ഐ.ടി വകുപ്പിൽ ക്രമവിരുദ്ധമായ നിയമനങ്ങൾ നടത്തിയെന്ന് ധനകാര്യ പരിശോധനാ റിപ്പോർട്ട്

കൊച്ചി: ഐ.ടി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കെ.എസ്.ഐ.ടി.ഐ.എൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ 2011-12 സാമ്പത്തികവർഷം മുതൽ നടത്തിയ നിയമനങ്ങൾ ചട്ടപ്രകാരവും സുതാര്യവുമായിരുന്നില്ലെന്ന് ധനകാര്യ പരിശോധനാ റിപ്പോർട്ട്. നിയമനം സംബന്ധിച്ച് ആക്ഷേപം ഉയർന്നപ്പോൾ ഇക്കാര്യം പരിശോധിക്കാൻ മുഖ്യമന്ത്രിയാണ് ഉത്തരവിട്ടത്. 2020 ആഗസ്റ്റ് ആറ് മുതൽ ഫെബ്രുവരി വരെ ഇൻറർനാഷണൽ സെൻറർ ഫോർ ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ (ഐ.സി.ഒ.എസ്.എസ്) എന്ന സ്ഥാപനത്തിൽ പരിശോധന നടത്തി. അതിലൂടെ പുറത്ത് വന്നത് വ്യവസ്ഥയും വെള്ളിയാഴ്ചയുമില്ലാതെ നടത്തിയ നിയമനങ്ങളുടെ ചിത്രമാണ്.

സംസ്ഥാനത്തെ ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുന്നതിന് ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം 2009ൽ രൂപീകരിച്ച സ്വയംഭരണ സ്ഥാപനമാണിത്. വിവരസാങ്കേതികവിദ്യ വകുപ്പിന്‍റെ 2008 ജൂലൈ 23ലെ ഉത്തരവ് പ്രകാരമാണ് ഇതിന് ഭരണാനുമതി നൽകിയത്. മെമ്മോറാണ്ടം ഓഫ് അസോസിയേഷൻ (എം.ഒ.എ) പ്രകാരം (കരട്) ഭരണപരമായ കാര്യനിർവഹണത്തിന് ഗവേണിങ് ബോഡിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിലുണ്ട്. എന്നാൽ, ഈ കരടിന് സർക്കാർ അംഗീകാരം ലഭിച്ചിട്ടില്ല. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ - വിവരസാങ്കേതികവിദ്യ വകുപ്പ് സെക്രട്ടറി (ചെയർമാൻ), ഐ.ടി പാർക്കിന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രച്ചർ (കെ.എസ്.ഐ.ടി.ഐ.എൽ) ഡയറക്ടർ, ധനകാര്യവകുപ്പിലെ പ്രതിനിധി, മറ്റ് ഏഴ് പേരിൽ സർക്കാർ നോമിനേറ്റ് ചെയ്യുന്നവരായിരിക്കും എന്നാണ് കരടിലെ നിർദ്ദേശം.

വിവര സാങ്കേതിക വകുപ്പിന്‍റെ 2020 ജനുവരി 24ലെ ഉത്തരവ് പ്രകാരം സെന്‍ററിന്‍റെ സുഗമമായ പ്രവർത്തനങ്ങൾക്കായി 15 തസ്തികകൾ സൃഷ്ടിച്ചിരുന്നു. എന്നാൽ, ഈ അനുവദിക്കപ്പെട്ട തസ്തികയിലേക്കുള്ള നിയമനം നാളിതുവരെ നടന്നിട്ടില്ല. 2009ൽ രൂപീകൃതമായ സ്ഥാപനത്തിൽ 2020 ജനുവരി 24ന് മാത്രമാണ് തസ്തിക അനുവദിച്ചു ഉത്തരവിറങ്ങിയത്. 2009 മുതൽ സർക്കാർ അംഗീകരിക്കാത്ത നിരവധി തസ്തികയിലേക്ക് നിയമനം നടത്തി. സെൻററിലെ നിയമനം സംബന്ധിച്ച് പ്രത്യേക ചട്ടം നാളിതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. കൺസൾട്ടൻസി കമ്പനികൾ വഴി നിയമനം ലഭിച്ചവരും കരാർ ജീവനക്കാരും ഉൾപ്പെടെ നിലവിൽ ഈ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 53 ജീവനക്കാരുടെ വിവരങ്ങൾ പരിശോധിച്ചു. ചില ഉദാഹണങ്ങൾ മാത്രം പരിശോധിച്ചാൽ നിയമനത്തിലെ അട്ടിമറി വ്യക്തമാകും.

