തിരുവനന്തപുരം: സംസ്ഥാനത്ത് പനിക്കും പനിമരണത്തിനും ശമനമില്ല. ഒമ്പതുപേർകൂടി പനിബാധിച്ച് ശനിയാഴ്ച മരിച്ചു. പനിബാധിച്ച് മലപ്പുറം, പുറത്തൂർ സ്വദേശി വിഷ്ണു (19), ഡെങ്കിപ്പനി ബാധിച്ച് കൊല്ലം, കെ.എസ് പുരം സ്വദേശി ഗീത (46), പാലക്കാട്, ചിറ്റൂർ സ്വദേശി സുചിത്ര (21), കാവശ്ശേരി സ്വദേശി സുരേഷ് (38), വെള്ളിമേഴി സ്വദേശി രാമകൃഷ്ണൻ (58), മലപ്പുറം, ചേരുകാവ് സ്വദേശി പാത്തുമ്മ (72), കോഴിക്കോട്, ഉള്ള്യേരി സ്വദേശി റഹ്മത്ത് നാസ്ലാം (24) എന്നിവരും എലിപ്പനി ബാധിച്ച് മലപ്പുറം, വഴിക്കടവ് സ്വദേശി ഇബ്രാഹീം (55), കോഴിക്കോട്, ചെറുവണ്ണൂർ സ്വദേശി മുഹമ്മദ് കോയ (53) എന്നിവരുമാണ് മരിച്ചത്. ശനിയാഴ്ച പനി ബാധിച്ച് 21,667 പേർ കൂടി ചികിത്സ തേടി. ഇതിൽ 759 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പനിബാധയിൽ മലപ്പുറമാണ് മുന്നിൽ. ഡെങ്കിപ്പനി 201 പേർക്ക് സ്ഥിരീകരിച്ചു. 513 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളുമായും ചികിത്സതേടി.
തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയത്- 75 പേർ. പാലക്കാട്ട് 29 പേർക്കും, കോഴിക്കോട്ട് 28 പേർക്കും കൊല്ലത്ത് 28 പേർക്കും ശനിയാഴ്ച ഡെങ്കി സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലെ പനിബാധിതരുടെ എണ്ണം, ബ്രാക്കറ്റിൽ ഡെങ്കിബാധിതരുടെ കണക്ക്: തിരുവനന്തപുരം 2324 (75), കൊല്ലം 1523 (28), പത്തനംതിട്ട 582(12), ഇടുക്കി 483 (0), കോട്ടയം 995 (0), ആലപ്പുഴ 1271 (13), എറണാകുളം 1340 (0), തൃശൂർ 2432 (4), പാലക്കാട് 2479 (29), മലപ്പുറം 3437 (6), കോഴിക്കോട് 1989 (28), വയനാട് 811 (0), കണ്ണൂർ 950 (5), കാസർകോട് 1051 (1). മലേറിയ ഏഴുപേർക്ക് സ്ഥിരീകരിച്ചു. ഇതിൽ ഒമ്പതുപേരും എറണാകുളം ജില്ലയിലാണ്. എച്ച്1എൻ1 20 പേർക്ക് സ്ഥിരീകരിച്ചു. ഇതിൽ കാസർകോട്ട് ആറുപേരും പാലക്കാട്ട്അഞ്ചുപേരും ഉൾപ്പെടും. തിരുവനന്തപുരത്ത് ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ 19.71 ലക്ഷം പേർക്കാണ് പനി പിടിപെട്ടത്. 12,904 പേർക്കാണ് ഇക്കാലയളവിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.