വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ച് നല്‍കി ലക്ഷങ്ങള്‍ തട്ടിയ സൂത്രധാരൻ നിസാർ സാംജെയെ മലപ്പുറം സൈബർ പൊലീസ് മുംബൈയില്‍ അറസ്റ്റു ചെയ്തപ്പോൾ
മലപ്പുറം: ജില്ലയിലെ പ്രമുഖ മെഡിക്കൽ സ്ഥാപനത്തിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്ത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നിർമിച്ച് നല്‍കി ലക്ഷങ്ങള്‍ തട്ടിയ സൂത്രധാരൻ നിസാർ സാംജെയെ മലപ്പുറം സൈബർ പൊലീസ് മുംബൈയില്‍ അറസ്റ്റു ചെയ്തു. ഗൾഫ് നാടുകളിലേക്ക് പോകുന്നവർക്ക് വിസ നടപടികളുടെ ഭാഗമായുള്ള മെഡിക്കൽ ചെക്കപ്പിന്റെ രേഖകൾ പ്രമുഖ സ്ഥാപനത്തിന്റെ പേരിൽ ഉണ്ടാക്കി നൽകിയ കേസിലെ പ്രധാനിയാണിയാൾ. മെഡിക്കല്‍ സെന്ററിന് അനുവദിച്ച Wafid, Mofa എന്നീ വെബ് സൈറ്റുകളുടെ യൂസർ നെയിം, പാസ്വേർഡ് എന്നിവ ഹാക്ക് ചെയ്ത് മെഡിക്കല്‍ ഫിറ്റ് ആകാത്ത ആളുകള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകാനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാക്കി എന്നാണ് കേസ്. ഇങ്ങനെ ലക്ഷക്കണക്കിന് രൂപയാണ് പ്രതികൾ തട്ടിയെടുത്തതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കേസിൽ 11 പേർ നേരത്തെ അറസ്റ്റിലായിരുന്നു
മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിർദേശ പ്രകാരം മലപ്പുറം ഡി.സി.ആര്‍ ബി ഡിവൈ.എസ്.പി സാജു കെ എബ്രഹാമിന്റെ മേല്‍ നോട്ടത്തില്‍, സൈബർ പോലീസ് ക്രൈം സ്റ്റേഷൻ ഇൻസ്പെക്ടർ ഐ.സി ചിത്തരഞ്ജന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈബര്‍ ടീം അംഗങ്ങളായ എസ്.ഐ അബ്ദുല്‍ ലത്തീഫ്, എ.എസ്. ഐ മാരായ റിയാസ് ബാബു, അനീഷ് കുമാര്‍, സി.പി.ഒ ധനൂപ് എന്നിവര്‍ മുംബൈയിലെ ജെ.ജെ മാര്‍ഗ് എന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.
മെഡിക്കൽ പരിശോധനയ്ക്ക് ഹാജരാകാതെ സ്ഥാപനത്തിന്റെ പേരിൽ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയ അജയ് എന്ന പ്രതിയെയും അയാൾക്ക് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയ ട്രാവൽ ഏജൻറ് ആയ നരേഷ് എന്നയാളെയും രാജസ്ഥാനിൽ നിന്നും സൈബർ ടീം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് പഞ്ചാബിലെ മലർക്കോട്ടയിൽ നിന്നും വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ സഹായിച്ച മറ്റൊരു ട്രാവൽ ഏജന്റിനെയും, ഡൽഹി സ്വദേശികളായ അൽ മൻസൂർ ട്രാവൽ എജന്റ്റ് ആയ ഹാത്തിബ് എന്നയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി വിദേശത്തേക്ക് കടന്ന ഏഴ് പ്രതികളെയും മലപ്പുറം സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് വിദേശത്തുള്ള ബാക്കി പ്രതികള്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവി ച്ചിട്ടുണ്ട്. സൈബര്‍ പോലീസ് അറസ്റ്റ്ചെയ്ത ട്രാവല്‍ എജന്റ്റ്മാരില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാന സൂത്രധാരന്‍ നിസാര്‍ സാന്‍ജെയെ പിന്തുടർന്ന് പിടികൂടിയത് എന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.