീരുമാനം.

എന്നാൽ, സുപ്രീംകോടതിയിലും ഹൈകോടതിയിലും നിലനിൽക്കുന്ന കേസ് ഉത്തരവിൽ ചുണ്ടിക്കാട്ടിയുണ്ട്. നേരത്തെ നിരവധി തവണ വഖഫ് ബോർഡ് അംഗമായിരുന്നു മുസ്‍ലിം ലീഗ് നേതാവ് മായിൻ ഹാജിയാണ് പുതിയ ചെയർമാൻ. നേതൃവിമർശനത്തിന് സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കിയ മുസ്തഫൽ ഫൈസി ബോർഡിൽ അംഗമാണ്. 11 അംഗങ്ങളിൽ ഒമ്പത് പേരെയാണ് ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നത്.

സമസ്ത, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, കേരള നദ്‌വത്തുൽ മുജാഹിദ്ദീൻ ഉൾപ്പെടെയുള്ള പ്രമുഖ മതസംഘടനകളുടെ പ്രാതിനിധ്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തദ്ദേശ വകുപ്പിൽ നിന്നുള്ള ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ഒമ്പത് പേരുടെ പുനഃസംഘടന നടത്തിയിരിക്കുന്നത്. മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റും സമസ്ത കേരള ഇസ്‍ലാംമത വിദ്യാഭ്യാസ ബോർഡ് അംഗവുമാണ് എം.സി മായിൻ ഹാജി. തുടർച്ചയായ 18 വർഷം സംസ്ഥാന വഖഫ് ബോർഡിൽ മുത്തവല്ലി വിഭാഗത്തിൽ നിന്നുള്ള തെരഞ്ഞെടുത്ത അംഗമായിരുന്നു. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്‍റർപ്രൈസസ് ചെയർമാൻ, കേരള സ്റ്റേറ്റ് വഖഫ് ബോർഡ് മെമ്പർ, കാലിക്കറ്റ് ഡെവലപ്മെൻറ് അതോറിറ്റി ചെയർമാൻ, കേരള ഹാൻഡിക്രാഫ്റ്റ് കോർപറേഷൻ ഡയറക്ടർ, കേരള ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ ഡയറക്ടർ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം എന്നീ പദവികളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Tags:    
News Summary - All Muslim Organizations Will Have Representation on the Waqf Board -M.C. Mayin Haji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.