2017 മാർച്ച് 27ലെ നോട്ടിഫിക്കേഷൻ പ്രകാരം നിയമനം നടത്തുന്നതിന് പത്രപ്പരസ്യം നൽകി. പ്രോഗ്രാം മേധാവി (റിസർച്ച് ആൻഡ് അക്കാദമിക്) തസ്തികയിലെ നിയമനത്തിനായി ഏപ്രിൽ 22ലെ ഉത്തരവ് പ്രകാരം ഇൻറർവ്യൂ ബോർഡ് രൂപീകരിച്ചു. തസ്തികയിലേക്ക് ഗവേണിങ് ബോഡിയിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും അംഗമായ എം. അരുൺ അപേക്ഷ സമർപ്പിച്ചു. അരുണിനെ നിയമിക്കാൻ ഇൻറർവ്യൂ ബോർഡ് ശിപാർശ നൽകി. ഐ.ടി സെക്രട്ടറി എം. ശിവശങ്കരൻ, സി-ഡാക്ക് അസോസിയേറ്റ് ഡയറക്ടർ പി.എം. ശശി, കേരള സ്റ്റാർട്ടപ്പ് മിഷൻ എക്സിക്യൂട്ടീവ് ഓഫിസർ ഡോ. സജി ഗോപിനാഥ്, ഐ.സി.എഫ്.ഒ.എസ്.എസ് ഡയറക്ടർ ഡോ. ജയശങ്കർ പ്രസാദ് എന്നിവരായിരുന്നു ഇൻറർവ്യൂ ബോർഡിലെ അംഗങ്ങൾ. ഇൻറർവ്യൂവിന് എത്തിയ ഉദ്യോഗാർഥി അരുണും ഈ കാലയളവിൽ ഈ സ്ഥാപനത്തിലെ അംഗമായിരുന്നു. സ്ഥാപനത്തിലെ ഗവേണിങ് ബോഡിയിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും അംഗമായ അരുണിനെ ബോർഡിലെ മറ്റൊരു അംഗം ഇൻറർവ്യൂ ചെയ്ത് ഉയർന്ന മാർക്ക് നൽകി. ഇൻറർവ്യൂവിന് ആകെയുള്ള 10 മാർക്കിൽ എട്ട് മാർക്ക് അദ്ദേഹത്തിനു ലഭിച്ചു. അരുണിനെക്കാൾ അക്കാദമി യോഗ്യതയും ഡോക്ടറേറ്റും ഉണ്ടായിരുന്ന ആർ.ആർ. രാജീവിനേക്കാളും ആറ് മാർക്ക് അരുണിന് അധികം ലഭിച്ചു.

സ്ഥാപനത്തിന്‍റെ ഗവേണിങ് ബോഡിയിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും അംഗമായിരിക്കെ അരുണിന് കരാർ വ്യവസ്ഥയിൽ നൽകിയ നിയമനം ക്രമപ്രകാരമല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. അരുൺ അപേക്ഷ നൽകിയ നടപടി സ്വാഭാവിക നീതിക്ക് നിരക്കുന്നതല്ല. ഇൻറർവ്യൂ ബോർഡിലെ അംഗങ്ങളെ സ്വാധീനിക്കാനുള്ള സാഹചര്യം ഇവിടെ പകൽപോലെ വ്യക്തമാണ്. ഈ നിയമത്തിൽ സുതാര്യതയില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അരുണിന്‍റെ സേവനം അവസാനിപ്പിക്കുന്നതിന് ഭരണ വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം.

