കണ്ണൂർ: വിവാദമായ പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് താൻ നടത്തിയ മുൻ പ്രസ്താവനകളിൽ പൂർണമായും ഉറച്ചുനിൽക്കുന്നുവെന്ന് മന്ത്രി കെ.എം. ഷാജി. അധികാരം വന്നതുകൊണ്ട് നിലപാടുകൾ മാറ്റില്ലെന്നും, അറബിക്കടലിൽ മാത്രമല്ല അതിനപ്പുറം വേറെ ഏതെങ്കിലും അഴുക്കുചാൽ ഉണ്ടെങ്കിൽ അതിലേക്ക് വലിച്ചെറിയേണ്ടതാണ് ഇതെന്നും അദ്ദേഹം ആവർത്തിച്ചു. താൻ തന്റെ നിലപാട് മാറ്റാൻ പോകുന്ന ആളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവേയാണ് കെ.എം. ഷാജി തന്റെ നിലപാട് വ്യക്തമാക്കിയത്.
താൻ നിലവിൽ കൈകാര്യം ചെയ്യുന്ന വകുപ്പുമായി ബന്ധപ്പെട്ട വിഷയമല്ല ഇതെങ്കിലും, ഒരു മന്ത്രിയായി കഴിഞ്ഞാൽ സ്വന്തം വകുപ്പിലെ കാര്യങ്ങൾ മാത്രം പറയണം എന്ന് കരുതുന്നത് ശരിയല്ല. ഇത് തന്റെ രാഷ്ട്രീയ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ നിലപാടുകളെ വിശദീകരിക്കാൻ അന്താരാഷ്ട്ര രാഷ്ട്രീയത്തിലെ ചില ഉദാഹരണങ്ങളും മന്ത്രി പ്രസംഗത്തിൽ പങ്കുവെച്ചു. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരക്ചിയുടെ നയതന്ത്ര രീതികളെ അദ്ദേഹം പ്രശംസിച്ചു. അന്താരാഷ്ട്ര മീറ്റിങ്ങുകളിൽ ഇറാനിൽനിന്ന് കൊണ്ടുവന്ന വെള്ളം മാത്രം കുടിക്കുന്നതിലൂടെ, മറ്റുള്ളവർ നൽകുന്ന വെള്ളത്തെപ്പോലും വിശ്വസിക്കാൻ കൊള്ളില്ല എന്ന ശക്തമായ നയതന്ത്ര സന്ദേശമാണ് അദ്ദേഹം നൽകുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ന്യൂയോർക്ക് മേയർ സഹറാൻ മംദാനി നെതന്യാഹുവിനെതിരെ എടുത്ത ധീരമായ നിലപാടും മന്ത്രി ഓർമിപ്പിച്ചു. നെതന്യാഹു ന്യൂയോർക്കിൽ വന്നാൽ മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്യുമെന്ന് മംദാനി പ്രഖ്യാപിച്ചിരുന്നു.
പിന്നീട് നെതന്യാഹു വന്നപ്പോൾ തന്റെ അധികാരപരിധിയുടെ പരിമിതികൾ മൂലം അതിന് കഴിഞ്ഞില്ലെന്ന് തുറന്നുസമ്മതിച്ച അദ്ദേഹം, തന്റെ നിലപാടുകളിൽനിന്ന് പിന്നോട്ട് പോകാതെ ലോകകോടതിയോടും അമേരിക്കയോടും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുകയാണുണ്ടായത്. അധികാരമോ സൗകര്യങ്ങളോ വരുമ്പോൾ നിലപാടുകൾ നിശബ്ദമാക്കുകയോ സൗമ്യമാക്കുകയോ ചെയ്യരുതെന്നും, മറ്റുള്ളവർ അംഗീകരിക്കുന്നത് വരെ നിലപാടുകൾ വിളിച്ചുപറയാനുള്ള സ്വാതന്ത്ര്യമാണ് നമ്മുടെ രാജ്യം നൽകുന്നതെന്നും മന്ത്രി ഓർമിപ്പിച്ചു.
നിയമസഭയിലെ തെറ്റുകളും ഈഗോയും സോഷ്യൽ മീഡിയയിലെ ട്രോളുകളെക്കുറിച്ച് തനിക്ക് യാതൊരു ഭയവുമില്ലെന്ന് മന്ത്രി വ്യക്തമാക്കി. തെറ്റുകൾ സംഭവിക്കാത്തവരായി ആരുമില്ലെന്നും തിരുത്താൻ ആളുകൾ പിന്നിലുണ്ടെന്ന് മനസ്സിലാക്കി ആവശ്യമില്ലാത്ത ഈഗോകൾ മാറ്റിവെച്ച് ജീവിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ഉപദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.