വെള്ളക്കെട്ടിൽനിന്ന് ലഭിച്ചത് ഷൂട്ടിങ്ങിനുള്ള നോട്ടുകൾ; ധ്രുവീകരണത്തിനുള്ള ബി.ജെ.പി ശ്രമം പാളി

മഞ്ചേരി: മേലാക്കം-നെല്ലിപ്പറമ്പ് റോഡരികിലെ വെള്ളക്കെട്ടിൽനിന്ന് കടലാസ് നോട്ടുകൾ ലഭിച്ചത് മുതലെടുത്ത് ജില്ലയിൽ വർഗീയ ധ്രുവീകരണത്തിനുള്ള ബി.ജെ.പി ശ്രമം പാളി. 'മലപ്പുറത്തിന്‍റെ മണ്ണിൽനിന്ന് കള്ളനോട്ടുകൾ പിടിച്ചെടുത്തു' എന്ന തരത്തിലായിരുന്നു പ്രചാരണം.

ഒരു ലക്ഷത്തോളം രൂപയുടെ നോട്ടുകൾ ലഭിച്ചെന്നും സമൂഹമാധ്യമങ്ങളിലടക്കം പ്രചാരണം നടത്തി. എന്നാൽ, പൊലീസ് നടത്തിയ പരിശോധനയിൽ ഷൂട്ടിങ് ആവശ്യത്തിന് ഉപയോഗിക്കുന്ന കടലാസ് നോട്ടാണെന്ന് തെളിഞ്ഞതോടെ ബി.ജെ.പിയുടെ 'സുവർണാവസരം' നഷ്ടമായി. ഇതോടെ ജില്ലയിൽ തീവ്രവാദ ബന്ധവും ഭീകരവാദവും ആരോപിച്ച് മുതലെടുക്കാനുള്ള ശ്രമവും പാളി.

ശനിയാഴ്ച രാവിലെ 10ഓടെയാണ് മേലാക്കം-നെല്ലിപ്പറമ്പ് റോഡിന് സമീപത്തെ കവുങ്ങുതോട്ടത്തിലെ വെള്ളക്കെട്ടിൽനിന്ന് 500 രൂപയുടെ നോട്ടുകൾ കണ്ടെത്തിയത്. ഇതുവഴി പോവുകയായിരുന്ന ഒരുസ്ത്രീയാണ് നോട്ടുകൾ വെള്ളത്തിലൂടെ ഒഴുകുന്നത് കണ്ടത്. പ്രദേശവാസികൾ പരിശോധന നടത്തിയതോടെ പ്ലാസ്റ്റിക് കവറിൽ കെട്ടിയ കൂടുതൽ നോട്ടുകെട്ടുകൾ ലഭിച്ചു. ഏതാനും ചില നോട്ടുകൾ കത്തിച്ച നിലയിലുമായിരുന്നു.

ഇതോടെ കള്ളനോട്ടാണെന്ന് സംശയിച്ച് നാട്ടുകാർ പൊലീസിനെ അറിയിച്ചു. ബി.ജെ.പി നേതാക്കളും സ്ഥലത്തെത്തി. നനഞ്ഞുകുതിർന്നതിനാൽ നോട്ടുകൾ വ്യാജമാണോ എന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇതിനി​െടയാണ് കള്ളനോട്ടുകൾ ലഭിച്ചെന്ന് ബി.ജെ.പി പ്രവർത്തകർ പ്രചാരണം നടത്തിയത്.

വ്യാജനോട്ടുകൾ കത്തിച്ച് ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത് ഗൗരവമായി കാണണമെന്നും തീവ്രവാദസ്വഭാവമുണ്ടോ എന്ന് പരിശോധിക്കണമെന്നും ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ പ്രസ്താവനയും ഇതിനകം വാർത്തയായി. 'ജന്മഭൂമി'യുടെ ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാർത്തക്ക് താഴെ ജില്ലയെ അധിക്ഷേപിച്ച് സംഘ്പരിവാർ പ്രവർത്തകരും രംഗത്തെത്തി. എന്നാൽ, ഇതിന് അൽപായുസ്സേ ഉണ്ടായിരുന്നുള്ളൂ.

പൊലീസ് നോട്ടുകൾ ഉണക്കി പരിശോധിച്ചതോടെ സിനിമ ഷൂട്ടിങ് ആവശ്യത്തിന് ഉപയോഗിക്കുന്ന കടലാസുകള്‍ മാത്രമാണിതെന്ന് വ്യക്തമായി. 500 രൂപ എന്ന് രേഖപ്പെടുത്തിയതിന് താഴെ സീറോ വാല്യു കറന്‍സി എന്നും റിസര്‍വ്​ ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് താഴെ ഷൂട്ടിങ് ആവശ്യത്തിന് എന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കുട്ടികൾക്ക് കളിക്കാനായി ഇത്തരത്തിലെ കടലാസ് നോട്ടുകൾ വിപണിയിൽ സജീവമാണ്.

Tags:    
News Summary - fake currency in Manjeri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.