പ്രതീകാത്മക ചിത്രം

കൊച്ചിയെ കിടിലനാക്കാൻ പ്രൊജക്ട്സ് 2050

കൊച്ചി: നാൾക്കുനാൾ വളരുന്ന കൊച്ചിയെ അത്യാധുനിക വികസന കാഴ്ചപ്പാടോടെ സമഗ്ര നഗരമായി മാറ്റുന്നതിനായി പ്രോജക്ട്സ് 2050യുമായി കൊച്ചി കോർപറേഷൻ. ഇതിന്‍റെ ഭാഗമായി 30 വികസന പദ്ധതികളുടെ അവതരണവും വിശദീകരണവും കൗൺസിൽ യോഗത്തിൽ നടന്നു. അര്‍ബന്‍ ചലഞ്ച് ഫണ്ട് ഉള്‍പ്പെടെ വിവിധ ഫണ്ടുകള്‍ ലഭ്യമാക്കികൊണ്ട് നടപ്പാക്കുന്ന പദ്ധതികളിലൂടെ കൊച്ചിയുെട മുഖച്ഛായ മാറ്റുകയാണ് ലക്ഷ്യമെന്ന് മേയർ വി.കെ. മിനിമോൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1500കോടി രൂപയോളമാണ് ആകെ പദ്ധതികൾക്കായി ചെലവു പ്രതീക്ഷിക്കുന്നത്. പീപ്പിൾ, പ്ലേസസ്, പ്രോഗ്രസ്..എ ഗ്രേറ്റർ കൊച്ചി എന്ന ടാഗ് ലൈനോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്.

വരുമാനം വർധിപ്പിക്കും -മേയർ

കൗൺസിൽ യോഗത്തിൽ അംഗങ്ങൾ നിർദേശിച്ച ഭേദഗതികൾ കൂടി ഉൾപ്പെടുത്തിയ പദ്ധതി നിർദേശങ്ങൾ ഉടൻ സംസ്ഥാന സർക്കാരിന് സമർപ്പിക്കും. സർക്കാർ അംഗീകരിക്കുന്ന പദ്ധതികളുടെ വിശദമായ ഡി.പി.ആർ തയ്യാറാക്കിയതിന് ശേഷം കേന്ദ്ര സർക്കാരിന്‍റെ അംഗീകാരത്തിനായി സമർപ്പിക്കും. അർബൻ ചലഞ്ച് ഫണ്ട് എന്ന നിലയിൽ പദ്ധതിയുടെ മൊത്തം ചെലവിന്റെ 25 ശതമാനമായ 5000 കോടി രൂപയാണ് ലഭിക്കുക. ബാക്കി 75 ശതമാനം തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തണം. മുനിസിപ്പൽ ബോണ്ടിലൂടെയാണ് ഈ തുക കണ്ടെത്തുകയെന്നും മേയർ വ്യക്തമാക്കി. കോർപറേഷന്‍റെ തനത് വരുമാനം വർധിപ്പിക്കുന്ന തരത്തിലുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മേയർ കൂട്ടിച്ചേർത്തു.

കലൂർ ബസ് സ്റ്റാൻഡ് ഇനി ഇൻറഗ്രേറ്റഡ് ഹബ്

30 പദ്ധതികളിൽ പ്രഥമ പരിഗണനകളിലൊന്ന് കലൂർ ബസ് സ്റ്റാൻഡിനെ ആധുനികവത്കരിക്കുന്ന ഇൻറഗ്രേറ്റഡ് മൊബിലിറ്റി ഹബ്ബ് പദ്ധതിക്കാണ്. 150-200കോടി രൂപ ചെലവിൽ ബസ് സ്റ്റാൻഡ് എന്നതിനപ്പുറം ആളുകൾക്ക് ഷോപ്പിങ്ങിനായും ഹൃസ്വനേര താമസത്തിനായുമെല്ലാം ആശ്രയിക്കാവുന്ന ഇടമായി ഇവിടം മാറ്റുകയാണ് ലക്ഷ്യം. കെട്ടിട സമുച്ചയത്തിന്‍റെ താഴെ മേഖല പൂർണമായും വഴിയോര കച്ചവടക്കാർക്കായി മാറ്റിവെക്കും. കലൂർ മെട്രോ സ്റ്റേഷനിൽ നിന്ന് ഇങ്ങോട്ട് പാത് വേ പണിയും.കൂടാതെ സമീപത്തെ അറവുശാല മാറ്റി സ്ഥാപിക്കും. പുറത്തുനിന്നു വരുന്നവർക്ക് മുന്നിൽ കൊച്ചിയുടെ സുന്ദരമുഖമായി അവതരിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനൊപ്പം 75-100 കോടി ചെലവിൽ വൈപ്പിൻ ഇൻറഗ്രേറ്റഡ് മൊബിലിറ്റി ഹബ്ബും ഒരുക്കും.

