തിരുവനന്തപുരം: എഫ്.സി.ആർ.എ ബില്ലിൽ കേന്ദ്രസർക്കാർ തൽക്കാലം യു ടേൺ അടിച്ചതിന് കാരണം കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ്. തിരിച്ചടി മുന്നിൽകണ്ട് സംസ്ഥാന ബി.ജെ.പി നേതൃത്വം കാലുപിടിച്ചതിനാലാണ് ബിൽ പാർലമെന്റിൽ വെക്കാതിരുന്നതെന്ന് വ്യക്തം. എന്നാൽ, ഈ പിന്മാറൽ ക്രൈസ്തവ സഭകൾ വിശ്വാസത്തിലെടുത്തിട്ടില്ല.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബില്ല് കൊണ്ടുവരുന്നത് ക്രൈസ്തവ വോട്ടുകൾ ഇല്ലാതാക്കുമെന്ന സന്ദേശം കൃത്യമായി ബി.ജെ.പി കേന്ദ്രനേതൃത്വത്തെയും കേന്ദ്രസർക്കാർ പ്രതിനിധികളെയും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ അറിയിച്ചിരുന്നു. തൽക്കാലം ബില്ല് ചർച്ചക്കെടുക്കരുതെന്നും വിശദ കൂടിയാലോചനക്ക് ശേഷം തുടർനടപടികൾ സ്വീകരിച്ചാൽ മതിയെന്നുമായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. മറ്റു മുന്നണികള്‍ തെരഞ്ഞെടുപ്പ് വിഷയമായി എഫ്.സി.ആർ.എ ഉയര്ത്തിക്കാട്ടുന്നകാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചതായി രാജീവ് ചന്ദ്രശേഖർ സ്ഥിരീകരിച്ചു. വിവിധ സഭാ നേതൃത്വങ്ങളുമായി സംസാരിക്കുകയും വിശദീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാൽ, അവര്‍ക്ക് ചില സംശയങ്ങളുണ്ട്. അക്കാര്യവും കേന്ദ്രനേതൃത്വത്തെ അറിയിച്ചതായി ബി.ജെ.പി സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരുമായൊക്കെ രാജീവ് ചന്ദ്രശേഖർ വിഷയം സംസാരിച്ചു. ക്രൈസ്തവ സഭകൾക്ക് ഈ നിയമഭേദഗതി മൂലം ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്നും അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ താൻ മുൻ കൈയെടുത്ത് അതിന് പരിഹാരം കാണുമെന്നമുള്ള ഉറപ്പും ദൂതന്മാർ മുഖേനയും നേരിട്ടും സഭാനേതൃത്വങ്ങൾക്ക് അദ്ദേഹം ഉറപ്പുനൽകി. ഈ സാഹചര്യത്തിലാണ് വിവാദമായ എഫ്.സി.ആർ.എ ബില്‍ ലോക്സഭ ബുധനാഴ്ച ചർച്ചക്കെടുക്കാതിരുന്നത്.
കേന്ദ്രസർക്കാർ തൽക്കാലം പിന്നാക്കം പോയത് ക്രൈസ്തവ സഭകൾ പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും ത്രികോണ പോരിന്റെ പ്രതീതിയുണർത്താൻ സാധിച്ച ബി.ജെ.പി സ്ഥാനാർഥികൾ ക്രൈസ്തവ സമൂഹത്തിന്റെ ഈ നിലപാടോടെ വെട്ടിലായിരിക്കുകയാണ്. ബില്ല് മാറ്റിവെച്ചത് സ്വാഗതംചെയ്ത സി.ബി.സി.ഐയും മലങ്കര ഓർത്തഡോക്സ് സഭയുൾപ്പെടെ വിവിധ ക്രൈസ്തവ സഭകളും ബില്ല് തൽക്കാലത്തേക്കാണ് മാറ്റിയതെന്നത് ഓർമയിൽ ഉണ്ടാകണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിഷയത്തിൽ ഇപ്പോഴും ആശങ്കയുണ്ടെന്നും ചില വ്യവസ്ഥകൾ മാറ്റണമെന്നുമാണ് സഭകളുടെ നിലപാട്. ബിൽ നിയമമായാൽ മാനുഷിക പ്രവർത്തനങ്ങളെ ബാധിക്കുമെന്നുമാണ് സഭകൾ പറയുന്നത്. കേരളത്തിലെ തെരഞ്ഞെടുപ്പ് കണക്കിലെടുത്താണോ ബിൽ അവതരണം മാറ്റിയതെന്ന സംശയമുണ്ടെന്നാണ് ഓർത്തഡോക്സ് സഭ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും സഭകൾ ഇവിടെയുണ്ടാകുമെന്ന മുന്നറിയിപ്പും സഭകൾ നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.