തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തിരുത്തലുകളെല്ലാം കടലാസിൽ കെട്ടടങ്ങിയതോടെ സി.പി.എമ്മിൽ പൊട്ടലുകൾ. മുതിർന്ന നേതാക്കളായ പിണറായി വിജയൻ, എം.വി. ഗോവിന്ദൻ എന്നിവരെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ പാർട്ടിയുടെ പരമ്പരാഗത സംഘടനാ അച്ചടക്കത്തിന്റെ അതിർവരമ്പുകൾപോലും ലംഘിക്കുംവിധം പരോക്ഷമായി ചോദ്യം ചെയ്യലുകളായി രൂപം മാറി. പ്രതിപക്ഷ നേതാവായി പിണറായിയെ നിശ്ചയിച്ചതിലെ അതൃപ്തി മുതൽ വിഴിഞ്ഞമടക്കം രാഷ്ട്രീയ വിവാദങ്ങളിലെ വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങൾവരെ ഉന്നമിടുന്നത് നേതൃത്വത്തെയാണ്.
പാർട്ടിക്ക് തെറ്റുപറ്റിയെന്ന് സെക്രട്ടേറിയറ്റും അവലോകന റിപ്പോർട്ടും തുറന്നു സമ്മതിക്കുമ്പോഴും ഉത്തരവാദികളോ കുറ്റക്കാരോ ഇല്ലാതെയുള്ള വിമർശനങ്ങളാണ് ഏറെയും. അതുകൊണ്ട് ആരാണ് തിരുത്തേണ്ടത് എന്നതിലും ഉത്തരമില്ല. തോൽവിയുടെ ഉത്തരവാദിത്തം വ്യക്തിയിലോ വ്യക്തികളിലോ മാത്രമായി പരിമിതപ്പെടുത്താനാവില്ലെന്ന നിലപാടാണ് സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ചത്. മാത്രമല്ല, പിണറായി വിജയനും എം.വി. ഗോവിന്ദനും കവചമൊരുക്കുന്ന രീതിയിലാണ് റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ചതും ജില്ലകളിൽ റിപ്പോർട്ട് ചെയ്തതും. ഇതാണ് ജില്ലകളിലടക്കം അസ്വസ്ഥതകളുയരാൻ കാരണം.
ഫലത്തിൽ പരാജയം സി.പി.എമ്മിൽ വർഷങ്ങളായി നിലനിന്ന പാർട്ടി അധികാര സമവാക്യങ്ങളെയും രാഷ്ട്രീയ കേന്ദ്രീകരണത്തെയും ഉലച്ചെന്ന് വ്യക്തം. കീഴ്ഘടകങ്ങളിൽനിന്ന് മുമ്പെങ്ങുമില്ലാത്ത വിധം ഉയരുന്ന വിമർശനങ്ങൾ പാർട്ടിയിലെ ആഭ്യന്തര ജനാധിപത്യത്തിന്റെ പുനരുജ്ജീവനത്തിനായുള്ള അണികളുടെ കടുത്ത ആഗ്രഹത്തെയാണ് പ്രതിഫലിപ്പിച്ചത്. എന്നാൽ, സംസ്ഥാന നേതൃത്വം വിമർശനങ്ങൾ വെട്ടിനിരത്തിയത് പാർട്ടിയുടെ സ്വയംതിരുത്തൽ പ്രക്രിയകളുടെ വിശ്വാസ്യതയെ വീണ്ടും ചോദ്യം ചെയ്യുന്നു.
തളിപ്പറമ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് ജനറൽ സെക്രട്ടറി എം.എ. ബേബിതന്നെ തുറന്നടിച്ചതും പിണറായി വിജയനും എം.വി. ഗോവിന്ദനും മറുപടിയുമായി രംഗത്തെത്തിയും സി.പി.എമ്മിൽ സമീപകാലത്തെങ്ങുമില്ലാത്ത അസാധാരണ സാഹചര്യമാണ്. മാത്രമല്ല, പിണറായി വിജയനും എം.വി. ഗോവിന്ദനുമെതിരെ പാർട്ടിയിൽ പുതിയ ചേരി സജീവമാകുന്നുവെന്ന സൂചനകളും പ്രകടമാണ്. നിയമസഭയ്ക്കുള്ളിൽ കെ.എൻ. ബാലഗോപാലിന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റവും ബഹളങ്ങൾക്കിടയിലെ സ്വാഭാവിക പ്രതികരണം എന്നതിനപ്പുറം പാർട്ടിയിൽ രൂപപ്പെടുന്ന പുതിയ നിരയുടെയും ബദൽ അധികാരക്രമത്തിന്റെ സൂചനയാണ്.
പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തിനായി മുന്നണിയിൽ സി.പി.ഐ കലാപക്കൊടി ഉയർത്തുന്നതിന് സമാന്തരമായാണ് പാർട്ടിക്കുള്ളിലും അസാധാരണ നീക്കങ്ങളുണ്ടാകുന്നത്. തെറ്റുതിരുത്തൽ നടപടികൾക്കായി പാർട്ടി പ്ലീനം വിളിക്കണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും നേതൃത്വം പരിഗണിച്ചില്ല. തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിലുണ്ടായ പുതിയ നീക്കമാണ് പ്ലീനം ചേരേണ്ടതില്ലെന്നും വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേർന്നാൽ മതിയെന്നുമുള്ള തീരുമാനത്തിന് പിന്നിൽ. നിലവിലെ സംഘടനാ സമവാക്യങ്ങളെ മറികടക്കാനുള്ള ശക്തിയില്ലെങ്കിലും അടുത്ത സംസ്ഥാന സമ്മേളനത്തിൽ നിർണായക ശക്തിയാകാനുള്ള ശ്രമമാണ് പുതിയ ചേരിയുടേത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.