ഗവർണർക്കെതിരെ മുഖ്യമന്ത്രി; പി.എസ്.സി വിഷയത്തിൽ സർക്കാരുമായി കൂടിയാലോചന നടത്തിയില്ല, പ്രതിപക്ഷം വെള്ളപൂശാൻ ശ്രമിക്കുന്നു
തിരുവനന്തപുരം: പി.എസ്.സി ചെയർമാൻ അടക്കമുള്ളവർക്കെതിരെ നടപടിക്ക് കേന്ദ്രത്തിന് ശുപാർശ ചെയ്ത ഗവർണർക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ. ഗവർണർ ശുപാർശ ചെയ്തത് നടപടിക്രമങ്ങൾ അനുസരിച്ചല്ല. സർക്കാരുമായി കൂടിയാലോചന നടത്തുകയോ അനുമതി തേടുകയോ ചെയ്തിട്ടില്ല. എന്നാൽ പി.എസ്.സിയിൽ ക്രമവിരുദ്ധ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെന്നും അതിനെതിരെ ശുദ്ധീകരണ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗവർണർ ശുപാർശ ചെയ്തു എന്നതിന്റെ പേരിൽ പ്രതിപക്ഷം പി.എസ്.സിയിലെ എല്ലാവരെയും സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഇത് രണ്ടും രണ്ട് വിഷയങ്ങളാണ്. പി.എസ്.സി വിശ്വാസ്യത വീണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കും.
പി.എസ്.സി ചെയർമാനുമായി ബന്ധപ്പെട്ട കേസ് അന്വേഷണ ഘട്ടത്തിലാണ്. അതിനാൽ ഇപ്പോൾ ഇതിൽ മറുപടി പറയുന്നില്ല. പി.എസ്.സിക്കെതിരെ ധാരാളം പരാതികൾ വരുന്നുണ്ട്. കേസ് നടക്കുന്നതിനാൽ ഇതുവരെ പരാതിപ്പെടാത്തവരും രംഗത്തുവരുന്നുണ്ട്. ഗൗരവതരമായ പരാതികളും ലഭിക്കുന്നുണ്ട്. പി.എസ്.സിയിലും വിയോജിപ്പ് ഉണ്ട് എന്നാണ് അറിയാനൻ കഴിഞ്ഞത്. ഇവയിലും അന്വേഷണം നടത്തുമെന്നും മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ്-2 വിഭാഗത്തിൽ 12 അധിക തസ്തികകളും കാത്ത് ലാബ് ടെക്നീഷ്യൻ ഗ്രേഡ്-2 വിഭാഗത്തിൽ 16 തസ്തികകളും കൂടി അനുവദിക്കാൻ മന്ത്രിസഭാ യോഗത്തിൽ അംഗീകാരമായി.
കോഴിക്കോട് കലക്ടറേറ്റിൽ നിന്ന് അനധികൃതമായി സ്ഥാനക്കയറ്റം നൽകിയ അഞ്ച് ടൈപ്പിസ്റ്റുകൾക്ക് സൂപ്പർന്യൂമററി നിയമനം നൽകി. ചട്ടവിരുദ്ധമായി സ്ഥാനക്കയറ്റം ലഭിച്ചവരെ തരംതാഴ്ത്തി വീണ്ടും ടൈപ്പിസ്റ്റുകളായി നിയമിച്ചിരുന്നു. ഇതോടെ പകരം നിയമിച്ചവരെ പിരിച്ചുവിട്ടിരുന്നു. ഇവർക്കാണ് സൂപ്പർന്യൂമററി നിയമനം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.