ഓണത്തിന് പ്രത്യേക ട്രെയിൻ സർവീസ്: ടിക്കറ്റ് റിസർവേഷൻ ഇന്നുമുതൽ; സമയക്രമവും റൂട്ടുകളും അറിയാം...

ചെന്നൈ: മലയാളികൾക്ക് ഓണം ആഘോഷിക്കാൻ പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. തിരക്ക് കുറക്കാനായി മൂന്ന് പ്രത്യേക സർവീസുകൾ കൂടി അധികമായി റെയിൽവേ അനുവദിച്ചു. നേരത്തെ കേരളത്തിലേക്ക് 100 സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചിരുന്നു.

ചെന്നൈയിൽ നിന്ന് കാട്പാടി, ഈറോഡ്, പാലക്കാട്, തൃശൂർ, ആലുവ, കോട്ടയം വഴി കൊല്ലത്തേക്കും തിരുവനന്തപുരം നോർത്തിൽ നിന്ന് മംഗളൂരുവിലേക്കും ചെന്നൈ എഗ്‌മോറിൽ നിന്ന് മംഗളൂരു സെൻട്രലിലേക്കുമായി മൂന്ന് സർവീസുകളാണ് പുതിയതായി റെയിൽവേ അനുവദിച്ചത്.

ചെന്നൈ - കൊല്ലം സർവീസ്

ചെന്നൈയിൽനിന്ന് കൊല്ലത്തേക്ക് ബുധനാഴ്ച സർവീസ് നടത്തുന്ന 06119 ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ - കൊല്ലം വീക്കിലി എക്സ്പ്രസ് സ്‌പെഷ്യൽ 2026 ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 02 വരെ സർവീസ് നടത്തും. ബുധനാഴ്ചകളിലാണ് സർവീസ് ഉണ്ടാകുക. ഉച്ചക്ക് 3.10ന് ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 07.20ന് കൊല്ലത്ത് എത്തിച്ചേരുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

തിരിച്ചുള്ള യാത്രയിൽ, ട്രെയിൻ നമ്പർ 06120 കൊല്ലം - ഡോ. എം.ജി.ആർ. ചെന്നൈ സെൻട്രൽ വീക്കിലി എക്സ്പ്രസ് 2026 ഓഗസ്റ്റ് 13, 20, 27, സെപ്റ്റംബർ 03 വരെ വ്യാഴ്ചകളിൽ രാവിലെ 10.40ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 03.30ന് ചെന്നൈ സെൻട്രലിൽ എത്തിചേരുന്ന 4 സർവീസുകളാണ് റെയിൽവേ ക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം നോർത്ത് - മംഗളൂരു സർവീസ്

തിരുവനന്തപുരം നോർത്തിൽനിന്ന് മംഗളൂരുവിലേക്ക് ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ രണ്ട് എന്നീ ദിവസങ്ങളിലാണ് പ്രത്യേക സർവീസ്. തിരുവനന്തപുരത്തുനിന്ന് രാവിലെ ഒൻപതിന് പുറപ്പെടുന്ന 06093 സർവീസ് രാത്രി ഒൻപതിന് മംഗളൂരുവിലെത്തും. മംഗളൂരുവിൽനിന്ന് ഓഗസ്റ്റ് 13, 20, 27, സെപ്റ്റംബർ മൂന്ന് തീയതികളിൽ ഉച്ചക്ക് ശേഷം 3.15ന് തിരിക്കുന്ന 06094 സർവീസ് പിറ്റേന്ന് രാവിലെ 5.30ന് തിരുവനന്തപുരം സെൻട്രലിൽ എത്തുന്ന രീതിയിലാണ് ക്രമീകരണം. കോട്ടയം വഴിയാണ് ഈ ട്രെയിൻ സർവീസ് നടത്തുക.

ചെന്നൈ എഗ്‌മോർ - മംഗളൂരു സെൻട്രൽ എക്സ്പ്രസ്

മലബാറിലെ യാത്രക്കാർക്ക് ആശ്വാസമായി ചെന്നൈയിൽ നിന്നും പ്രത്യേക സർവീസ് റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. മംഗളൂരുവിൽ നിന്നും ജൂലൈ 13, 20, 27 ആഗസ്റ്റ് 03, 10, 17, 24, 31 തീയതികളിൽ 06126 ട്രെയിൻ വൈകുന്നേരം 4 മണിക്ക് മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55ന് ചെന്നൈ എഗ്‌മോറിൽ എത്തിച്ചേരും.

തിരിച്ചുള്ള യാത്ര, ചെന്നൈ എഗ്‌മോറിൽ നിന്നും മംഗളൂരു സെൻട്രലിലേക്ക് ജൂലൈ 14, 21, 28 ആഗസ്റ്റ് 04, 11, 18, 25 സെപ്റ്റംബർ 1 തീയതികളിൽ സർവീസ് നടത്തും. ട്രെയിൻ നമ്പർ 06125 ചൊവ്വാഴ്ചകളിൽ ഉച്ചയ്ക്ക് 2 മണിക്ക് ചെന്നൈ എഗ്‌മോറിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 08.40ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും. എട്ട് സർവീസുകളാണ് മലബാറിലേക്ക് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ളത്. ടിക്കറ്റ് റിസർവേഷൻ ശനിയാഴ്ച രാവിലെ എട്ടിന് ആരംഭിക്കും.

Tags:    
News Summary - Special train service for Onam Festival: Ticket reservations from today Know the timings and routes...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.