'എല്ലാ തെളിവും കൈമാറിയിട്ടും സ്റ്റേഷനിലേക്ക് വിളിപ്പിക്കുന്നു, പ്രതിയുടെ ഫോണ്‍ പോലും പരിശോധിക്കുന്നില്ല'

കണ്ണൂർ: സ്കൂൾ വിദ്യാർഥിനിയെ ലഹരിക്ക് അടിമയാക്കി സഹപാഠി പീഡിപ്പിച്ച സംഭവത്തില്‍ പൊലീസിനെതിരെ ആരോപണവുമായി പെണ്‍കുട്ടിയുടെ കുടുംബം. കേസ് വഴിതിരിച്ചു വിടാൻ പൊലീസ് ശ്രമിക്കുകയാണ്. മകളെ പൊലീസ് സ്റ്റേഷനിലേക്ക് അനാവശ്യമായി വിളിച്ചു വരുത്തി മാനസികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നു. പ്രതിയായ സഹപാഠിയുടെ മൊബൈൽ ഫോൺ പരിശോധിക്കാൻ പൊലീസ് തയ്യാറായില്ലെന്നും പെൺകുട്ടിയുടെ കുടുംബം പറഞ്ഞതായി മീഡിയവൺ റിപ്പോർട്ട് ചെയ്യുന്നു.

"ഇനിയും മൊഴിയെടുക്കാനുള്ള മാനസികാവസ്ഥയില്‍ അല്ല മകള്‍. ഇതിനകം മജിസ്ട്രേറ്റിനു മുന്‍പില്‍ മകള്‍ മൊഴി കൊടുത്തതാണ്. മകളെ വിളിച്ചുകൊണ്ടുവരണം, വീണ്ടും മൊഴിയെടുക്കണം എന്നാണ് പൊലീസ് പറഞ്ഞത്. മകളുടെ ഇപ്പോഴത്തെ മാനസികാവസ്ഥയില്‍ റിസ്കാണത്. നമ്മുടെ കയ്യിലെ എല്ലാ തെളിവുകളും വിഡിയോകളും ഫോട്ടോകളും എല്ലാം കൈമാറിയതാണ്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാമല്ലോ. വലിയൊരു ഡ്രഗ് മാഫിയയാണ് പിന്നില്‍. സുരക്ഷയില്‍ പേടിയുണ്ട്"- പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

സഹപാഠി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് കണ്ണൂരിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വെളിപ്പെടുത്തല്‍. പ്രണയം നടിച്ച് ലഹരി നൽകിയ ശേഷം ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചു. സഹപാഠികൾ അടക്കം 11 പെൺകുട്ടികൾ മയക്കുമരുന്ന് മാഫിയയുടെ വലയിൽ പെട്ടതായും പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.

മാനസിക സമ്മർദം കുറയുമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആദ്യം കഞ്ചാവ് അടക്കമുള്ള ലഹരി മരുന്നുകൾ ഉപയോഗിക്കാൻ പ്രേരിപ്പിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. ശേഷം ലൈംഗിക ചൂഷണവും ക്രൂരമായ ശാരീരിക പീഡനങ്ങളും നടന്നെന്ന് പെൺകുട്ടി വെളിപ്പെടുത്തി. നഗര പരിധിയിലുള്ള കക്കാട് കേന്ദ്രീകരിച്ചാണ് മയക്കുമരുന്നുകളുടെ വിതരണം. പൊലീസിൽ പരാതി നൽകിയ ശേഷം ലഹരി മാഫിയ കുടുംബത്തെ ഭീഷണിപ്പെടുത്തുന്നുവെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ആത്മഹത്യാ പ്രവണത കാട്ടിയ പെൺകുട്ടിയെ വനാട്ടിലെ ഒരു ലഹരിമുക്ത കേന്ദ്രത്തിൽ കൗൺസലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. 

Tags:    
News Summary - family of the girl who was suxually harassed accused against police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.