ഓട്ടം തുടരുന്നു; പള്‍സറും പൊലീസും

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച സംഭവത്തിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും ഇയാളെ പിടിക്കാന്‍ അന്വേഷണസംഘവും ഓട്ടം തുടരുന്നു. സുനി കേരളം വിടാന്‍ സാധ്യതയില്ളെന്ന് ചൊവ്വാഴ്ച പറഞ്ഞ അന്വേഷണസംഘം, ബുധനാഴ്ച ഇയാള്‍ തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയാനുള്ള സാധ്യതയാണ് അന്വേഷിക്കുന്നത്. ഇയാളുടെ മൊബൈല്‍ നമ്പറുകളില്‍ ഒന്ന് കോയമ്പത്തൂരിനടുത്ത് പീളമേട്ടിലെ ടവര്‍ ലൊക്കേഷനില്‍ പ്രവര്‍ത്തിച്ചെന്ന സൂചനയത്തെുടര്‍ന്നാണിത്. അതേസമയം, സംഭവം നടന്ന് ഒരാഴ്ചയാകാറായിട്ടും മുഖ്യപ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ സര്‍ക്കാര്‍ കടുത്ത അതൃപ്തിയിലാണ്.

പ്രതിയെ പിടികൂടുമെന്ന് ഉറപ്പിച്ചുപറയാതെ, ‘മുഖ്യപ്രതിയെ പിടിക്കാന്‍ കഴിയുമെന്നാണ് പൊലീസ് പറയുന്നത്’ എന്ന മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പാലക്കാട്ടുനിന്ന് പിടിയിലായ പ്രതി മണികണ്ഠന്‍, സംഭവശേഷം താനും പള്‍സര്‍ സുനിയും പാലക്കാട്ടുവെച്ച് പിണങ്ങിപ്പിരിഞ്ഞെന്നും അതിനുശേഷം സുനിയും മറ്റൊരു പ്രതിയായ വിജേഷും തമിഴ്നാട്ടിലേക്ക് കടന്നെന്നുമാണ് അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്. ഇതും പള്‍സര്‍ സുനി തമിഴ്നാട്ടില്‍ ഒളിവില്‍ കഴിയാനുള്ള സാധ്യതക്ക് തെളിവായി വിലയിരുത്തുന്നു.

അതേസമയം, കേരളത്തിലെ ഏതെങ്കിലും കോടതിയില്‍ ഇയാള്‍ നാടകീയമായി കീഴടങ്ങാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. അതിനാല്‍, വിവിധ കോടതികള്‍ക്ക് സമീപം പൊലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരവും അന്വേഷണസംഘം യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തി. മുഖ്യപ്രതി പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങുന്നത് ഒഴിവാക്കി നേരിട്ട് പിടികൂടുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച. മാര്‍ച്ച് രണ്ടിനാണ് പള്‍സര്‍ സുനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈകോടതി പരിഗണിക്കുന്നത്.

കേസില്‍ പിടിയിലായ മാര്‍ട്ടിന്‍, മണികണ്ഠന്‍ എന്നിവര്‍ പൂര്‍ണമായും പള്‍സര്‍ സുനിയെ കുറ്റപ്പെടുത്തുന്ന മൊഴിയാണ് നല്‍കിയിരിക്കുന്നത്. എന്താണ് ലക്ഷ്യമെന്ന് തന്നോട് പറഞ്ഞിരുന്നില്ളെന്നും അത്താണിയില്‍ വാഹനമിടിപ്പിച്ച് പള്‍സര്‍ സുനിയും സംഘവും കാറിനകത്ത് കയറിയശേഷമാണ് ഉപദ്രവിക്കലായിരുന്നു ലക്ഷ്യമെന്ന് വ്യക്തമായതെന്നുമാണ് മാര്‍ട്ടിന്‍െറ മൊഴി. സമാന മൊഴിയാണ് മണികണ്ഠനും നല്‍കിയിരിക്കുന്നത്. അത്താണിയില്‍ ടെമ്പോ ട്രാവലര്‍ നടിയുടെ വാഹനത്തില്‍ ഇടിപ്പിച്ചത് സുനിയാണെന്നും നടിയുടെ വാഹനത്തില്‍ കയറിയശേഷം, താന്‍ വാഹനമോടിക്കവെ സുനിയാണ് നടിയെ ഉപദ്രവിച്ചതെന്നുമാണ് മണികണ്ഠന്‍ മൊഴി നല്‍കിയത്. ഉപദ്രവിച്ചശേഷം ഭീഷണി സ്വരത്തില്‍ ‘നാളെ കാണണം’ എന്ന് നടിയോട് പറഞ്ഞതായും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.

അതേസമയം, മുഖ്യപ്രതിയെ പിടികൂടാന്‍ കഴിയാത്തതില്‍ സര്‍ക്കാര്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷവും ബി.ജെ.പിയും ഈ വിഷയം രാഷ്ട്രീയ ആയുധമാക്കിയ പശ്ചാത്തലത്തിലാണിത്. മാത്രമല്ല, അന്വേഷണസംഘത്തില്‍നിന്ന് എന്ന പേരില്‍ സിനിമയിലെ ചില ഉന്നതര്‍ക്കെതിരായ വാര്‍ത്ത വരുന്നതും സമ്മര്‍ദത്തിനിടയാക്കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ ചോദ്യം ചെയ്തെന്ന വാര്‍ത്ത ബുധനാഴ്ച രാവിലെതന്നെ അന്വേഷണസംഘം നിഷേധിച്ചിരുന്നു. നടനും സംവിധായകനുമായ മറ്റൊരു നടനെ ചോദ്യം ചെയ്തെന്ന വാര്‍ത്തയും നിഷേധിച്ചു. രണ്ടുദിവസം മുമ്പ് ഒരാളെക്കുറിച്ച സംശയം ഫോണില്‍ വിളിച്ചുചോദിച്ചതാണ് ചോദ്യം ചെയ്യലായി വ്യാഖ്യാനിക്കപ്പെട്ടതെന്നാണ് അന്വേഷണസംഘത്തിന്‍െറ വിശദീകരണം.

Tags:    
News Summary - film actress attack case pulsar suni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.