തിരുവനന്തപുരം: കൃഷി വകുപ്പ് ഡയറക്ടറേറ്റിലെ സാമ്പത്തിക തിരിമറിയിൽ വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിട്ടും രേഖകൾ ഹാജരാക്കാത്തവർക്ക് വിവരാവകാശ കമ്മിഷൻ ഒന്നര ലക്ഷം രൂപ പിഴയിട്ടു. ഒരു സംഘം ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്കും നിർദേശിച്ചു. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച് അഗ്രിക്കൾച്ചറൽ പ്രൊഡക്ഷൻ കമ്മിഷണർ, സംസ്ഥാന ട്രഷറീസ് ഡയറക്ടർ എന്നിവർ റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ.എ.അബ്ദുൽ ഹക്കീം ഉത്തരവിട്ടു.
കൃഷി വകുപ്പിന്റെ അനുബന്ധ സ്ഥാപനമായ ‘സമേതി’ക്ക് 2018 ൽ അനുവദിച്ച 10 ലക്ഷം രൂപ കോഴിക്കോടുള്ള വനജയുടെ അകൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്തത് തിരികെ വന്നതിന്റെ രേഖകൾ ചോദിച്ച് വിവരാവകാശ കമ്മിഷനിലെത്തിയ അപ്പീൽ ഹരജി തീർപ്പാക്കിയാണ് ഉത്തരവ്. തിരുപുറം മനവേലി മിസ്പയിൽ മെർവിൻ എസ്.ജോയിയും മാതാവും കൃഷിവകുപ്പ് ഉദ്യോഗസ്ഥയുമായ എസ്.സുനിതയുമാണ് കമ്മിഷനെ സമീപിച്ചത്. അത്തരം രേഖകൾ ഒന്നുമില്ലെന്നാണ് ഉദ്യോഗസ്ഥർ കമീഷനെ അറിയിച്ചത്.
തുടർന്ന് വകുപ്പ് ആസ്ഥാനത്തെ വിവരാധികാരി, അപ്പീൽ അധികാരി, അകൗണ്ട്സ് ഓഫീസർ, വിജിലൻസ് ഓഫീസർ, കൃഷി ഡയറക്ടർ, ട്രഷറി ഓഫീസർ തുടങ്ങിയവരെ വിളിച്ചുവരുത്തി കമ്മിഷൻ മൊഴിയെടുത്തു. ചട്ടങ്ങൾ പാലിക്കാതെ സാമ്പത്തിക ക്രയ വിക്രയം നടന്നതായി കണ്ടെത്തിയ കമ്മിഷൻ തെറ്റ് ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ചിലരെ കുറ്റക്കാരാക്കി ജോലിയിൽ നിന്ന് പുറത്താക്കിയെന്ന ഹരജിക്കാരുടെ ആരോപണത്തിൽ വസ്തുതയുണ്ടെന്നും വിലയിരുത്തി. എസ്. സുനിതയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കമ്മിഷൻ നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.