തിരുവനന്തപുരം: ആരോഗ്യനില വഷളായതിനെ തുടർന്ന് നിരാഹാര സമരം നടത്തുന്ന ജിഷ്ണുവിന്‍റെ അമ്മ മഹിജയെ ഐ.സി.യുവിലേക്ക് മാറ്റി. ആറു മണിയോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കാണ് മാറ്റിയത്.
തൈറോയിഡ് അടക്കമുള്ള രോഗങ്ങൾ അലട്ടുന്ന ആളാണ് മഹിജ. ജലപാനമില്ലാത്ത നിരാഹാര സമരം തുടർന്നാൽ അത് ആരോഗ്യനില കൂടുതൽ വഷളാകുമെന്ന് വിദഗ്ധ ഡോക്ടർമാർ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ഐ.സി.യുവിലേക്ക് മാറ്റിയത്.
അതേസമയം, നിർബന്ധപൂർവമാണ് മഹിജയെ ഐ.സി.യുവിലേക്ക് മാറ്റിയതെന്ന് ബന്ധുക്കൾ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മഹിജ വെള്ളം കുടിച്ചിരുന്നു. എന്നാൽ, ഇന്ന് ഡോക്ടർമാരുടെ വാർത്താകുറിപ്പിൽ ജൂസ് അടക്കം ദ്രവരൂപത്തിലുള്ള പാനീയങ്ങൾ കഴിച്ചതായി വ്യക്തമാക്കിയിരുന്നു. ഇത് സമരത്തെ ചെറുതാക്കി കാണിക്കാനുള്ള ശ്രമമായി ബന്ധുക്കൾ പറയുന്നു. തുടർന്നാണ് മരുന്ന് അടക്കം ഒഴിവാക്കി നിരാഹാരം തുടരാൻ മഹിജ തീരുമാനിച്ചത്.
വാർഡിൽ കഴിയുന്ന ജിഷ്ണുവിന്‍റെ അമ്മാവൻ ശ്രീജിത്തും വളയത്തെ വീട്ടിലുള്ള സഹോദര അവിഷ്ണയും നിരാഹാരസമരം തുടരുകയാണ്. ആരോഗ്യനില മോശമായ അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം നടത്തിയെങ്കിലും അവർ തയാറായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.