ഖുർആൻ പകർത്തിയെഴുതി ഫാത്തിമ നൂറ
കണ്ണൂർ: സ്വന്തം കൈപ്പടയിൽ ഖുർആൻ പകർത്തിയെഴുതി ഫാത്തിമ നൂറ. രണ്ടര വർഷത്തെ കഠിനാധ്വാനവും അക്ഷരത്തോടുള്ള അടങ്ങാത്ത സ്നേഹവുമാണ് നൂറ പകർത്തിയത്. ‘എ ത്രീ’ സൈസ് കടലാസിൽ പ്രഫഷനൽ ഗ്രന്ഥങ്ങളോട് കിടപിടിക്കുന്ന ചാരുതയോടെയാണ് ഓരോ താളുകളും. ഖുർആനിലെ 114 അധ്യായത്തിന്റേയും പേരുകൾ, നമ്പറുകൾ, വചനങ്ങളുടെ ക്ലിപ്തമായ അക്കങ്ങൾ തുടങ്ങി വായനക്കാർക്ക് എളുപ്പത്തിൽ തിരയാൻ സഹായിക്കുന്ന ഉള്ളടക്ക സൂചികയും ഉണ്ട്.
സാധാരണ ബാൾ പോയന്റ് പേനയാണ് പകർത്തിയെഴുതാൻ ഉപയോഗിച്ചത്. അക്ഷരങ്ങളിലെ കൃത്യതയും വടിവും ഈ കൈയെഴുത്തുപ്രതിയെ മനോഹരമാക്കുന്നു. തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ അവസാന വർഷ ചരിത്ര ബിരുദ വിദ്യാർഥിനിയാണ് ഫാത്തിമ നൂറ. ഒഴിവുസമയങ്ങളിലാണ് ഖുർആൻ മുഴുവനായും പകർത്തിയെഴുതിയത്. സ്കൂൾ-കോളജ് തലങ്ങളിൽ അറബിക് കാലിഗ്രഫി മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ പരിചയസമ്പത്താണ് ഇത്തരമൊരു ദൗത്യത്തിലേക്ക് എത്തിച്ചത്. കാഞ്ഞിരോട് ഹിദായത്ത് നഗർ അൽ ഹുദ ഇംഗ്ലീഷ് സ്കൂളിനോടനുബന്ധിച്ചുള്ള മദ്റസയിൽനിന്നാണ് അറബിക്കും ഇസ്ലാമിക വിഷയങ്ങളും പ്രാഥമികമായി അഭ്യസിച്ചത്. മുണ്ടേരി കച്ചേരിപ്പറമ്പിലെ വയലിൽ പുതിയപുരയിൽ അസ്കർ തളയങ്കണ്ടിയുടെയും കെ.കെ ഹാജറയുടേയും മകളാണ്. മുഹമ്മദ് നിഹാൽ, നവാലുറഹ്മാൻ എന്നിവർ സഹോദരങ്ങളാണ്. ബിരുദത്തിനുശേഷം കേന്ദ്ര സർവകലാശാലയിൽ ഗവേഷണമാണ് ഈ 21കാരിയുടെ സ്വപ്നം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.