അപേക്ഷ ക്ഷണിക്കാതെയും നിയമനം

അപേക്ഷ ക്ഷണിക്കാതെയും നിയമനം നടത്താനുള്ള അധികാരം എം. ശിവശങ്കരൻ അടക്കമുള്ള അധികാര കേന്ദ്രങ്ങൾക്ക് ഉണ്ടായിരുന്നുവെന്നാണ് ഫയലുകൾ വ്യക്തമാക്കുന്നത്. 2017ലെ പത്ര പരസ്യത്തിൽ മൂന്ന് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു പേർ പ്രോഗ്രാം മേധാവിയും മൂന്നാമത്തേത് ടെക്നിക്കൽ കോഓർഡിനേറ്ററുമായിരുന്നു. 2017 മേയ് നാലിന് നിയമനം നടന്നു. അതിനോടൊപ്പം ഡയറക്ടറുടെ ഉത്തരവ് പ്രകാരം ടെക്നിക്കൽ കൺസൾട്ടൻറ് എന്ന തസ്തികയിലേക്ക് പ്രതിമാസം 60,000-70,000 രൂപ ശമ്പള നിരക്കിൽ നാലാമതായി ആർ. സമ്പത്ത് കുമാറിനെക്കൂടി നിയമിച്ചു. അദ്ദേഹം അപേക്ഷ നൽകിയത് പ്രോഗ്രാം മേധാവിയുടെ തസ്തികയിലേക്കാണ്.

നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ ക്ഷണിക്കാത്ത ടെക്നിക്കൽ കൺസൾട്ടന്‍റ് തസ്തികയിലേക്ക് സമ്പത്ത് കുമാറിന് നിയമനം നൽകാൻ അന്നത്തെ ഐ.ടി സെക്രട്ടറിയും എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനുമായ എം. ശിവശങ്കരൻ ഉൾപ്പെട്ട ഇൻറർവ്യൂ ബോർഡ് ശിപാർശ നൽകി. തുടർന്ന് നിയമനവും നൽകി. ഗവേണിങ് ബോഡി നിയമനം നടത്താൻ തീരുമാനിക്കാത്ത, നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷ ക്ഷണിക്കാത്ത ടെക്നിക്കൽ കൺസൾട്ടന്‍റ് തസ്തികയിലേക്ക് സമ്പത്ത് കുമാറിനെ നിയമിക്കാൻ ശിപാർശ നൽകിയ ഇൻറർവ്യൂ ബോർഡിന്‍റെ തീരുമാനം ക്രമവിരുദ്ധവും അധികാരദുർവിനിയോഗവുമാണെന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ സമ്പത്ത് കുമാറിന്‍റെ സേവനം അവസാനിപ്പിക്കുന്നതിനുള്ള നടപടികൾ ഭരണ വകുപ്പ് സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.

ഈ അധികാരദുർവിനിയോഗത്തിൽ പ്രധാന പങ്കുവഹിച്ചത് എം. ശിവശങ്കരനും ഡയറക്ടർ ജയശങ്കർ പ്രസാദുമാണ്. 2020 ജനുവരി 24ലെ സർക്കാർ ഉത്തരവിൽ ടെക്നിക്കൽ കൺസൾട്ടന്‍റ് എന്ന തസ്തിക ഉൾപ്പെടുത്തിയിരുന്നില്ല. ഈ സ്ഥാപനത്തിൽ അങ്ങനെയൊരു തസ്തിക അത്യന്താപേക്ഷിതമായിരുന്നില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി. 

Tags:    
News Summary - Financial audit report that irregular appointments were made in the IT department

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.