`വിദേശത്തുള്ള സുഹൃത്ത് ചതിച്ചു, രണ്ട് ലക്ഷം രൂപ നൽകി, സർട്ടിഫിക്കറ്റ് ഒറിജിനലെന്ന് പറഞ്ഞു'- നിഖിൽ തോമസിന്റെ മൊഴി

വിദേശത്തുള്ള സുഹൃത്ത് ചതിക്കു​കയായിരുന്നുവെന്ന് വ്യാജസർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ മുൻ എസ്.എഫ്.​​ഐ നേതാവ് നിഖിൽ തോമസ്. പ്രാഥമിക ചോദ്യംചെയ്യലിലാണ് നിഖിലി​െൻറ വെളിപ്പെടുത്തൽ.സുഹൃത്ത് പറഞ്ഞതുനസരിച്ചാണ് രണ്ട് ലക്ഷം രൂപ നല്‍കി വ്യാജ സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്നും നിഖിൽ പറ‍ഞ്ഞു.

കലിംഗ യൂണിവേഴ്‌സിറ്റിയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്ന് സുഹൃത്ത് തന്നോട് വ്യക്തമാക്കിയതായി നിഖിൽ തോമസ് പറഞ്ഞു. ഈ സര്‍ട്ടിഫിക്കറ്റ് കേരള സര്‍വകലാശാലയില്‍ സമര്‍പ്പിച്ചാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് ഇയാള്‍ ധരിപ്പിച്ചു. അതിനാലാണ് എം.കോം പ്രവേശനത്തിന് ഇതേ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചതെന്നും നിഖിൽ വ്യക്തമാക്കി. മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളുടെ വിദേശത്തുള്ള സുഹൃത്തിനേയും പ്രതി ചേര്‍ത്തേക്കുമെന്ന് വിവരമുണ്ട്.

ശനിയാഴ്‌ച പുലർച്ചെ 12.30-ന്‌ കോട്ടയം കെ.എസ്‌.ആർ.ടി.സി. ബസ്‌ സ്‌റ്റാൻഡിൽ വെച്ചാണ്‌ നിഖിൽ തോമസിനെ കായംകുളം സി.ഐ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ പിടികൂടുന്നത്. അഞ്ച് ദിവസമായി നിഖിൽ ഒളിവിലായിരുന്നു. ഇയാൾക്ക് ആവശ്യമായ സഹായം നൽകിയത് ആരാണെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. കോഴിക്കോടാണ് ഒളിവിൽ കഴിഞ്ഞതെന്നാണിപ്പോൾ പറയുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിശദമായ ചോദ്യംചെയ്യലിലേക്ക് ഉദ്യോഗസ്ഥര്‍ കടക്കാനാണ് അന്വേഷണ സംഘത്തി​​െൻറ തീരുമാനം.

കായംകുളം എം.എസ്.എം കോളജില്‍ ബിരുദ വിദ്യാര്‍ഥിയായിരുന്നു നിഖില്‍ തോമസ്. പരീക്ഷ പാസാകാതെ കലിംഗ സര്‍വകലാശാലയുടെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ഇതേ കോളജില്‍ എംകോമിന് ചേര്‍ന്നതാണ് വിവാദത്തിന് തുടക്കമിട്ടത്. പിന്നാലെ എം.എസ്.എം കോളജ് നല്‍കിയ പരാതിയിലാണ് കായംകുളം പൊലീസ് നിഖില്‍ തോമസിനെതിരെ കേസെടുത്തത്. കലിംഗ സര്‍വകലാശാലയുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ്, നിഖിലിന്റെ എംകോം പ്രവേശനം തുടങ്ങിയവയില്‍ സമഗ്ര അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. വ്യാജ രേഖ ചമയ്ക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നിഖില്‍ തോമസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

Tags:    
News Summary - Fake certificate case: Nikhil Thomas's statement is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.