ഫാസ് ടാഗ് സംവിധാനം: ജനങ്ങളെ കൊള്ളയടിക്കുന്നതിന് കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് വഴിയൊരുക്കുന്നു - വെൽഫെയർ പാർട്ടി

തിരുവനന്തപുരം: രാജ്യത്തെ വിവിധ ടോൾ പ്ലാസകളിൽ 2021 ജനുവരി 15 മുതൽ നടപ്പാക്കാൻ തീരുമാനിച്ച ഫാസ് ടാഗ് സംവിധാനത്തിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നതിന് കോർപ്പറേറ്റുകൾക്ക് കേന്ദ്ര സർക്കാർ വഴിയൊരുക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. വിവിധ ടോളുകളിൽ നിലവിൽ തന്നെ അനധികൃതമായി ജനങ്ങളിൽ നിന്ന് യാതൊരു പരിധിയുമില്ലാതെ തുക ഈടാക്കി കൊണ്ടിരിക്കുന്ന കുത്തക കമ്പനികൾക്ക് കൂടുതൽ ലാഭം കൊയ്യുന്നതിനു വേണ്ടിയുള്ള സംവിധാനമാണ് ഫാസ് ടാഗിലൂടെ ഏർപ്പെടുത്തിയിരിക്കുന്നത്.

മിനിമം തുകയായി 200 രൂപ മുതൽ 1000 രൂപ വരെയാണ് നൽകേണ്ടത്. ഇത് നിലനിർത്താൻ കഴിയാതിരിക്കുകയോ അക്കൗണ്ടിൽ മതിയായ തുക ഇല്ലാതിരിക്കുകയോ ചെയ്യുമ്പോൾ ബ്ലാക്ക് ലിസ്റ്റിലേക്ക് ഉൾപ്പെടുത്തുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയാണ്. മിനിമം തുകയായി സ്വീകരിക്കുന്ന പണം സ്വകാര്യ കമ്പനികൾ ദുരുപയോഗപ്പെടുത്തുന്നതിന് സഹായകരമായ രീതിയിലാണ് ഫാസ് ടാഗ് റീച്ചാർജ് സംവിധാനം ഒരുക്കിയിട്ടുള്ളത്. കുറഞ്ഞ ദിവസങ്ങളിൽ മാത്രം യാത്ര ചെയ്യുന്നവർക്കും ഫാസ് ടാഗിലൂടെ വലിയ നഷ്ടമാണ് സംഭവിക്കുന്നത്.

അക്കൗണ്ടിലേക്ക് അടയ്ക്കുന്ന തുക ഓരോ മാസവും പൂർണമായി ഉപയോഗപ്പെടുത്താൻ കഴിയാതെ വരികയാണെങ്കിൽ നഷ്ടപ്പെടുന്ന രീതിയും മറ്റൊരു തട്ടിപ്പാണ്. നിലവിൽ മടക്കയാത്ര ഉൾപ്പെടെയുള്ള തുക നൽകുന്നതിലൂടെ ലഭിച്ചിരുന്ന ഇളവ് ഇതോടെ ഇല്ലാതാവുകയാണ്. കേന്ദ്ര സർക്കാറും കോർപ്പറേറ്റുകളും തമ്മിലെ കൂട്ടുകച്ചവട ചൂഷണത്തിനെതിരെ ജനകീയ പ്രതിഷേധം ഉയരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - Fast tag system: Central government paves way for corporates to rob people - Welfare Party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.