തൊടുപുഴ: ചലച്ചിത്ര നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ആരോപണവുമായി നിര്‍മാതാവ് ഹസീബ് മലബാര്‍. സിനിമ ഷൂട്ടിങ്ങിനിടെ ശ്രീനാഥ് ഭാസി കഞ്ചാവ് ആവശ്യപ്പെട്ടെന്നാണ് ആരോപണം. നടനെതിരെ ആരോപണമുന്നയിച്ച് വ്യാഴാഴ്ച ഹസീബ് ഫേസ്ബുക്കില്‍ കുറിപ്പിടുകയായിരുന്നു. ‘‘പുലർച്ച മൂന്നിന് ഫോണില്‍ വിളിച്ച് കഞ്ചാവ് കിട്ടിയേ പറ്റുകയുള്ളൂവെന്ന് പറഞ്ഞ നടനും ഉണ്ട്; പേര് ശ്രീനാഥ് ഭാസി’’ -എന്നാണ് ഹസീബ് ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ്.
‘നമുക്ക് കോടതിയില്‍ കാണാം’ എന്ന സിനിമിയുടെ ഷൂട്ടിങ് കോഴിക്കോട്ട് നടക്കുമ്പോള്‍ പുലർച്ച മൂന്നോടെ സെറ്റിലുണ്ടായിരുന്ന തന്റെ പ്രതിനിധിയോടാണ് കഞ്ചാവ് ആവശ്യപ്പെട്ടത്. ഇതിനുശേഷം രണ്ടുദിവസത്തേക്ക് ശ്രീനാഥ് ഭാസി സെറ്റിലെത്തിയില്ലെന്നും ഹസീബ് ആരോപിക്കുന്നു.
'ഒരു ദിവസം രാത്രി, എന്നോട് നേരിട്ടല്ല, ഞാന്‍ ഏല്‍പിച്ചിരുന്ന എന്റെ പയ്യന്റെ അടുത്ത് രണ്ടേമുക്കാല്‍- മൂന്നുമണി ആയപ്പോള്‍ കോള്‍ വന്നു. വലിക്കാന്‍ സാധനംവേണം. എവിടെന്നെങ്കിലും ഒപ്പിച്ചു താ, എനിക്കിപ്പോള്‍ കിട്ടാന്‍ മാര്‍ഗമില്ല എന്നൊക്കെ പറഞ്ഞു. ഞാന്‍ തൊടുപുഴ ആയിരുന്നു. കോഴിക്കോട് ആയിരുന്നു ലൊക്കേഷന്‍. രാത്രി മൂന്നുമണി ആയപ്പോള്‍ എനിക്ക് കോള്‍ വന്നു. ഭാസി ഇങ്ങനെയൊരു പ്രശ്‌നത്തിലാണ്, കഞ്ചാവ് വേണമെന്ന രീതിയിലാണ് നില്‍ക്കുന്നെ എന്ന് പറഞ്ഞു. പ്രശ്‌നം എന്താണെന്നുവെച്ചാല്‍, രാവിലെ ഇവന്‍ ലൊക്കേഷനില്‍ വരില്ല. ഇവന് ആ മൂഡ് കിട്ടണമെങ്കില്‍ ഈ സാധനംവേണം', നിര്‍മാതാവ് ഹസീബ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീനാഥ് ഭാസി പലതവണ വരാതിരുന്നതിനാല്‍ സിനിമ തീരാൻ 120 ദിവസത്തിലധികമെടുത്തു. അഞ്ചുദിവസമെന്ന് പറഞ്ഞ് വിദേശത്ത് പോയിട്ട് 58 ദിവസം കഴിഞ്ഞാണ് ഷൂട്ടിങ്ങിന് തിരിച്ചെത്തിയത്. ഡബിങ് പൂര്‍ത്തിയാക്കാനും ഏറെ സമയമെടുത്തു. നടന്‍ കാരണം 70 ലക്ഷം രൂപക്ക് മുകളില്‍ നഷ്ടമുണ്ടായെന്നും രാത്രി 9.30ഓടെ തീരേണ്ട ഷൂട്ട് മിക്ക ദിവസവും പുലർച്ച രണ്ടോടെയാണ് തീർന്നിരുന്നതെന്നും ഹസീബ് പറഞ്ഞു.
ഇത് പുറത്തുപറയാതിരുന്നത് സിനിമയെ അത് ബാധിക്കുമെന്ന് കരുതിയായിരുന്നു. ഇത്രനാളായിട്ട് സിനിമ റിലീസ് ചെയ്യാന്‍ സാധിച്ചിട്ടില്ല. അടുത്ത മാസമാണ് റിലീസ് ചെയ്യാനിരിക്കുന്നത്. സഹികെട്ടാണ് ഫേസ്ബുക്കില്‍ കുറിപ്പിട്ടതെന്നും നിർമാതാവ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.