നിഖിൽ തോമസ്

വ്യാജ ബിരുദ സർട്ടിഫിക്കറ്റ്: അന്വേഷണം നിഖിലിൽ ഒതുക്കുന്നു

കായംകുളം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ് അന്വേഷണം ഒന്നാം പ്രതി നിഖിൽ തോമസിലേക്ക് മാത്രമായി ചുരുക്കുന്നു. രാഷ്ട്രീയ സമ്മർദം കേസിന്‍റെ മുന്നോട്ടുപോക്കിന് തടസ്സമാകുന്നതായാണ് വിവരം. നിഖിലിന് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയ കേസിലെ രണ്ടാം പ്രതി അബിൻ സി. രാജിനെ ചോദ്യം ചെയ്താൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നിരിക്കെ പൊലീസ് അതിന് തയാറാകുന്നില്ലെന്നാണ് ആക്ഷേപം.

എം.എസ്.എം കോളജ് നൽകിയ പരാതി പ്രകാരമുള്ള പ്രതികളെ പിടിച്ചതിനൊപ്പം രേഖകൾ കണ്ടെടുക്കാൻ കഴിഞ്ഞതുമാണ് നിഖിൽ തോമസിൽ കേന്ദ്രീകരിച്ച് അന്വേഷണം തുടരാൻ പൊലീസിനെ പ്രേരിപ്പിക്കുന്നത്. മറ്റ് പരാതികൾ ഇല്ലാത്തത് വിപുലമായ അന്വേഷണത്തിന് തടസ്സമാണെന്ന വാദവും ഇവർ ഉയർത്തുന്നു. അതിനിടെ അബിൻ സി. രാജിനെ (27) ഹരിപ്പാട് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തുമെന്ന് സി.ഐ വൈ. മുഹമ്മദ് ഷാഫി പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റ് തയാറാക്കിയ എറണാകുളത്തെ ഒറിയോൺ സ്ഥാപന ഉടമ സജുവിനായും അന്വേഷണം ഊർജിതമാണ്. 2020ൽ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ പഠനകാലയളവിലാണ് വഴുതക്കാട്ടുള്ള ഒറിയോൺ സ്ഥാപനവുമായി ബന്ധം സ്ഥാപിക്കുന്നതെന്നാണ് അബിൻ പറഞ്ഞത്. പിന്നീട് ഇവർ കൊച്ചിയിലേക്ക് സ്ഥാപനം മാറ്റിയപ്പോൾ ഇവിടെ നിന്നാണ് നിഖിലിന് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചത്. ഇതിനായി രണ്ട് ലക്ഷം രൂപ മാതാവിന്‍റെ അക്കൗണ്ടിൽ വാങ്ങിയതായും അബിൻ സമ്മതിച്ചു. അബിനെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം നിഖിലിനൊപ്പമിരുത്തി ചോദ്യം ചെയ്യുമെന്നും സി.ഐ പറഞ്ഞു.

Tags:    
News Summary - Fake degree certificate: Probe only to Nikhil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.