ഫസ്റ്റ് ബെല്‍ : തിങ്കളാഴ്ച മുതല്‍ കൈറ്റ് വിക്ടേഴ്സില്‍ പുതിയ ക്ലാസുകള്‍

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴിയും സംപ്രേഷണം ചെയ്യുന്ന 'ഫസ്റ്റ്ബെല്‍' പദ്ധതിയില്‍ തിങ്കളാഴ്ച (ജൂണ്‍ 15) മുതല്‍ പുതിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ട്രയല്‍ അടിസ്ഥാനത്തില്‍ സംപ്രേഷണം ചെയ്ത ക്ലാസുകള്‍ മുഴുവന്‍ കുട്ടികള്‍ക്കും കാണാന്‍ അവസരം ഒരുക്കിയിരുന്നു. തിങ്കളാഴ്ച മുതല്‍ നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തില്‍ തന്നെയായിരിക്കും പുതിയ വിഷയങ്ങളടങ്ങിയ ക്ലാസുകള്‍ സംപ്രേഷണം ചെയ്യുക. 

ആദ്യ ക്ലാസുകൾക്ക്​ ശേഷം ഉയർന്നു വന്ന അഭിപ്രായമനുസരിച്ച്​ ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് കുറച്ചുകൂടി സഹായകമാകുന്നവിധം ഇംഗ്ലീഷ് വാക്കുകള്‍ എഴുതിക്കാണിക്കാനും, ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷാ ക്ലാസുകളില്‍ മലയാള വിശദീകരണം നല്‍കാനും കൂടുതല്‍ വിഷയങ്ങള്‍ ഉള്‍പ്പെടുത്താനും സംവിധാനമൊരുക്കിയിട്ടുണ്ടെന്ന് കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

ആദ്യ ക്ലാസുകള്‍ക്ക് മികച്ച പ്രതികരണമാണ് കുട്ടികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നുമെല്ലാം ലഭിച്ചത്. വിക്ടേഴ്സ് വെബില്‍ 27 ടെറാബൈറ്റ് ‍ഡൗണ്‍ലോഡ് ഒരു ദിവസം നടന്നു. ഫേസ്ബുക്കില്‍ വരിക്കാർ പത്തു ലക്ഷത്തോളമായി. പ്ലേ സ്റ്റോറില്‍ നിന്ന്​ 16.5 ലക്ഷം പേർ വിക്ടേഴ്സ് മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡുചെയ്തു. ചില ക്ലാസുകള്‍ 40 ലക്ഷത്തിലധികമാളുകൾ കണ്ടു. ഗള്‍ഫ് നാടുകളിലും അമേരിക്ക-യൂറോപ്പ് ഭൂഖണ്ഡങ്ങളിലും ക്ലാസുകള്‍ക്ക്​ കാഴ്​ചക്കാരുണ്ടായി. 

കൈറ്റ് വിക്ടേഴ്സ് ചാനലിനു പുറമെ ഫേസ്ബുക്കില്‍ victerseduchannelല്‍ ലൈവായും, യുട്യൂബില്‍ itsvicters വഴിയും ക്ലാസുകള്‍ കാണാം. തിങ്കള്‍ മുതല്‍ വെള്ളി വരെ പത്ത്​, പന്ത്രണ്ട്​ ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ഒന്നു മുതല്‍ ഒന്‍പതുവരെ ക്ലാസുകള്‍ക്ക് നിലവിലുള്ളതുപോലെ ശനി, ഞായര്‍ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം. പുനഃസംപ്രേഷണ സമയത്ത് കാണാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പിന്നീട് വെബില്‍ നിന്ന്​ ഓഫ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്തും ക്ലാസുകള്‍ കാണാം.

തമിഴ്, കന്ന‍ട മീഡിയം ക്ലാസുകള്‍

തമിഴ് മീഡിയം ക്ലാസുകള്‍ youtube.com/drcpkd ലിങ്കിലും കന്നട മീഡിയം ക്ലാസുകള്‍ youtube.com/KITEKasaragod ലിങ്കിലും ലഭ്യമാക്കും. കൈറ്റി​​െൻറ പാലക്കാട്, കാസർകോട്​, ഇടുക്കി ജില്ലാ ഓഫീസുകളുടെ നേതൃത്വത്തില്‍ ഡയറ്റുകളുടെ അക്കാദമിക പിന്തുണയോടെയും എസ്.എസ്.കെ.യുടെ സഹായത്തോടെയുമാണ് തമിഴ്, കന്നട ക്ലാസുകള്‍ തയാറാക്കുന്നത്. ആദ്യ അഞ്ചുദിവസം ട്രയല്‍ അടിസ്ഥാനത്തിലാണ്. 

പ്രാദേശിക കേബിള്‍ ചാനലുകളില്‍ ക്ലാസുകൾ സംപ്രേഷണം ചെയ്യുന്നതി​​െൻറ സാധ്യതയും പരിശോധിക്കുന്നുണ്ട്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ വിഷയാധിഷ്ഠിത ടൈംടേബിള്‍ കൈറ്റ് വെബ്സൈറ്റില്‍ (www.kite.kerala.gov.in) ലഭ്യമാണ്.

 

Tags:    
News Summary - first bell; new classes in kite victers channel -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.