തിരുവനന്തപുരം: ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി(ഫിക്കി)യുടെ 2020ലെ സ്മാർട്ട് പൊലീസിങ് അവാർഡ് കേരള പൊലീസിന്. സ്പെഷൽ ജൂറി അവാർഡും കേരള പൊലീസിനാണ്. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്ന വിഭാഗത്തിൽ സൈബർഡോമിന് കീഴിലുള്ള കൗണ്ടർ ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ സെൻററിനാണ് സ്മാർട്ട് പൊലീസിങ് അവാർഡ് ലഭിച്ചത്. സൈബർ ലോകത്ത് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നത് കണ്ടെത്തുന്നതിനും തടയുന്നതിനുമായി ആരംഭിച്ച സംവിധാനമാണിത്.
കുട്ടികളുടെ നഗ്നചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നവരെയും പ്രചരിപ്പിക്കുന്നവരെയും കണ്ടെത്തുന്നതിനും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും ഈ കേന്ദ്രം നടപടി സ്വീകരിച്ചുവരുന്നു. അടിയന്തരഘട്ടങ്ങളിൽ എത്രയുംവേഗം സഹായം ലഭ്യമാക്കുന്നതിന് രൂപം നൽകിയ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിനാണ് 2020ലെ ഫിക്കിയുടെ സ്പെഷൽ ജൂറി അവാർഡ് ലഭിച്ചത്. ഏത് അടിയന്തരഘട്ടത്തിലും സംസ്ഥാനത്ത് എവിടെ നിന്നും 112 എന്ന നമ്പർ ഡയൽ ചെയ്താൽ മിനിറ്റുകൾക്കുള്ളിൽ പൊലീസ് സഹായം ലഭ്യമാക്കുന്ന സംവിധാനമാണ് എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം.
ഫിക്കി ഓൺലൈനായി സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ പുരസ്കാരങ്ങൾ സ്വീകരിച്ചു. പദ്ധതികളുടെ സംസ്ഥാനതല നോഡൽ ഓഫിസർ എ.ഡി.ജി.പി മനോജ് എബ്രഹാമും മറ്റ് മുതിർന്ന പൊലീസ് ഓഫിസർമാരും ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.