കൊച്ചി: പൊതുവിടങ്ങളിലും പാതയോരങ്ങളിലും നിന്ന് അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതിൽ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ വീഴ്ച വരുത്തുന്നതായി ഹൈകോടതി. സംസ്ഥാനത്ത് വ്യാപകമായി സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നില്ലെന്ന് അമിക്കസ് ക്യൂറി അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ പരാമർശമുണ്ടായത്. അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്തതിന്റെ ഉത്തരവാദിത്വം തദ്ദേശ സെക്രട്ടറിമാർക്കായിരിക്കും. ഇക്കാര്യത്തിൽ ഇനിയും കോടതിയുടെ ക്ഷമ പരീക്ഷിക്കരുതെന്ന് മുന്നറിയിപ്പ് നൽകിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇതുവരെ സ്വീകരിച്ച നടപടികളുടെ സമഗ്ര റിപ്പോർട്ട് നൽകാനും നിർദേശിച്ചു.
അനധികൃത ബോർഡുകൾ അടക്കമുള്ളവയെക്കുറിച്ച് പരാതി ഉന്നയിക്കാനായി കൊണ്ടുവന്ന കെ സ്മാർട്ട് ആപ്പിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെങ്കിൽ വാട്സാപ്പ് നമ്പർ ലഭ്യമാക്കണമെന്നും കോടതി നിർദേശിച്ചു.അതേ സമയം, തദ്ദേശ സെക്രട്ടറിമാർ ആവശ്യപ്പെട്ടാൽ പൊലീസ് സഹായം ലഭ്യമാക്കാൻ ഉത്തരവിറക്കിയതായി സർക്കാർ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് അനധികൃത ബോർഡുകൾ നിയന്ത്രിക്കാൻ കഴിഞ്ഞെങ്കിലും പിന്നീട് കാര്യങ്ങൾ മാറിമറിഞ്ഞെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. കെ സ്മാർട്ട് ആപ്പിൽ പരാതി ഉന്നയിച്ചാലും നടപടി സ്വീകരിക്കാതെ അവസാനിപ്പിക്കുകയാണ്. നടപടി സ്വീകരിക്കുന്ന സെക്രട്ടറിമാരെ സ്ഥലംമാറ്റുന്ന രീതിയുണ്ടെന്നും അമിക്കസ് ക്യൂറി വിശദീകരിച്ചു. രാഷ്ട്രീയപാർട്ടികളും മതങ്ങളും സിനിമക്കാരുമാണ് അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നതിൽ മുൻപന്തിയിലുള്ളതെന്ന് കോടതി ചൂണ്ടിക്കാട്ടി.
രക്തം ദാനം ചെയ്യുന്നവർ പോലും ബോർഡ് വെക്കുന്ന സ്ഥിതിയാണ്. ജനങ്ങൾ ഇത്തരം ബോർഡുകൾ ഇഷ്ടപ്പെടുന്നില്ലെന്ന് മനസിലാക്കണമെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.