സ്വകാര്യ കമ്പനിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി; കെ.എസ്.ഇ.ബി ചെയർമാന്‍റെ മാറ്റം സ്വാഭാവികം

തിരുവനന്തപുരം: പ്രതിസന്ധി പരിഹരിക്കാൻ സ്വകാര്യ കമ്പനിയായ ജി.എൻ.എ യിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി. മന്ത്രിസഭാ യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിമാചലിൽ നിന്ന് വാങ്ങുന്നതിനേക്കാൾ 2000 കോടി രൂപയുടെ ലാഭമുണ്ടാകുമെന്നും പീക്ക് അവറുകളിൽ ജി.എൻ.എ കൂടുതൽ വൈദ്യുതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തും ജി.എൻ.എയിൽ നിന്ന് വൈദ്യുതി വാങ്ങിയിട്ടുണ്ടെന്നും കരാറിനെ മന്ത്രിയോ കെ.എസ്.ഇ.ബി ചെയർമാനോ എതിർത്തിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ 805 കോടി രൂപയുടെ അധിക ബാധ്യത വരുമായിരുന്നു. ഹിമാചലിൽ നിന്ന് വാങ്ങുമ്പോഴും ഇടനിലക്കാരുണ്ട്. 2223 കോടി രൂപയുടെ അധിക ബാധ്യത ഒഴിവാക്കാനാണ് ഹിമാചലിനെ ഒഴിവാക്കിയത്. എൽ.ഡി.എഫ് സർക്കാർ 2025-26 കാലയളവിലും സ്വകാര്യ വൈദ്യുതി വാങ്ങിയിട്ടുണ്ട്; അദാനിയിൽ നിന്ന് അടക്കം വൈദ്യുതി വാങ്ങിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം ചട്ടപ്രകാരമാണെന്നും കെ.എസ്.ഇ.ബി ചെയർമാന്റെ മാറ്റം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അന്താരാഷ്ട്ര മാരിടൈം മ്യൂസിയം കരടിന് മന്ത്രിസഭ അംഗീകാരം നൽകി. ഇതൊരു സ്വപ്ന പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ ബാറുകൾ അനുവദിച്ച നടപടിയെ മുഖ്യമന്ത്രി വിമർശിച്ചു. സർക്കാർ അറിയാതെ ബാറുകൾ അനുവദിക്കാൻ പാടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സർക്കാരിന്റെ പുതിയ മദ്യനയം ഉടൻ വരുമെന്നും കൂട്ടിച്ചേർത്തു.

എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരത്തോട് സഹാനുഭൂതിയുള്ള നിലപാടാണുള്ളത്. എട്ട് തവണ അവരുമായി ചർച്ച നടത്തി. സമരക്കാർ മുടി മുറിക്കുന്നത് കണ്ട് കണ്ണുനിറഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Chief Minister justifies purchasing electricity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.