കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയിൽ പിണറായി വിജയൻ-എം.വി. ഗോവിന്ദൻ-കെ.കെ. രാഗേഷ് ത്രയത്തിനെതിരെ ഉയർന്ന വിമർശനങ്ങൾ പുതിയ വഴിത്തിരിവിൽ. അച്ചടക്ക ലംഘന ഭീഷണിയെന്ന ഇരുമ്പുമറ ഭേദിച്ച് കണ്ണൂരിൽനിന്നുള്ള കേന്ദ്രകമ്മിറ്റിയംഗങ്ങൾ തന്നെ ഇവർക്കെതിരെ രംഗത്തെത്തി. വെറുതെ പറഞ്ഞുപോകുന്നതിനപ്പുറം പുതിയ ചേരി ലക്ഷ്യമിട്ടാണ് നേതാക്കളുടെ പുറപ്പാടെന്നാണ് സൂചന. തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ കണ്ണൂരിലെ പാർട്ടികോട്ടകളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പിണറായിയും ഗോവിന്ദനുമൊപ്പം സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷും ഇടംപിടിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലും വാട്സ്ആപ് ഗ്രൂപ്പുകളിലുമെല്ലാം പാർട്ടി അനുഭാവികൾ പരസ്യമായാണ് ഇവർക്കെതിരെ തിരിഞ്ഞത്. കണ്ണൂരിലെ തോൽവിക്ക് ഉത്തരവാദിയെന്ന നിലക്ക് രാഗേഷിനെതിരെ സൈബറാക്രമണം കടുത്തപ്പോൾ എ.എൻ. ഷംസീർ, വി.കെ. സനോജ്, കാരായി രാജൻ തുടങ്ങിയവർ സമൂഹമാധ്യമങ്ങളിൽ പ്രതിരോധം തീർത്തു.
ജനങ്ങളെ കേട്ട് തിരുത്തുമെന്ന് നേതാക്കൾ ആണയിടുമ്പോഴും മുകൾതട്ടിന് ഒരുകോട്ടവും ഉണ്ടായിട്ടില്ല. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണയം പാളിയെന്ന നിലക്ക് ജനറൽ സെക്രട്ടറി എം.എ. ബേബി നടത്തിയ പരാമർശത്തെ പോലും പിണറായിയും ഗോവിന്ദനും തള്ളി. തെറ്റുതിരുത്തിയാൽ എം.എൽ.എമാരായ വി. കുഞ്ഞികൃഷ്ണനും ടി.കെ. ഗോവിന്ദനും തിരിച്ചുവരാമെന്ന എം.വി. ജയരാജന്റെ സ്വാഭാവിക പ്രതികരണവും ഇവർ തള്ളി. പിന്നാലെയാണ് കണ്ണൂരിൽനിന്നുള്ള കേന്ദ്രകമ്മിറ്റിയംഗങ്ങളായ ഇ.പി. ജയരാജനും പി.കെ. ശ്രീമതിയും കെ.കെ. ശൈലജയും വിവിധ വിഷയങ്ങളിൽ അഭിപ്രായപ്രകടനം നടത്തിയത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അഴിമതി നടന്നുവെന്ന സി.പി.എമ്മിന്റെ പ്രഖ്യാപിത നിലപാടിന്റെ കഴുത്തിനു പിടിച്ചാണ് ഇ.പി. ജയരാജൻ രംഗത്തുവന്നത്. ഈവിഷയത്തിൽ പിണറായിയും ഗോവിന്ദനും കെ.കെ. രാഗേഷും പറഞ്ഞതെല്ലാം ഇ.പി തള്ളിപ്പറഞ്ഞു.
വിഴിഞ്ഞത്ത് കണ്ണൂർ ജില്ല സെക്രട്ടറിക്ക് എന്താണ് കാര്യമെന്ന മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണക്കുന്നതുപോലെയായി ശ്രീമതിയും ശൈലജയും നടത്തിയ പരാമർശങ്ങൾ. തുറമുഖ വകുപ്പിൽനിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയതിൽ വൻ ഡീൽ നടന്നുവെന്ന രാഗേഷിന്റെ പ്രസ്താവനയെ തള്ളുകയാണ് ഇരുവരും. ദിവ്യയുടെ മാറ്റം ഭരണമാറ്റത്തിലെ സ്വാഭാവിക നടപടിയെന്ന് പറയുമ്പോൾ ഇതേ പ്രസ്താവന നടത്തിയ പിണറായിക്കും ഇതുകൊള്ളുമെന്ന് ശൈലജക്കും ശ്രീമതിക്കും ഉറപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.