ഇരട്ടക്കൊലക്കേസിൽ അച്ഛനും മകനും മൂന്ന്​ ജീവപര്യന്തം; മൂന്നാം പ്രതിയുടെ ഭാര്യയെ വെറുതെ വിട്ടു

മുട്ടം (ഇടുക്കി): ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അച്ഛനും മകനും മൂന്ന് ജീവപര്യന്തവും പിഴയും. അടിമാലി ബൈസൺവാലി പൊട്ടൻകാട് പൂമല ചൂരക്കവയലിൽ അപ്പുക്കുട്ടൻ (65), ഭാര്യ ശാന്തമ്മ (55) എന്നിവരെ കൊലപ്പെടുത്തുകയും മകൻ ബൈജുവിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒന്നാം പ്രതി തമിഴ്നാട് കമ്പം സ്വദേശി സരസ്വതി ഭവനിൽ മുരുകൻ എന്ന ജയരാജ് (55), മകനും രണ്ടാം പ്രതിയുമായ കറുപ്പസ്വാമി (35) എന്നിവരെയാണ് തൊടുപുഴ മൂന്നാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. മൂന്നാം പ്രതിയും ജയരാജിന്‍റെ ഭാര്യയുമായ സരസ്വതിയെ (53) വെറുതെ വിട്ടു.

കൊലപാതകത്തിന് മൂന്ന് ജീവപര്യന്തം വീതം കഠിനതടവും 25,000 രൂപ വീതം പിഴയും ഭവനഭേദനത്തിന് അഞ്ചുവർഷം വീതം കഠിനതടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ. ജീവപര്യന്തം ഒരുമിച്ച് ഒരെണ്ണം അനുഭവിച്ചാൽ മതി. 2014 ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം. തമിഴ്നാട്ടിൽ നിരവധി കേസുകളിൽ പ്രതികളായ ജയരാജും കുടുംബവും 2003ലാണ് രാജാക്കാട്ട് എത്തുന്നത്.

കൊല്ലപ്പെട്ട അപ്പുക്കുട്ടൻ നൽകിയ വസ്തുവിലായിരുന്നു ഇവരുടെ താമസം. തുടർന്നുണ്ടായ അതിർത്തി തർക്കവും വാക്കേറ്റവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. അപ്പുക്കുട്ടന്‍റെ മകൻ ബൈജുവും പണിക്കാരനായ ജോസിയും കൂടി പൊട്ടൻകാട് ടൗണിലേക്ക് നടന്നുവരുന്നതിനിടെ ജയരാജും ഭാര്യ സരസ്വതിയും മകൻ കറുപ്പസ്വാമിയും വഴിയിൽവെച്ച് ഇവരെ കണ്ടു. മുൻ വൈരാഗ്യത്തെതുടർന്ന് കറുപ്പസ്വാമി വാക്കത്തികൊണ്ട് ബൈജുവിന്‍റെ കഴുത്തിൽ വെട്ടുകയായിരുന്നു.

തുടർന്ന്, ജയരാജും ഭാര്യയും ചേർന്ന് ബൈജുവിന്‍റെ തലയിലും കാലിലും വെട്ടി പരിക്കേൽപിച്ചു. ബൈജുവിന്‍റെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് ഓടിവന്ന അപ്പുക്കുട്ടനെയും ശാന്തമ്മയെയും പ്രതികൾ തിരിച്ചോടിച്ച് വീട്ടിൽ കയറ്റി. പിന്നാലെയെത്തിയ ജയരാജും കറുപ്പസ്വാമിയും ചേർന്ന് അപ്പുക്കുട്ടനെയും ശാന്തമ്മയെയും വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. സരസ്വതിയെ വെറുതെവിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് അപ്പുക്കുട്ടന്‍റെ ബന്ധുക്കൾ പറഞ്ഞു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഏബിൾ സി. കുര്യൻ ഹാജരായി.

Tags:    
News Summary - Father and son get three life sentences in double murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.