‘മാസപ്പടി’യിൽ തർക്കം, വാക്കേറ്റം; ഒറ്റപ്പെട്ട് കുഴൽനാടൻ

തിരുവനന്തപുരം: മാസപ്പടി കേസിൽ സർക്കാർ നിലപാടിനെതിരെ രൂക്ഷവിമർശനമുന്നയിച്ച മാത്യു കുഴൽനാടന്‍റെ നിലപാട് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗത്തിൽ തർക്കത്തിനും ഒടുവിൽ വാക്കേറ്റത്തിനും ഇടയാക്കി. മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്ത മന്ത്രി രമേശ് ചെന്നിത്തലയും കെ.പി.സി.സി പ്രസിഡന്‍റ് കൂടിയായ മന്ത്രി സണ്ണി ജോസഫുമടക്കം നിലപാടിൽ ഉറച്ചുനിന്നതോടെ യോഗത്തിൽ ഒറ്റപ്പെട്ട മാത്യു കുഴൽനാടൻ ഒടുവിൽ ഇറങ്ങിപ്പോയി.

എക്സാലോജിക് കേസിൽ ഒറ്റയാൾ പോരാട്ടമാണ് താൻ നടത്തിയതെന്നും അതിന്റെ പേരിൽ വേട്ടയാടപ്പെട്ടെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം സംസാരം തുടങ്ങിയത്. പിണറായി വേട്ടയാടിയത് തന്നെ മാത്രമാണ്. വിജിലൻസ് അന്വേഷണം വരെ നേരിട്ടു. ഉമ്മൻ ചാണ്ടിക്ക് കൊടുക്കാത്ത നീതി പിണറായിക്ക് കൊടുക്കാൻ ആർക്കാണിത്ര നിർബന്ധം?. ഉമ്മൻ‌ ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ശ്രമം നടത്തിയവരാണിവർ എന്നത് മറക്കരുത്. എല്ലാ എം.എൽ.എമാരുടെയും വികാരമാണ് താൻ പങ്കുവെക്കുന്നതെന്നും മാത്യു വ്യക്തമാക്കി. എന്നാൽ, എല്ലാ എം.എൽ.എമാരുടെയും വികാരം മാത്യു അവതരിപ്പിക്കേണ്ടതില്ലെന്ന് യോഗത്തിൽ അപ്പോൾതന്നെ മറുപടിയുണ്ടായി. പിന്നാലെ ‘നടപടിക്രമങ്ങൾ പാലിച്ചാണ് സർക്കാർ നടപടി സ്വീകരിച്ചതെന്നും മാത്യുവിന് കാര്യങ്ങൾ മനസ്സിലായില്ലെങ്കിൽ എന്തു ചെയ്യാൻ’ എന്ന് വ്യക്തമാക്കി ചെന്നിത്തലയും അതൃപ്തി മറച്ചില്ല. അതിവേഗം കേസെടുക്കേണ്ട എന്നതാണ് ശരിയായ രാഷ്ട്രീയ ലൈനെന്നും മാത്യുവിന് കാര്യങ്ങൾ മനസ്സിലാകാത്തതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പക്ഷേ, മാത്യു തൃപ്തനായില്ല. പിന്നാലെ തന്‍റെ ചോരയും നീരും കൂടി ചേർന്നതാണ് ഈ സർക്കാറെന്നതടക്കം മാത്യു വൈകാരികമായി പറഞ്ഞു.

സർക്കാറിന്റെ പ്രവർത്തനത്തിന് വികാരമല്ല, വിവേകമാണ് വേണ്ടതെന്ന മുഖ്യമന്ത്രിയുടെ മറുപടിയെ മന്ത്രിമാരായ രമേശ് ചെന്നിത്തലയും കെ. മുരളീധരനും സണ്ണി ജോസഫും മുഖ്യമന്ത്രിയെ പിന്തുണച്ചു. നിയമപരമായും രാഷ്ട്രീയമായും ഗൗരവത്തോടെയാണ് സർക്കാർ കാര്യങ്ങൾ കൈകാര്യം ചെയ്തതെന്ന് വിശദീകരിച്ച മുഖ്യമന്ത്രി, മാത്യു കേസിന് പോയിട്ട് എന്തായെന്നും പിണറായിക്ക് അത് ഗുണകരമാവുകയല്ലേ ചെയ്തതെന്നും ചോദിച്ചു. പുനർജനി കേസിൽ തന്നെയും വേട്ടയാടിയിട്ടുണ്ട്. ഇ.ഡി നൽകിയ കത്തിൽ ധൃതിയിൽ കേസുമായി പോകുന്നത് രാഷ്ട്രീയമായി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെയും പിണറായി കേസെടുക്കാൻ ശ്രമം നടത്തിയെന്നും മാത്യു കേസിന് പോകുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും രമേശ് ചെന്നിത്തലയും കൂട്ടിച്ചേർത്തു.

Tags:    
News Summary - Dispute and Heated Exchange Over ‘Masapadi Case’; Mathew Kuzhalnadan Left Isolated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.