ജിന്റോ ജോൺ

'ചരിത്രബോധമില്ലാത്ത പാട്ടുകാരുടെ വിവരക്കേട് കോൺഗ്രസ് നിലപാടല്ല'; എ.ഐ.സി.സി വന്ദേമാതര വിവാദത്തിൽ ജിന്റോ ജോൺ

എഐസിസി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് വക്താവും നിരീക്ഷകനുമായ ഡോ. ജിന്റോ ജോൺ. ചരിത്രബോധമില്ലാത്ത പാട്ടുകാരല്ല കോൺഗ്രസിന്റെ നിലപാട് തീരുമാനിക്കുന്നതെന്നും, ഗാന്ധിയും നെഹ്‌റുവും പട്ടേലും മൗലാനാ ആസാദും ടാഗോറും പാടേണ്ടെന്ന് തീരുമാനിച്ച വരികൾ പാടിയവർക്ക് ഉള്ളത് കോൺഗ്രസ് ബോധ്യമല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

എല്ലാവർക്കും സ്വീകാര്യമല്ലാത്ത ഈരടികൾ പാടിയപ്പോൾ തന്നെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരടങ്ങുന്ന ഉന്നത നേതൃത്വം അതൃപ്തി പ്രകടിപ്പിക്കുകയും അപ്പോൾത്തന്നെ ഇടപെടുകയും ചെയ്തിരുന്നു. ചരിത്രബോധമില്ലാത്തവർ വിളമ്പിയ വരികൾ വെച്ചല്ല കോൺഗ്രസിന്റെ നിലപാട് അളക്കേണ്ടതെന്നും, ഏതൊരു വക്താവ് ന്യായീകരിച്ചാലും അതിനെല്ലാം മുകളിലാണ് നേതൃത്വം പ്രകടിപ്പിച്ച അനിഷ്ടവും കോൺഗ്രസിന്റെ പ്രഖ്യാപിത മതേതര നിലപാടുമെന്ന് കുറിപ്പ് അടിവരയിടുന്നു.

ആർഎസ്എസിന്റെ ‘ഡീപ് സ്റ്റേറ്റ്’ സ്വാധീനം എല്ലാ മേഖലകളിലും തക്കം പാർത്തിരിക്കുകയാണെന്നും, അത്തരം നുഴഞ്ഞുകയറ്റങ്ങളെ അതീവ ജാഗ്രതയോടെ തിരിച്ചറിഞ്ഞ് മാറ്റിനിർത്തണമെന്നും ജിന്റോ ജോൺ മുന്നറിയിപ്പ് നൽകി. ഉൾച്ചേർക്കലിന്റെയും മതേതരത്വത്തിന്റെയും രാഷ്ട്രീയമാണ് കോൺഗ്രസിന്റേത്. സ്വാതന്ത്ര്യസമരത്തെ ഒറ്റിക്കൊടുത്തവരോ കൽക്കട്ട തീസിസിലൂടെ അട്ടിമറിക്കാൻ നോക്കിയവരോ കോൺഗ്രസിനെ കൊഞ്ഞനം കുത്താൻ വരേണ്ടതില്ലെന്നും, ഇന്ത്യയുടെ മതേതര ദേശാഭിമാനത്തെ സൃഷ്ടിച്ചത് കോൺഗ്രസാണെന്നും പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം 

"ചരിത്ര ബോധമില്ലാത്ത പാട്ടുകാരല്ല കോൺഗ്രസ്‌ നിലപാട് തീരുമാനിക്കുന്നത്. എല്ലാവർക്കും സ്വീകാര്യമല്ലാത്ത ഈരടികൾ പാടിയപ്പോൾ ഇടപെട്ട സോണിയ ഗാന്ധിയും മല്ലികാർജ്ജുൻ ഖാർഗേയും രാഹുൽ ഗാന്ധിയുമടങ്ങുന്ന നേതൃത്വമാണ് അത് തീരുമാനിക്കുന്നത്. ഗാന്ധിയും നെഹ്‌റുവും പട്ടേലും ആസാദും ടാഗോറും പാടണ്ടെന്ന് തീരുമാനിച്ച വരികൾ ആലപിച്ചവർ ആരായാലും അവർക്കുള്ളത് കോൺഗ്രസ്‌ ബോധ്യമല്ല. വിവരക്കേടും വകതിരിവില്ലായ്മയും ഒരുമിച്ച് ആലപിച്ചവരുടെ അപശ്രുതികൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റേതല്ല.

