ഷെയ്ഖ് ഹസൻ ഖാൻ, ശരണ്യ
കോഴിക്കോട്: കുടകിലെ തടിയൻറെമോൾ മലയിൽ ട്രക്കിങ്ങിന് പോയി കാണാതായ കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യ സുരക്ഷിതമായി തിരിച്ചെത്തുകയും പിന്നീട് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ വിമർശനവുമായി പ്രശസ്ത പർവ്വതാരോഹകൻ ഷെയ്ഖ് ഹസൻ ഖാൻ രംഗത്തെത്തി. തടിയൻറെമോൾ മലയിൽ നാലു ദിവസം ഒറ്റപ്പെട്ടുപോയ ശരണ്യയുടെ വെളിപ്പെടുത്തലുകളിൽ സംശയം പ്രകടിപ്പിച്ചാണ് ഷെയ്ഖ് ഹസൻ ഖാൻ രംഗത്തെത്തിയത്. കാടിന്റെ ഭീകരത നേരിട്ടറിഞ്ഞ ഒരാൾക്കും ശരണ്യയുടെ വെളിപ്പെടുത്തലുകൾ വിശ്വസിക്കാൻ സാധിക്കില്ലെന്ന് സാമൂഹികമാധ്യമമായ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ച വിഡിയോയിലൂടെ ഷെയ്ഖ് ഹസൻ ഖാൻ വ്യക്തമാക്കി.
'കാട്ടിൽ കുടുങ്ങിപ്പോയ ഒരാൾ എങ്ങനെയെങ്കിലും പുറത്തുകടക്കാനോ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനോ ആണ് സാധരണ ഗതിയിൽ ശ്രമിക്കുന്നത്. പകൽ കാട്ടിൽ പോകുന്നപോലെ അല്ല രാത്രിയിൽ കാട്ടിൽ അകപ്പെടുന്നത്. എത്ര പേടിയില്ലാത്ത ആളാണെന്ന് പറഞ്ഞാലും ഒരുതരി പേടി ഉള്ളിൽ ഉണ്ടാകും. ആദ്യദിവസം ശരണ്യ ഒരു അരുവിയുടെ അടുത്ത് താമസിച്ച് അതിജീവിക്കാൻ ശ്രമിക്കുകയും കാലുവേദന ആയതിനാൽ അവിടെതന്നെ തുടരുകയും ചെയ്‌തെന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. അതിന്റെ അടുത്ത ദിവസവും ഡ്രോൺ വരുന്നുണ്ടോ എന്ന നോക്കിയിരിക്കുകയും മൂന്നാം ദിവസം മഴ പെയ്ത വസ്ത്രം നനഞ്ഞതിനാൽ വീണ്ടും അവിടെത്തന്നെ തുടരുകയുമായിരുന്നു എന്നാണ് ശരണ്യ പറഞ്ഞത്. ഒരിക്കലും അതിജീവത്തിനുള്ള ഒരു മൈൻഡ് അല്ലായിരുന്നു ശരണ്യയുടേത്. അത് നമ്മൾ കണ്ടെത്തണം. കണ്ടെത്തിയില്ലെങ്കിലും നമുക്ക് കുഴപ്പമില്ല. കാരണം ഒരാൾക്ക് അത് പറയാൻ താൽപര്യമില്ലെങ്കിൽ നമുക്ക് പറയിപ്പിക്കാൻ അവകാശമില്ല. എന്നാൽ ഇത് കണ്ടിരിക്കുന്ന എല്ലാവരും മണ്ടന്മാരാവരുത്' എന്ന് ഷെയ്ഖ് ഹസൻ ഖാൻ പറഞ്ഞു.
ഈ മാസം രണ്ടിന് ഉച്ചയോടെയാണ് ശരണ്യയെ കാണാതായത്. ശരണ്യ തടിയൻറെ മോൾ ട്രക്കിങ് കേന്ദ്രത്തിൽ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ എത്തിയിരുന്നുവെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഓൺലൈൻ വഴി ബുക്ക് ചെയ്താണ് ട്രക്കിങിന് ആളുകൾ എത്താറുള്ളത്. പത്ത് പേരടങ്ങിയ സംഘത്തെയാണ് ട്രക്കിങിന് അയക്കാറുള്ളത്. ഒമ്പതു പേർ കൂടി എത്തിയ ശേഷം 8.15 ന് ട്രക്കിന് കടത്തിവിട്ടു. ബെംഗളൂരു, ഹൈദരാബാദ് സ്വദേശികളായ ഒമ്പത് പുരുഷൻമാരും ശരണ്യയും അടങ്ങിയ പത്തംഗ സംഘമായിരുന്നു പുറപ്പെട്ടത്. തിരിച്ചിറങ്ങിയപ്പോൾ ശരണ്യയെ കൂട്ടത്തിൽ ഇല്ലായിരുന്നെന്നും വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.