ചെറുപുഴ (കണ്ണൂർ): ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ ക്രൂരമായി മർദിക്കുന്ന വിഡിയോ പുറത്തുവന്നതിന് പിന്നാലെ അച്ഛനെതിരെ കേസെടുത്ത് പൊലീസ്. കുട്ടികളെ ക്രൂരമായി മർദിക്കുകയും വാക്കത്തികൊണ്ട് വെട്ടാൻ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തായതിനു പിന്നാലെയാണ് കാസർകോട് ചിറ്റാരിക്കാല്‍ സ്വദേശിയായ ജോസിനെതിരെ ചെറുപുഴ പൊലീസ് കേസെടുത്തത്.
ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം കേസെടുത്ത് ഇയാളെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. എട്ടും പത്തും വയസ്സുള്ള കുട്ടികളെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.
നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പൊലീസ് ജോസിനെ ചോദ്യം ചെയ്തെങ്കിലും അകന്നുകഴിയുന്ന ഭാര്യയെ തിരിച്ചെത്തിക്കാനായി അയച്ചുകൊടുക്കാൻ തമാശക്ക് എടുത്ത വിഡിയോ (പ്രാങ്ക് വിഡിയോ) ആണെന്നാണ് പറഞ്ഞത്. കുട്ടികളുടെ അറിവോടെയാണ് വിഡിയോ ചിത്രീകരിച്ചതെന്നും ഇയാൾ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. കുട്ടികളും സമാന മൊഴി നൽകിയതായാണ് വിവരം.
എന്നാല്‍, ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ണൂർ റൂറൽ എസ്.പി അനുജ് പലിവാലിന്റെ നിർദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ചിറ്റാരിക്കാല്‍ സ്വദേശിയായ ഇയാളും കുട്ടികളും അടുത്ത കാലത്താണ് ചെറുപുഴ പൊലീസ് സ്റ്റേഷന് പരിധിയില്‍ വാടകക്ക് താമസിക്കാനെത്തിയത്. കുട്ടികളെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നാട്ടില്‍ വലിയ പ്രതിഷേധം ഉയർന്നു.
കൈയിൽ കത്തിയെടുത്ത് വെട്ടാൻ ഓങ്ങുമ്പോൾ ‘തല്ലല്ലേ ചാച്ചാ’ എന്ന് കുട്ടി കരഞ്ഞ് വിളിക്കുന്നുണ്ട്. മുടിയിൽ പിടിച്ച് പെൺകുട്ടിയെ നിലത്തടിക്കുന്നതും ചുമരിലിടിക്കുന്നതും അടക്കം ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കുട്ടിയുടെ സഹോദരനാണ് പകർത്തിയത്. ‘അച്ഛനെ വേണോ അതോ അമ്മയെ വേണോ’ എന്നും ജോസ് ചോദിച്ചശേഷം അച്ഛനെ മതിയെന്ന് കുട്ടി മറുപടി നൽകിയിട്ടും മർദനം തുടരുന്നതാണ് ദൃശ്യങ്ങളിൽ.
ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെയും ഭാരതീയ ന്യായ സംഹിതയിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
കണ്ണൂരിൽ എട്ടു വയസ്സുകാരിയെ അച്ഛൻ ക്രൂരമായി ഉപദ്രവിക്കുന്ന വിഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആവശ്യമായ ഇടപെടൽ നടത്താൻ വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് മന്ത്രി വീണാ ജോർജ് നിർദേശം നൽകി. കുട്ടികൾക്ക് തുടർ സംരക്ഷണം ഉറപ്പാക്കും. കുട്ടികൾക്ക് ആവശ്യമായ കൗൺസലിങ് നൽകും. ആവശ്യമെങ്കിൽ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റും. കുട്ടികളെ ഉപദ്രവിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ടി.ഐ. മധുസൂദനൻ എം.എൽ.എയും സംഭവത്തിൽ ഇടപെട്ടു. കുടകിൽ പിതൃസഹോദരിയുടെ സംരക്ഷണയിലാണ് ഇപ്പോൾ കുട്ടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.