അവർ, ആർഎസ്എസ് ഡീപ്സ്റ്റേറ്റ് എല്ലായിടത്തുമുണ്ടാകും. സർക്കാരിൽ അണികളിൽ ആൾക്കൂട്ടത്തിൽ എല്ലായിടത്തും തക്കം പാർത്തിരുന്ന് പത്തിവിടർത്തുന്ന വിഷനാഗം കണക്കേ. അവരെ തിരിച്ചറിയുക, അകലം പാലിക്കുക, ജാഗ്രതയോടെ സമീപിക്കുക മാത്രമാണ് നൂറ് വർഷങ്ങൾ പിന്നിട്ട ഈ വിഷമൂറ്റിക്കളയുന്നതിനുള്ള പോംവഴി. ഓരോ വട്ടവും കണ്ടില്ലെന്ന് നടിച്ചൊഴിവാക്കിയാൽ അവർ ചുറ്റിപ്പിണഞ്ഞ് വരും, വിഷപ്പല്ലുകൾ നീട്ടി. പലയാവർത്തി അവരെകണ്ട് പരിചയിച്ചാൽ പിന്നെ അവരും ശരിയാണെന്നും കൂടെയുള്ളവരെന്നും നിഷ്പക്ഷർ തെറ്റിദ്ധരിക്കും. അതുകൊണ്ട് ഓരോ ചെറു സീൽക്കാരങ്ങളും കെട്ടടങ്ങുമാറ് ഉച്ചത്തിൽ മതേതരത്വം സംസാരിക്കപ്പെടണം.

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം മുഴുവൻ പാടിയവർ അറിഞ്ഞോ അറിയാതെയോ ചെയ്തത് കേവലമൊരു അബദ്ധമല്ല, തെറ്റാണ്. എവിടെയാണ് നിൽക്കുന്നതെന്നും എന്ത് പാടണമെന്നും കോൺഗ്രസ്‌ നിലപാട് എന്തെന്നും ബോധ്യമില്ലാത്തവരുടേത് വെറുമൊരു തെറ്റല്ല. എല്ലാവരേയും ഉൾച്ചേർക്കണമെന്ന് പറയുന്ന, മതേതരത്വം സ്വാതന്ത്ര്യത്തോടൊപ്പം നടക്കേണ്ടതാണെന്ന് ബോധ്യമുള്ള, എല്ലാവർക്കും സ്വീകരിക്കാൻ സാധിക്കാത്ത ഏതൊന്നും പൊതുവായി ആലപിക്കുന്നത് ശരിയല്ല എന്ന് നിലപാടുള്ള പാർട്ടിയോടും മതേതര ഇന്ത്യയോടും ചെയ്യുന്ന കുറ്റവുമാണ്.

ചരിത്രബോധമില്ലാത്തവർ വിവരമില്ലാതെ വിളമ്പിയ ഈരടികൾ കൊണ്ട് കോൺഗ്രസ്‌ നിലപാടിനെ അളക്കാൻ വെമ്പുന്നവർ സോണിയ ഗാന്ധിയുടേയും മല്ലികാർജ്ജുൻ ഖാർഗേയുടേയും രാഹുൽ ഗാന്ധിയുടേയും അനിഷ്ടവും ഇടപെടലും കൂടി കാണണം. പാട്ടുകാരുടെ വകതിരിവില്ലായ്മയെ തുറന്നെതിർക്കുന്ന ശതകോടി കോൺഗ്രസ്‌ പ്രവർത്തകരുടെ ആത്മാർത്ഥതയും കണ്ണുതുറന്ന് കാണേണ്ടതാണ്. അതിനി ഏത് വക്താവ് എന്ത് ന്യായീകരണം നിരത്തിയാലും അതിനെല്ലാം മുകളിലാണ് സോണിയ ഗാന്ധിയും മല്ലികാർജ്ജുൻ ഖാർഗേയും രാഹുൽ ഗാന്ധിയും പ്രകടിപ്പിച്ച അനിഷ്ടവും കോൺഗ്രസ്സിന്റെ പ്രഖ്യാപിത നിലപാടും.

കോൺഗ്രസ്സിനെ ഏത് കാര്യത്തിലും ഇന്നാക്ഷേപിക്കുന്നവർക്ക് പോലും അതിന് ധൈര്യം കിട്ടിയ സ്വാതന്ത്ര്യം നേടാൻ ജീവനും ജീവിതവും ബലികഴിച്ച മനുഷ്യരുടെ പ്രസ്ഥാനത്തിന്റെ പേരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌... ഇന്ത്യയുടെ മതേതര ദേശാഭിമാനത്തിന്റെ പരിശ്ചേദം. അന്ന് ഒറ്റുകൊടുത്തവർ പലവഴിക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുമ്പോൾ മാറിനിന്ന് കോൺഗ്രസ്സിനെ കൊഞ്ഞനം കുത്തുന്നവർ സ്വാതന്ത്ര്യത്തെ തള്ളിപ്പറഞ്ഞവരുമാണ്... സംഘികളും സംഘാക്കളുമല്ല കോൺഗ്രസ്‌ തന്നെയാണ് ഈ രാജ്യത്തെ സൃഷ്ടിച്ചത്. അത് ബ്രിട്ടന് ഒറ്റുകൊടുത്തവർക്കോ കൽക്കട്ട തീസിസിലൂടെ അട്ടിമറിക്കാൻ നോക്കിയവർക്കോ സ്വാതന്ത്ര്യത്തെ തള്ളിപ്പറഞ്ഞവർക്കോ മനസ്സിലാകാത്ത ദേശാഭിമാനത്തിന്റെ രസതന്ത്രമാണ്... ആശയപരമായ ഒരുതരം ജനറ്റിക് ഡിസോർഡർ".

Tags:    
News Summary - 'Singers' Ignorance Not Congress Policy': Jinto John Reacts to AICC Vande Mataram Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.