ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

ചെന്നൈ: ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന ഹൃദയാരോഗ്യ വിദഗ്ധൻ ഡോ. മാത്യു സാമുവൽ കളരിക്കൽ (77) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം ഏപ്രിൽ 21 തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് കോട്ടയത്ത് മാങ്ങാനത്തെ വീട്ടിലെ ശുശ്രൂഷക്ക് ശേഷം മൂന്നു മണിയോടെ മാങ്ങാനം സെന്‍റ് പീറ്റേഴ്സ് മാർത്തോമ പള്ളി സെമിത്തേരിയിൽ നടക്കും.

കൊറോണറി ആൻജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്റ്റെന്‍റിങ്, കൊറോണറി സ്റ്റെന്‍റിങ് തുടങ്ങിയവയിൽ വിദഗ്ധനായിരുന്നു. ആൻജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങൾ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവർത്തനങ്ങളുടെ പേരിലാണ് ഡോ. മാത്യു സാമുവൽ ആദരിക്കപ്പെടുന്നത്. 2000ൽ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഡോ. മാത്യു സാമുവൽ ആണ് നാഷനല്‍ ആന്‍ജിയോപ്ലാസ്റ്റി റജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത്.

1948 ജനുവരി 6ന് കോട്ടയത്ത് ജനിച്ച ഡോ. മാത്യു സാമുവൽ, ആലുവ യു.സി കോളജിൽ നിന്ന് ബിരുദം നേടി. തുടർന്ന് 1974ൽ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസും സ്റ്റാൻലി മെഡിക്കൽ കോളജ് എം.ഡിയും മദ്രാസ് മെഡിക്കൽ കോളജിൽ നിന്ന് കാർഡിയോളജിയിൽ ഡി.എം ബിരുദവും നേടി. പീഡിയാട്രിക് സർജറിയിൽ ട്യൂട്ടർ ആയാണ് ഡോ. മാത്യു സാമുവൽ മെഡിക്കൽ കരിയർ ആരംഭിക്കുന്നത്.

ആൻജിയോപ്ലാസ്റ്റിയിലെ പ്രമുഖനായി അറിയപ്പെടുന്ന ഡോ. ആൻഡ്രിയാസ് ഗ്രണ്ട്സിഗിങ്ങിൽ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ ഡോ. മാത്യു സാമുവൽ കത്ത് മുഖേന ബന്ധം സ്ഥാപിച്ചു. സ്കോളർഷിപ്പിൽ സൂറിച്ചിലേക്ക് ക്ഷണിക്കപ്പെട്ട അദ്ദേഹം ഡോ. ആൻഡ്രിയാസിന്‍റെ കീഴിൽ പരിശീലനം നടത്തി. ശേഷം യു.എസിലേക്ക് പോയ ഡോ. മാത്യു സാമുവൽ അറ്റ്ലാന്‍റയിലെ എമോറി യൂണിവേഴ്സിറ്റിയിൽ ഗവേഷണം പൂർത്തിയാക്കി.

1986ൽ മടങ്ങിയെത്തിയ ഡോ. മാത്യു സാമുവൽ, ഇന്ത്യയിലെ ആദ്യത്തെ കൊറോണറി ആൻജിയോപ്ലാസ്റ്റി നടത്തി. ശരീരത്തിൽ സ്വാഭാവികമായി ലയിച്ചു ചേരുന്ന തരത്തിൽ രൂപകൽപന ചെയ്ത ബയോ-റിസോർബബിൾ സ്റ്റെന്‍റുകളുടെ ഉപയോഗത്തിന് ഡോ. മാത്യു സാമുവൽ തുടക്കം കുറിച്ചു. ഹൃദ്രോഗ ചികിത്സ രംഗത്തെ സുപ്രധാന കണ്ടുപിടിത്തമായിരുന്നു. ഇലക്ട്രോണിക് ആൽഗോ മീറ്റർ, ജുഗുലാർ വെനസ് പ്രഷർ സ്കെയിൽ തുടങ്ങിയ ഉപകരണങ്ങളുടെ പേറ്റന്‍റും അദ്ദേഹം നേടി.

ചെന്നൈ അപ്പോളോ ഹോസ്പിറ്റൽ, ലീലാവതി ഹോസ്പിറ്റൽ, ബ്രീച്ച് കാൻഡി ഹോസ്പിറ്റൽ, മുംബൈ സൈഫി ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള പ്രശസ്ത ആശുപത്രികളിൽ ഡോ. മാത്യു സാമുവൽ സേവനം ചെയ്തു.

Tags:    
News Summary - Father of Indian Angioplasty Dr. Mathew Samuel Kalarickal passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.