കോർപറേഷൻ ആസ്ഥാനത്ത് പരിപാടികൾ നടത്താം

കോർപറേഷന്‍റെ പുതിയ ആസ്ഥാന മന്ദിരത്തിലെ മുകൾ നില സിവിക് കോൺഫറൻസ് റൂം ആൻഡ് ഓഡിറ്റോറിയം ആക്കി വികസിപ്പിക്കുകയാണ് പദ്ധതികളിലൊന്ന്. കോർപറേഷന്‍റെ പരിപാടികൾ മാത്രമല്ല, പൊതുജനങ്ങൾക്കും ഇവിടെ ചടങ്ങുകൾ നടത്താനാവും. ഇവർക്ക് ബേസ്മന്‍റെിൽ വാഹനം പാർക്ക് ചെയ്ത് നേരിട്ട് ലിഫ്റ്റ് ഉപയോഗിച്ച് ആറാം നിലയിലെത്താം. ഓഡിറ്റോറിയം സജ്ജമാകുന്നതോടെ കോർപറേഷൻ പരിപാടികൾ ടൗൺഹാളിൽ നടത്തേണ്ടി വരില്ലെന്നും മേയർ പറഞ്ഞു. 300,350 ആയിരിക്കും സീറ്റിങ് കപ്പാസിറ്റി. ഏഴരക്കോടി ഇതിനായി ചെലവ് വരും.

റോ-റോ ഇലക്ട്രിക്കാകും

മാറുന്ന കാലത്തിനനുസരിച്ച് വൈദ്യുതോർജത്തിലേക്ക് റോ-റോയെ മാറ്റുകയാണ് ലക്ഷ്യം. ഇതിനായി ഇലക്ട്രിക് റോ-റോ ആരംഭിക്കാൻ പദ്ധതിയുണ്ട്. കൂടാതെ തീരങ്ങളിൽ ചാർജിങ് സംവിധാനവും ബസ്, ഫെറി, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവയുമായി ബന്ധിപ്പിക്കുന്ന സംവിധാനവും ഒരുക്കും. അന്തരീക്ഷമലിനീകരണവും കുറക്കാനാവും. 70 മുതൽ 100 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

സിവിക് സ്ക്വയറും സിവിക് ടവറും

കോർപറേഷന്‍റെ വൈറ്റില ആസ്ഥാന കേന്ദ്രത്തിനോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് പലകാര്യങ്ങൾക്കായി ഉപയോഗപ്പെടുത്താവുന്ന തരത്തിൽ സിവിക് സ്ക്വയർ വികസിപ്പിച്ചെടുക്കും. 60 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇവിടെയുള്ള 44 സെൻ്റ് ഭൂമിയിൽ 12 നില കെട്ടിടം പണിയുകയും കോർപറേഷൻ കാര്യാലയങ്ങൾക്കു പുറമേ ഷോപ്പിങ് േകന്ദ്രങ്ങൾ നിർമിക്കുകയും ചെയ്യും. കൂടാതെ കച്ചേരിപ്പടിയിൽ കൊച്ചി സിവിക് ടവറും ഉയരും. ബേസ്മന്‍റെ് ഉൾപ്പെടെ 17 നിലയാണ് ഒരുങ്ങുക. മുനിസിപ്പൽ ഓഫിസ്, വർക്ക് സ്പേസ്, പൊതുജന സേവനകേന്ദ്രം, കോൺഫറൻസ് ഹാൾ, ഫുഡ് കോർട്ട്, പാർക്കിങ്, തുടങ്ങി ഒട്ടേറെ സൗകര്യങ്ങളൊരുക്കാൻ പ്രതീക്ഷിക്കുന്നത് 175 കോടിയുടെ ചെലവാണ്.

കൂടാതെ ഇടപ്പള്ളി കൺവെൻഷൻ സെൻറർ ആൻഡ് സോണൽ ഓഫിസ് കോംപ്ലക്സ് (57-58 കോടി), തേവര മാർക്കറ്റ് പുനർനവീകരണം (30കോടി), മട്ടാഞ്ചേരി പറവാന മുക്ക് ഷോപ്പിങ് കോംപ്ലക്സ്(24 കോടി), ചക്കാമാടം കമ്യൂണിറ്റി ആൻഡ് ഓഡിറ്റോറിയം കോംപ്ലക്സ്(32), എറണാകുളം സൗത്തിൽ കൊച്ചി മുനിസിപ്പൽ സ്റ്റാഫ് റസിഡൻസ്(90 കോടി), തുടങ്ങിയ പദ്ധതികളും ഇതിന്‍റെ ഭാഗമാണ്.

Tags:    
News Summary - Corporation Unveils Projects 2050 Masterplan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.